18 June Tuesday
വടകര

അങ്കത്തട്ടിലെ ചുരികപ്പയറ്റുകൾ

പി വി ജീജോUpdated: Monday Feb 18, 2019

വര: വിനോദ്‌

വടകര > അങ്കത്തട്ട‌് വടകരയിലെങ്കിലും കേവലമൊരു പ്രയോഗമല്ല. അക്ഷരാർത്ഥത്തിൽ തന്നെ ചുരികത്തലപ്പുകൊണ്ട‌് കണക്കു പറഞ്ഞ ചേകവന്മാരുടെ നാട‌്.   നാടിന്റെ സ്വതന്ത്ര്യത്തിനു വേണ്ടി പൊരുതിമരിച്ച കുഞ്ഞാലിമരക്കാരുടേയും പഴശ്ശിരാജയുടേയും മണ്ണ‌്. തടവറയിൽ ജീവരക്തത്താൽ  അരിവാൾ ചുറ്റിക വരച്ച മണ്ടോടികണ്ണന്റെ സമരധീരത തുടിക്കുന്ന ഒഞ്ചിയവും കൂത്തുപറമ്പ‌് രക്തസാക്ഷിത്വവുമെല്ലാമായി കേരളത്തിന്റെ സമരഹൃദയഭൂമിയെന്ന‌് വടകരയെ വിളിക്കാം. ഒതേനനും ചന്തുവും ഉണ്ണിയാർച്ചയും പടനയിച്ച വടക്കൻ വീരഗാഥയുടെ കടത്തനാട‌്. 

കോരപ്പുഴയോരത്ത‌് നിന്ന‌് തുടങ്ങി മയ്യഴിയും കടന്ന‌് വടക്ക‌് കൂത്തുപറ‌മ്പ‌്‌വരെ  കോഴിക്കോട‌്, കണ്ണൂർ ജില്ലകളിലായി പടർന്നുകിടക്കുന്നു വടകര ലോക‌്സഭാമണ്ഡലം. റിങ്ങുകളിൽ വിസ‌്മയംപടർത്തിയ സർക്കസിന്റെ  കളിവീടായ തലശേരി ഉൾക്കൊള്ളുന്ന മണ്ഡലം. രാഷ‌്ട്രീയ സർക്കസുകൾക്കെതിരെ ഈ ജനത കാട്ടിയ ജാഗ്രത എന്നും  ചർച്ചയായി. കോൺഗ്രസും മുസ്ലിംലീഗും ബിജെപിയും ചേർന്നുള്ള കോലീബി സഖ്യത്തിന്റെ പറവി വടകരയിലായിരുന്നു. 1991 ലെ തെരഞ്ഞെടുപ്പിൽ രൂപംകൊണ്ട ഈ അവിശുദ്ധസഖ്യത്തെ കെട്ടുകെട്ടിച്ച‌് മതനരിപേക്ഷ രാഷ‌്ട്രീയത്തോടുള്ള പ്രതിബദ്ധതപ്രകടമാക്കിയിട്ടുണ്ട‌് വടകരക്കാർ. വീണ്ടും നാടിന്റെ മതനിരപേക്ഷത വെല്ലുവിളി നേരിടുന്ന വേളയിൽ പ്രബുദ്ധതയുടെ വിധിയെഴുത്തിനുള്ള പോർമുഖമാണ‌് ഇവിടെ തുറക്കപ്പെടുന്നത‌്.


കേരളത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന‌് ലോക‌്സഭയിലേക്ക‌് കടന്നുകൂടിയ ആളാണ‌് മുല്ലപ്പള്ളി രാമചന്ദ്രൻ–- 3,306. കേന്ദ്രമന്ത്രിയായിരുന്നിട്ടും മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ല. 2009ൽ മുല്ലപ്പള്ളിയുടെ വിജയം 56,186 വോട്ടിനായിരുന്നു. കേന്ദ്രസഹമന്ത്രിയായി രണ്ടാമതും മത്സരിച്ചപ്പോഴാണ‌് വോട്ടും ഭൂരിപക്ഷവും ഇടിഞ്ഞത‌്. അന്ന‌് യുഡിഎഫിനും വോട്ടർമാർ നൽകിയ കൃത്യമായ സൂചനയായിരുന്നു അത‌്. പക്ഷെ, പിന്നീടും ഫലമൊന്നുമുണ്ടായില്ല. അതുകൊണ്ടു തന്നെ 2014 നു ശേഷം നടന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വടകരയിൽ യുഡിഎഫിനെ ജനങ്ങൾ കൈവിട്ടു.  പഴയ പ്രതാപത്തിലേക്ക‌് നാട‌് തിരിച്ചുവരുന്നുവെന്ന സൂചനയാണിത‌്. 

