22 October Tuesday

ലോട്ടറി ജിഎസ‌്ടി ഏകീകരിക്കരുത‌്: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

തിരുവനന്തപുരം> കേരളവിപണിയിലേക്ക‌് കടന്നുവരാനുള്ള ഇതരസംസ്ഥാന ലോട്ടറി മാഫിയ നീക്കത്തെ ചെറുക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അഭ്യർഥിച്ചു. നികുതി ഏകീകരിക്കാനുള്ള ജിഎസ‌്ടി കൗൺസിൽ നീക്കം ലോട്ടറി മാഫിയയെ സഹായിക്കാനാണ‌്. നിലവിലുള്ള വ്യത്യസ‌്ത നികുതി നിരക്ക‌് തന്നെ തുടരണമെന്ന‌് ജിഎസ‌്ടി കൗൺസിലിനോട‌് ആവശ്യപ്പെടാൻ എല്ലാ രാഷ്ട്രീയകക്ഷികളും തയ്യാറാകണം.

നിയമവ്യവസ്ഥയെ വെല്ലുവിളിച്ചും ജനങ്ങളെ കബളിപ്പിച്ചും അനാരോഗ്യ പ്രവണതകൾ പ്രോത്സാഹിപ്പിച്ചും ഇടനിലക്കാർ മുഖേന നടത്തുന്ന ഇതരസംസ്ഥാന ഭാഗ്യക്കുറികളെ സംസ്ഥാന സർക്കാർ എതിർത്തിട്ടുണ്ട‌്. നേരത്തെ കേരളത്തിൽ നിലവിലുണ്ടായിരുന്ന നിയമം അന്യസംസ്ഥാന ലോട്ടറികളെ  ഒരു പരിധിവരെ ചെറുക്കുന്നതിനുള്ള ഉപാധിയായിരുന്നു.

ജിഎസ്‌ടി വന്നതോടെ ഈ നിയമം അസാധുവായി. അന്യസംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കാനുള്ള വ്യവസ്ഥകൾ ജിഎസ‌്ടി നിയമത്തിൽ ഉൾപ്പെടുത്താനും സംസ്ഥാന സർക്കാർ പരിശ്രമിച്ചു. ഇതിന്റെ ഫലമായാണ്‌ സംസ്ഥാനം നേരിട്ട്‌ നടത്തുന്ന ഭാഗ്യക്കുറികൾക്ക്‌ 12 ശതമാനം നിരക്കിലും സംസ്ഥാനങ്ങൾ ഇടനിലക്കാർ മുഖാന്തരം നടത്തുന്നവയ‌്ക്ക്‌ 28 ശതമാനം നിരക്കിലും നികുതി ഈടാക്കാനുള്ള തീരുമാനം ജിഎസ്‌ടി കൗൺസിൽ കൈക്കൊണ്ടത്‌. കേരളം സ്വന്തമായി ഭാഗ്യക്കുറി നടത്തുന്നതിനാൽ മറ്റു സംസ്ഥാന ഭാഗ്യക്കുറികളെ നിരോധിക്കാനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്ന‌് സുപ്രീംകോടതി വ്യക്തമാക്കിയതും തിരിച്ചടിയായി.

ഇപ്പോൾ വീണ്ടും നികുതി ഏകീകരിച്ച്‌  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക്‌ കടന്നുവരാൻ വൻകിട ലോട്ടറി മാഫിയകൾ  കഠിന പരിശ്രമത്തിലാണ്‌. ഇതിനായി ജിഎസ്ടി കൗൺസിലിൽ നടത്തിയ ശ്രമങ്ങളെ ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടെ  സഹകരണത്തോടെ താൽക്കാലികമായി തടയാൻ കേരളത്തിന്‌ കഴിഞ്ഞു.  ഇപ്പോൾ ബിജെപി മുൻകൈയെടുത്ത‌് വീണ്ടും നികുതി ഏകീകരണ നീക്കം സജീവമാക്കിയിരിക്കുകയാണെന്നും ഇതിനെ ചെറുത്തുതോൽപ്പിക്കണമെന്നും സെക്രട്ടറിയറ്റ‌് അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top