16 January Saturday

പാചകവാതക വില നിർണയവും സബ്‌സിഡി നിരക്കും ദുരൂഹം; എണ്ണക്കമ്പനികളുടെ സ്വകാര്യവൽക്കരണനീക്കം ശക്തം

സന്തോഷ്‌ ബാബുUpdated: Friday Dec 4, 2020


കൊച്ചി
പാചകവാതക വിലവർധനയിൽ പരക്കെ പ്രതിഷേധം ഉയരുമ്പോഴും വിലയും സബ്‌സിഡി നിരക്കും നിർണയിക്കുന്നതിലെ മാനദണ്ഡം ദുരൂഹമായി തുടരുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന്‌ സബ്‌സിഡി ഉള്ളതിനും ഇല്ലാത്തതിനും 50 രൂപയാണ് വർധിപ്പിച്ചത്‌. ആഗോള വിപണിയിൽ വില കുറയുമ്പോഴും സബ്‌സിഡി ഇല്ലാത്ത സിലിൻഡറിനുമാത്രം കുറയ്‌ക്കുകയും വില കൂടുമ്പോൾ രണ്ടുവിഭാഗത്തിനും കൂട്ടുകയുമാണ്‌ ചെയ്യുന്നത്‌.

പാചകവാതകം സാധാരണക്കാരന് താങ്ങാവുന്നതാക്കുന്നതിനാണ് സബ്സിഡി ഏർപ്പെടുത്തിയത്. 14.2 കിലോയുടെ 12 സിലിൻഡറാണ് സബ്സിഡിയോടെ ഒരുവർഷം  ഉപയോക്താവിന് ലഭിക്കുക. സബ്സിഡി ഇല്ലാത്ത പാചകവാതക വില നിശ്ചയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുപോലും സർക്കാരോ എണ്ണക്കമ്പനികളോ വ്യക്തമായ ഉത്തരം നൽകുന്നില്ല. സബ്സിഡി ഇല്ലാത്ത സിലിൻഡറിന്റെ അടിസ്ഥാനവിലയും വ്യക്തമാക്കുന്നില്ല. ബിഹാർ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പുറകെയാണ് കേന്ദ്രസർക്കാർ  പാചകവാതക വില വർധിപ്പിച്ചത്.

സബ്‌സിഡി ഇല്ലാതാക്കുന്നത്‌ എണ്ണക്കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനു വേണ്ടിയാണെന്നും സംശയമുണ്ട്‌. സ്വകാര്യകമ്പനികൾ സബ്സിഡി ഭാരം ഏറ്റെടുക്കില്ല എന്നതാണ് കാരണം. എണ്ണക്കമ്പനികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഒന്നാംഘട്ടമായി ബിപിസിഎലിനെ വിൽപ്പനയ്‌ക്ക് വച്ചിരിക്കുകയാണ്. ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാൽ എൽപിജി സബ്സിഡിക്ക്‌ എന്ത് സംഭവിക്കുമെന്ന്‌ ഇനിയും സർക്കാർ പറഞ്ഞിട്ടില്ല.

ബിപിസിഎലിന്റെ പാചകവാതക സബ്സിഡി ഉപയോക്താക്കളെ തൽക്കാലം ഐഒസിക്കും എച്ച്പിസിഎലിനും വീതംവച്ച് നൽകാനാണ് നീക്കം നടക്കുന്നത്. വിൽപ്പനയ്ക്ക് മുമ്പുതന്നെ പാചകവാതകം സബ്സിഡി ഇല്ലാത്ത ഉൽപ്പന്നമാക്കി മാറ്റി പ്രശ്നത്തിൽനിന്ന് ഒഴിയാനുള്ള നീക്കമാണ് സർക്കാർ  നടത്തുന്നത്‌. സബ്സിഡി ഒഴിവാക്കിയാൽ അടുത്ത സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപ ലാഭിക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top