17 June Monday

1984ൽ മൂന്നെങ്കിൽ ഇപ്പോൾ രണ്ട‌് സീറ്റ്‌ വേണം; ചരിത്രം ഓർമിപ്പിച്ച‌് മാണിയും ജോസഫും

പ്രത്യേക ലേഖകൻUpdated: Tuesday Mar 5, 2019

തിരുവനന്തപുരം > ‘1984ൽ മൂന്ന‌ിടത്ത‌് മത്സരിച്ച‌് രണ്ടിടത്ത‌് ജയിച്ച ചരിത്രമുള്ളപ്പോൾ എന്തുകൊണ്ട‌് ഇപ്പോൾ രണ്ടാമതൊരു സീറ്റ‌് നൽകിക്കൂടാ’? കോൺഗ്രസിനോട‌്  കെ എം മാണിയും പി ജെ ജോസഫും  ചോദിക്കുന്നത‌് ഇതാണ‌്. 1971 മുതലുള്ള സീറ്റ‌് ചരിത്രം ഓർമിപ്പിച്ച‌് ഇരുവരും നിരത്തിയ വാദമുഖമാണ‌് കോൺഗ്രസ‌്–-കേരള കോൺഗ്രസ‌് ഉഭയകക്ഷി ചർച്ചയിൽ പുതിയ ഉടക്കിട്ടിരിക്കുന്നത‌്. പി ജെ ജോസഫ‌് 84ലെ കാര്യം പറഞ്ഞപ്പോൾ 1971ൽ കേരള കോൺഗ്രസ‌് മൂന്ന‌് സീറ്റിൽ മത്സരിച്ച‌് മൂന്നിടത്തും വിജയിച്ചിട്ടുണ്ടെന്നായി കെ എം മാണി.

കഴിഞ്ഞതവണ രണ്ട‌് സീറ്റ‌് ചോദിക്കാത്ത സ്ഥിതിക്ക‌് ഇപ്പോൾ ചോദിക്കുന്നതിൽ യുക്തിയില്ലെന്നായി രമേശ‌് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും. 2014ൽ ഇടുക്കിയും ചാലക്കുടിയും കോൺഗ്രസിന്റെ സിറ്റിങ‌് സീറ്റുകളായിരുന്നു. എന്നാൽ, രണ്ടിടത്തും കോൺഗ്രസ‌് തോറ്റ സാഹചര്യത്തിലാണ‌് അതിലൊന്ന‌് ചോദിക്കുന്നതെന്നായിരുന്നു ജോസഫിന്റെ മറുവാദം. കേരള കോൺഗ്രസിന‌് രണ്ട‌് സീറ്റിന‌് അവകാശമുണ്ടെന്ന‌് സ്ഥാപിക്കാൻ ഉഭയകക്ഷി ചർച്ചയിൽ കഴിഞ്ഞൂവെന്നാണ‌്  അതിന‌ു ശേഷമുള്ള മാണി, ജോസഫ‌് പക്ഷ വിലയിരുത്തൽ. ‘1984ൽ രാജ്യസഭയിൽ കേരള കോൺഗ്രസ‌് പ്രതിനിധിയായി കെ സി സെബാസ‌്റ്റ്യൻ ഉള്ളപ്പോഴാണ‌് കോട്ടയത്ത‌് സ‌്കറിയാ തോമസും മൂവാറ്റുപുഴയിൽ മുണ്ടക്കയം ബേബിയും മുകുന്ദപുരത്ത‌്(ഇപ്പോൾ ചാലക്കുടി) മോഹൻദാസും മത്സരിച്ചത‌്’ കേരള കോൺഗ്രസ‌് ജനറൽ സെക്രട്ടറി ജോയി എബ്രഹാം ചൂണ്ടിക്കാട്ടി.

ജോസ‌് കെ മാണിക്ക‌ു മുമ്പ‌് രാജ്യസഭയിലെ കേരള കോൺഗ്രസ‌് പ്രതിനിധിയായിരുന്നു ജോയി എബ്രഹാം. ‘84ൽ സ‌്കറിയാ തോമസ‌് മാത്രം തോറ്റു. 71ൽ മാവേലിക്കരയിൽ ആർ ബാലകൃഷ‌്ണപിള്ളയും കോട്ടയത്ത‌് വർക്കി ജോർജും പീരുമേട‌് (ഇപ്പോൾ ഇടുക്കി) എം എം ജോസഫും കേരള കോൺഗ്രസ‌് ടിക്കറ്റിൽ ജയിച്ചിട്ടുണ്ട‌്. 1977ലും രണ്ട‌് സീറ്റ‌് കിട്ടിയതാണ‌്. കോട്ടയത്ത‌് സ‌്കറിയാ തോമസും മൂവാറ്റുപുഴയിൽ ജോർജ‌് ജെ മാത്യുവും അന്ന‌് വിജയിച്ചു’ ജോയി എബ്രഹാം പറഞ്ഞു.

1971ലും 1984ലും സംയുക്ത കേരള കോൺഗ്രസ‌് ആയിരുന്നപ്പോഴാണ‌് മൂന്ന‌് സീറ്റിൽ മത്സരിച്ചത‌്. മാണി–-ജോസഫ‌് വിഭാഗങ്ങളുടെ ലയനത്തോടെ രണ്ടാമതൊരു സീറ്റിന‌ു കൂടി തങ്ങൾക്ക‌് അർഹതയുണ്ടെന്നാണ‌് കേരള കോൺഗ്രസ‌് വാദം. ‘1979 മുതൽ 91 വരെ രാജ്യസഭയിൽ തുടർച്ചയായി കേരള കോൺഗ്രസ‌് പ്രതിനിധിയുണ്ടായിരുന്നു. 1995ൽ ജോയി നടുക്കരയിലൂടെ വീണ്ടും രാജ്യസഭാ സീറ്റ‌് തിരിച്ചുകിട്ടി. രാജ്യസഭാ സീറ്റ‌് ചൂണ്ടിക്കാട്ടി ലോക‌്സഭയിൽ രണ്ട‌് സീറ്റ‌് വേണമെന്ന ആവശ്യം നിരസിക്കുന്നത‌് ശരിയല്ല’ ജോയി എബ്രഹാം പറഞ്ഞു.

ചൊവ്വാഴ‌്ചത്തെ മൂന്നാംവട്ട ഉഭയകക്ഷി ചർച്ചയിലും രണ്ട‌് സീറ്റ‌് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ‌് മാണി–-ജോസഫ‌് വിഭാഗങ്ങൾ തീരുമാനിച്ചിരിക്കുന്നത‌്. അതിന‌ുശേഷം കേരള കോൺഗ്രസ‌് യോഗം ചേർന്ന‌് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന‌് ജോയി എബ്രഹാം പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top