24 November Tuesday

സവാളലോറി കാണാനില്ലെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


കൊച്ചി
മഹാരാഷ്ട്രയിൽനിന്ന്‌ 22 ലക്ഷം രൂപയുടെ സവാള ലോഡുമായി പുറപ്പെട്ട ലോറി കാണാനില്ലെന്ന പരാതിയുമായി എറണാകുളം മാർക്കറ്റിലെ വ്യാപാരി. ലോഡ് മറിച്ചുവിൽപ്പന നടത്തി ഫോണെടുക്കാതെ ഡ്രൈവർ മുങ്ങിയതാണെന്ന സംശയവുമായി എറണാകുളം മാർക്കറ്റിലെ എഎച്ച്‌എസ് വെജിറ്റബിൾസ് ഉടമ അലി മുഹമ്മദ് സിയാദാണ് സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.

ഞായറാഴ്ച അഹമ്മദ് നഗർ ജില്ലയിലെ മഹാരാഷ്ട്ര കൃഷി ഉൽപ്പന്ന സമിതിയുടെ മൊത്തവിതരണ ചന്തയിൽനിന്ന്‌ കയറ്റിവിട്ട 25 ടൺ സവാളലോറിയാണ് ഇനിയും കൊച്ചിയിൽ എത്താത്തത്. ബുധനാഴ്‌ച എത്തേണ്ട ലോറിയാണ്‌. വ്യാഴാഴ്ചയും എത്താതെ വന്നതോടെ പരാതി നൽകുകയായിരുന്നു. കെഎൽ 02 എഎസ് 6300 രജിസ്ട്രേഷൻ നമ്പറിലുള്ള ലോറിയുടെ ഡ്രൈവറെ നിരന്തരമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബെല്ലടിക്കുന്നതല്ലാതെ ഫോൺ എടുക്കുന്നില്ലെന്ന് പരാതിക്കാരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഹമ്മദ് നഗറിലെ ട്രാൻസ്പോർട്ട് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ലോഡ് കയറ്റിവിട്ടിട്ടുണ്ടെന്നാണ് മറുപടി. അവരുടെ ഓഫീസിനുമുന്നിൽ ലോഡിനുവേണ്ടി കാത്തുനിൽക്കുന്ന ലോറിയുടെയും ഡ്രൈവറുടെയും സിസിടിവി ദൃശ്യങ്ങൾ അയച്ചുതരികയും ചെയ്തു. ലോറി ഉടമ കളമശേരി സ്വദേശിയെ ബന്ധപ്പെട്ടപ്പോൾ സവാള ലോഡ് എടുക്കാനല്ല തന്റെ ലോറി പോയിരിക്കുന്നതെന്ന മറുപടിയാണ് ലഭിച്ചത്‌. ഡ്രൈവർ ആലുവ സ്വദേശിയാണെന്നും സിയാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top