കേരളപ്പിറവിക്ക‌് പിന്നാലെയാണ‌് വടകര ലോക‌്സഭാ മണ്ഡലത്തിന്റെ ഉദയം. 57ൽ സോഷ്യലിസ‌്റ്റ‌് നേതാവ‌് കെ ബി മേനോനായിരുന്നു ആദ്യ എംപി. എന്നാൽ 34 വർഷത്തിന‌് ശേഷം 1991 -ൽ നടന്ന തെരഞ്ഞെടുപ്പാണ‌് വടകരയെ രാഷ‌്ട്രീയ ശ്രദ്ധാകേന്ദ്രമാക്കിയത‌്. കുപ്രസിദ്ധമായ കോ–-ലീ– ബി സഖ്യ(കോൺഗ്രസ‌് –-മുസ്ലിംലീഗ‌്–-ബിജെപി ) ത്തിന്റെ അരങ്ങേറ്റമായിരുന്നു അന്ന‌്. ഇടതുപക്ഷത്തിനെതിരെ സകല ജാതി–-മത വർഗീയ ശക്തികളുംചേർന്ന‌് നടത്തിയ പരീക്ഷണത്തെ വടകരക്കാർ പൊളിച്ചടുക്കി. ഇടതുപക്ഷത്തിനെതിരെ പൊതു സ്ഥാനാർഥിയുമായി രംഗത്തെത്തിയ കോലീബി സഖ്യത്തെ അടിയറവ‌് പറയിച്ച‌് കെ പി ഉണ്ണികൃഷ‌്ണൻ ലോക‌്സഭയിലെത്തി. പിന്നീട‌് കേന്ദ്രമന്ത്രിയുമായി. അഡ്വ. എം രത്നസിങ്ങായിരുന്നു കോലീബി സ്ഥാനാർഥി.

ഇരുപക്ഷത്ത‌് നിന്ന‌ും വിജയിച്ചിട്ടുള്ള ഏക എംപി കെ പി ഉണ്ണികൃഷ‌്ണനാണ‌്. 1971 ലും1977ലും കോൺഗ്രസ‌് സ്ഥാനാർഥിയായിരുന്ന ഉണ്ണികൃഷ‌്ണൻ 1980 മുതൽ നാലു തവണ എൽഡിഎഫ‌് സാരഥിയായി. 62ൽ കോൺഗ്രസിലെ എ വി രാഘവനും 67ൽ എസ‌്എസ‌്പിയിലെ അരങ്ങിൽ ശ്രീധരനും 96ൽ എൽഡിഎഫ‌്  സ്ഥാനാർഥി ഒ ഭരതനും തെരഞ്ഞെടുക്കപ്പെട്ടു.15 എംപിമാരിൽ രണ്ട‌് വനിതകളായിരുന്നുവെന്നതും വടകരയുടെ സവിശേഷതയാണ‌്. 1998ലും 99ലും എൽഡിഎഫിലെ പ്രൊഫ. എ കെ പ്രേമജവും 2004 ൽ അഡ്വ. പി സതീദേവിയും പാർലമെന്റിലെത്തി. നിലവിൽ ആറ‌ിൽ അഞ്ചു നഗരസഭയും 48 ൽ 32- ഗ്രാമപ്പഞ്ചായത്തുകളും  ഭരിക്കുന്നത‌് എൽഡിഎഫ‌് ആണ‌്.


പ്രധാന വാർത്തകൾ
 Top