20 July Saturday

ഭാഗ്യക്കുറി നികുതി ഏകീകരണം ഉപേക്ഷിക്കണം

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

തിരുവനന്തപുരം    
സംസ്ഥാനം നേരിട്ട‌് നടത്തുന്ന ഭാഗ്യക്കുറികളുടെയും ഇടനിലക്കാർവഴി നടത്തുന്ന ഭാഗ്യക്കുറികളുടെയും ജിഎസ‌്ടി നിരക്ക‌് ഏകീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന‌് നിയമസഭ ആവശ്യപ്പെട്ടു. ഇടനിലക്കാർവഴി നിയമവിരുദ്ധമായി നടത്തുന്ന ഭാഗ്യക്കുറികൾക്ക്  ഗുണകരമാകുന്ന ജിഎസ്ടി നിരക്ക് ഏകീകരണം, ഉപകരാറുകൾ നൽകാനുള്ള നീക്കം, സമ്മാനത്തുക കുറച്ചുള്ള വിലയിൽമാത്രം നികുതി ഈടാക്കാനുള്ള നീക്കം എന്നിവ ഉപേക്ഷിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് അവതരിപ്പിച്ച പ്രമേയം സഭ ഏകകണ‌്ഠമായി അംഗീകരിച്ചു.

ഇടനിലക്കാർവഴി നടത്തുന്ന ഭാഗ്യക്കുറിയുടെ നികുതി കുറച്ചാൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി നഷ്ടമാകും. വൻകിട ഭാഗ്യക്കുറി നടത്തിപ്പുകാർക്ക‌് മാത്രമാണ‌് ഇതിന്റെ മെച്ചം. ഇതര സംസ്ഥാന ഭാഗ്യക്കുറികളുടെ നിയമലംഘനവും കൊള്ളയും സി എജിയും സിബിഐയുമെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട‌്.

ഭാഗ്യക്കുറികൾ നടത്തുന്ന ഇതര സംസ്ഥാന സർക്കാരുകളുമായി നേരിട്ട് കരാറിൽ ഏർപ്പെടുന്ന ഏജന്റിനുമാത്രമേ മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രേഷന് അർഹതയുണ്ടാകൂവെന്ന് 28–ാമത് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതാണ‌്. എന്നാലിപ്പോൾ, ഉപകരാറുകാരന് രജിസ്ട്രേഷൻ നൽകുന്നതിനുള്ള നീക്കം സജീവമാണ‌്. ഭാഗ്യക്കുറി നിയന്ത്രണ നിയമവും ചട്ടങ്ങളും ലംഘിച്ചാണ‌് അന്യസംസ്ഥാന ഭാഗ്യക്കുറികൾ നടന്നത‌്. കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന ഭാഗ്യക്കുറി വിൽപ്പനക്കാരും ഏജന്റുമാരും പൊതുജനങ്ങളും ഈ വിഷയത്തിൽ  ഉൽക്കണ്ഠാകുലരാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
 


പ്രധാന വാർത്തകൾ
 Top