29 July Thursday

മണ്ഡലങ്ങള്‍ തോറും റോഡ്ഷോ: കൊട്ടിക്കലാശം പാലാരിവട്ടത്ത്

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019

കൊച്ചി> ലോക‌്സഭാ തെരഞ്ഞെടുപ്പ‌ുപ്രചാരണം കലാശക്കൊട്ടിലേക്ക‌് നീങ്ങുമ്പോൾ ജില്ലയിൽ ഇടതുതരംഗം. എറണാകുളം പി രാജീവ‌് പിടിച്ചെടുക്കും. ഇന്നസെന്റ‌് മുൻവർഷത്തേതിൽനിന്ന‌് നില മെച്ചപ്പെടുത്തും. ഭൂരിപക്ഷം വർധിക്കുന്നതിനൊപ്പം ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലെങ്കിലും മുന്നിൽവരും. ജോയ‌്സ‌് ജോർജും സീറ്റ‌് നിലനിർത്തുന്നതിനൊപ്പം ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും  മുന്നിൽവരും. പിറവത്തും എൽഡിഎഫ‌് വ്യക്തമായ മേൽക്കൈ നേടുമെന്നും അവസാനവട്ട കണക്കെടുപ്പുകൾ സൂചിപ്പിക്കുന്നു. 2006 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് നേടിയ വിജയത്തേക്കാൾ തിളക്കമുള്ളതായിരിക്കും ഇക്കുറിയെന്ന‌് ഇടതുമുന്നണി നേതാക്കൾ പറഞ്ഞു. അന്ന‌് 13 മണ്ഡലങ്ങളിൽ ഒമ്പതും എൽഡിഎഫിനായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കൂടുതൽ ജനവിഭാഗങ്ങളും പ്രസ്ഥാനങ്ങളും എൽഡിഎഫിന‌് പിന്തുണ പ്രഖ്യാപിച്ചു. ആം ആദ‌്മി പാർടി, വിശ്വകർമ മഹാസഭ, ഡോ. ബി ആർ അംബേദ‌്കർ  ട്രസ‌്റ്റ‌്, ഇബ്രാഹിം സുലൈമാൻ സേട്ട‌് കൾച്ചറൽ ഫോറം തുടങ്ങിയ സംഘടനകളാണ‌് ശനിയാഴ‌്ച പിന്തുണ പ്രഖ്യാപിച്ചത‌്. ഇത‌് ഇടതുമുന്നണിയുടെ വിജയത്തിന‌് തിളക്കം കൂട്ടും.


 എറണാകുളത്ത‌് ആദ്യംമുതൽതന്നെ ഇടതുമുന്നണി നേടിയ പ്രചാരണ മുൻതൂക്കം അവസാനഘട്ടത്തിലും നിലനിർത്താൻ കഴിഞ്ഞു. താഴെത്തട്ടിലുള്ള സംഘടനാപ്രവർത്തനത്തിലും ഇടതുമുന്നണിക്കാണ‌് മുൻതൂക്കം. പി രാജീവിന്റെ ഇടപെടലുകളും വികസന–-കാരുണ്യ പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. രാജീവിന‌് കിട്ടിയ സാർവത്രികമായ പിന്തുണയും എൽഡിഎഫിന‌് മുതൽക്കൂട്ടായി.  സോഷ്യൽ മീഡിയയിലെ പ്രചാരണമികവും മുന്നണിയുടെ നിലപാടുകളും പുതിയ വോട്ടർമാരിൽ ഇടതുപക്ഷത്തിന‌് അനുകൂലമായ ചലനമുണ്ടാക്കി. മികച്ച സ്ഥാനാർഥി പി രാജീവ‌് തന്നെയെന്ന‌് സ്ഥാപിക്കാനും ഇടതുമുന്നണിക്ക‌് കഴിഞ്ഞു. ഇതെല്ലാം വോട്ടായി മാറുമെന്ന‌് മുന്നണിനേതൃത്വം കരുതുന്നു. ഇതിനുപുറമെയാണ‌് ആം ആദ‌്മി പാർടിയുടെ പിന്തുണ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഎപിക്ക‌് മണ്ഡലത്തിൽ അരലക്ഷത്തോളം വോട്ടുകൾ ലഭിച്ചിരുന്നു. ഇതും എൽഡിഎഫ‌് വിജയത്തിന‌് ഘടകമാകും.

ചാലക്കുടിയിൽ ഇന്നസെന്റ‌് വിജയം കൂടുതൽ ഭൂരിപക്ഷത്തോടെ ആവർത്തിക്കുമെന്ന‌് അവസാനഘട്ട ചിത്രങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ സാർവത്രികമായ അംഗീകാരം ഇന്നസെന്റ‌ിന‌് നേടിക്കൊടുത്തിരുന്നു. പ്രചാരണങ്ങളിലും ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളിലും എൽഡിഎഫ‌് തന്നെയാണ‌് മുന്നിൽ. ആം ആദ‌്മി പാർടിയുടെ പിന്തുണ, കിഴക്കമ്പലം ട്വന്റി–-20യുടെ പിന്തുണ എന്നിവ എൽഡിഎഫിന‌് ഇവിടെ ബോണസാകും. ട്വന്റി–-20ക്ക‌് 20,000 വോട്ടുകളുണ്ട‌്. എഎപി കഴിഞ്ഞതവണ മുപ്പതിനായിരത്തിലേറെ വോട്ട‌് നേടിയിരുന്നു. യാക്കോബായ സഭയും എൽഡിഎഫിന‌് അനുകൂലനിലപാട‌് സ്വീകരിച്ചിട്ടുണ്ട‌്. ഒന്നരലക്ഷത്തിലേറെ വിശ്വാസികളാണ‌് ഈ മണ്ഡലത്തിൽമാത്രമുള്ളത‌്. അതും എൽഡിഎഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കും. ഇടുക്കിയിൽ കഴിഞ്ഞതവണ ജോയ‌്സ‌് ജോർജ‌് ഹൈറേഞ്ചിലെ ഭൂരിപക്ഷംകൊണ്ടാണ‌് വിജയിച്ചത‌്.

എന്നാൽ, ഇക്കുറി ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും എൽഡിഎഫ‌് മികച്ച ഭൂരിപക്ഷം നേടുമെന്ന‌് കണക്കുകൾ പറയുന്നു. എംപി എന്ന നിലയിൽ ജോയ‌്സ‌് ജോർജിന്റെ വികസനങ്ങളും ഇടപെടലുകളും ഇടതുപക്ഷ അനുഭാവികളല്ലാത്തവരിൽപ്പോലും നല്ലമതിപ്പ‌് ഉണ്ടാക്കിയിട്ടുണ്ട‌്. ഇതിനുപുറമെ ഇരുമണ്ഡലങ്ങളിലെയും എംഎൽഎമാരുടെ പ്രവർത്തനങ്ങളും ഇടതുമുന്നണിയുടെ ഭൂരിപക്ഷം കൂട്ടും. കോട്ടയം മണ്ഡലത്തിൽപ്പെട്ട പിറവവും ഇക്കുറി ചുവക്കുമെന്ന‌് തെരഞ്ഞെടുപ്പ‌ുചിത്രം വ്യക്തമാക്കുന്നു. ഒരുവർഷക്കാലം മണ്ഡലം അനാഥമാക്കിയ ജോസ‌് കെ മാണിയോടുള്ള എതിർപ്പ‌് എൽഡിഎഫിന‌് അനുകൂലമാകും. കൂടാതെ സിപിഐ എം ജില്ലാ സെക്രട്ടറി, എംഎൽഎ എന്നീ നിലകളിൽ വി എൻ വാസവന്റെ പ്രവർത്തനങ്ങളും അംഗീകാരവും പിറവത്ത‌് എൽഡിഎഫിനെ ഭൂരിപക്ഷത്തിലെത്തിക്കും. ഇത‌് വി എൻ വാസവന്റെ വിജയത്തിന‌് മാറ്റുകൂട്ടും.

റോഡ‌്ഷോ

എൽഡിഎഫ‌് സ്ഥാനാർഥി പി  രാജീവിന്റെ പ്രചാരണത്തിന‌് സമാപനംകുറിച്ച‌് മണ്ഡലത്തിൽ ഞായറാഴ‌്ച റോഡ‌്ഷോ നടക്കും. എല്ലാ മണ്ഡലവും ചുറ്റി പാലാരിവട്ടത്ത് കൊട്ടിക്കലാശിക്കും. രാവിലെ എട്ടിന‌് പൂത്തോട്ടയിൽ ആരംഭിക്കുന്ന റോഡ്ഷോയിൽ തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന സ്ഥാനാർഥിയെ നൂറുകണക്കിന് പ്രവർത്തകർ വാഹനങ്ങളിൽ അനുഗമിക്കും.

തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, എറണാകുളം മണ്ഡങ്ങളിലൂടെ കടന്നുപോകുന്ന റോഡ്ഷോയിൽ ഇടതുമുന്നണിയുടെ ഘടകകക്ഷി നേതാക്കളെല്ലാം അണിനിരക്കും.വൈകിട്ട് പാലാരിവട്ടം ജങ്ഷനിൽ റോഡ്‌ഷോ എത്തുമ്പോൾ  ആഘോഷത്തിമർപ്പോടെ കലാശക്കൊട്ട് അവിസ്മരണീയമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top