04 October Wednesday
ടൈം സ്ക്വയർ പരിപാടിയിലോ പ്രതിനിധി 
സമ്മേളനത്തിലോ വിവേചനങ്ങളൊന്നുമില്ലെന്ന്‌ 
സംഘാടകരും നോർക്കയും വ്യക്തമാക്കി

ലോക കേരളസഭ ; വിവാദം സർക്കാരിന്റെ ജനകീയത തകർക്കാൻ , അപമാനിക്കുന്നത്‌ ദുരിതകാലത്ത്‌ ചേർത്തണച്ചവരെ

പ്രത്യേക ലേഖകൻUpdated: Friday Jun 2, 2023


തിരുവനന്തപുരം
കേരളത്തിന്റെ ഭാവിക്കായി ഏറ്റവുമധികം സഹായം നൽകുന്ന പ്രവാസി മലയാളികളെ അപമാനിക്കുന്നതിനു പിന്നിലും എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയതയിൽ കരിവാരിത്തേക്കാമെന്ന വ്യാമോഹം. ആസൂത്രണംചെയ്ത കള്ളക്കഥകളാണ്‌ ലോക കേരളസഭയുടെ അമേരിക്കൻ സമ്മേളനവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്നത്‌. ടൈം സ്ക്വയർ പരിപാടിയിലോ പ്രതിനിധി സമ്മേളനത്തിലോ വിവേചനങ്ങളൊന്നുമില്ലെന്ന്‌ സംഘാടകരും നോർക്കയും വ്യക്തമാക്കിയിട്ടുണ്ട്‌.

സർക്കാർ പണവും ചെലവഴിക്കുന്നില്ല. സമ്മേളനത്തിനായി ശേഖരിക്കുന്ന തുക, ചെലവ്‌ എന്നിവ ഓഡിറ്റ്‌ ചെയ്ത്‌ അവതരിപ്പിക്കുമെന്ന്‌ മുഖ്യ സംഘാടകരായ ഫൊക്കാനയും പറഞ്ഞിട്ടുണ്ട്‌. വിദേശ രാജ്യങ്ങളിലുള്ള എല്ലാ മലയാളികളും കക്ഷി രാഷ്‌ട്രീയ ഭേദമന്യേ സഹകരിക്കുന്നു.
അമേരിക്കയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന പൊതുമാതൃകയാണ്‌ ഇതെന്ന്‌ മലയാളി സംഘടനാ പ്രതിനിധികൾ പറയുന്നു. അവിടത്തെ ഏത്‌ ഹോട്ടലും ഇവിടത്തെ മാധ്യമങ്ങൾക്ക്‌  ‘ആഡംബര ഹോട്ടലാ’കും. ഡോളറിനെ രൂപയാക്കി മാറ്റി വൻതുകയാക്കി തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമം.

സംഘാടക സമിതി ചെയർമാൻകൂടിയായ അമേരിക്കൻ സംരംഭകൻ ഡോ. ബാബു സ്റ്റീഫൻ രണ്ടര ലക്ഷം ഡോളറാണ്‌ കൊടുത്തത്‌. ഇത്‌ കോൺഗ്രസ്‌ നേതാക്കളുടെയും മാധ്യമങ്ങളുടെയും കണ്ണുതള്ളിച്ചു. എന്നാൽ, അമേരിക്കയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ലോക കേരളസഭ അഭിമാനമാണെന്നും അമേരിക്കൻ മലയാളിയെന്ന നിലയിൽ സർക്കാർ മുൻകൈയെ പിന്തുണയ്ക്കേണ്ടത്‌ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചെറിയ തുകമുതൽ അഞ്ചും പത്തും ലക്ഷം ഡോളർവരെ സംഭാവന ചെയ്യാനാകുന്ന പ്രവാസി മലയാളികളുണ്ടെന്നും സംഘാടകർ പറയുന്നു. ഇതെല്ലാം മറച്ചുവച്ചാണ്‌ കേരളത്തിന്‌ ഗുണകരമായ സമ്മേളനത്തെ പൊളിക്കാൻ നോക്കുന്നത്‌. സർക്കാരിനെതിരെ സൃഷ്ടിച്ച വിവാദപരമ്പരകളൊന്നും ഏശാത്തതും മാധ്യമങ്ങളെ പ്രകോപിപ്പിക്കുന്നു.

അപമാനിക്കുന്നത്‌ ദുരിതകാലത്ത്‌ ചേർത്തണച്ചവരെ
ദുരിതക്കയത്തിൽ ആണ്ടുനിൽക്കുമ്പോൾ കേരളത്തെ കൈയയഞ്ഞ്‌ സഹായിച്ച പ്രവസികളെയാണ്‌ പ്രതിപക്ഷം അപമാനിക്കാൻ ശ്രമിക്കുന്നത്‌. 2018ൽ പ്രളയമുണ്ടായപ്പോൾ അമേരിക്കയിലെ മലയാളികൾ കേരളത്തെ ചേർത്തുപിടിച്ചു. നിരവധി സംഘടനകളും വ്യക്തികളും പ്രളയബാധിതരെ സഹായിക്കാൻ രംഗത്തെത്തി. അവരുടെ പ്രതിനിധികൾ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‌  സഹായം ഏൽപ്പിച്ചു. കേരള അസോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിങ്‌ടൺ (കെഎജിഡബ്ല്യു) 75,000 ഡോളർ (54 ലക്ഷം രൂപ), അസോസിയേഷൻ ഓഫ്‌ ഇന്ത്യൻ മുസ്ലിംസ്‌ അമേരിക്ക 10,000 ഡോളർ എന്നിങ്ങനെ നൽകി. അരുൺ നെല്ലാമറ്റം, അജോമോൻ പൂത്തുറയിൽ എന്നിവർ സമൂഹമാധ്യമങ്ങൾ വഴി നടത്തിയ ഫണ്ട്‌ ശേഖരണത്തിലൂടെ 15 ലക്ഷം ഡോളർ കൈമാറി.


രജിസ്ട്രേഷൻ സൗജന്യം, പണം മാനദണ്ഡമല്ല
ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനസമ്മേളനത്തിൽ പങ്കെടുക്കാൻ ആരും പണം നൽകേണ്ടതില്ല. രജിസ്ട്രേഷൻ സൗജന്യമാണ്. സമ്മേളനത്തിനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആർക്കും കാണാം. അതിനും പണം മാനദണ്ഡമല്ല. അമേരിക്കയിൽ നടക്കാറുള്ള പ്രസിദ്ധമായ ഫൊക്കാന, ഫോമാ വേൾഡ് മലയാളി കൺവൻഷനുകൾ സ്പോൺസേഴ്‌സിനെ കണ്ടുപിടിച്ചാണ്‌ സംഘടിപ്പിക്കുന്നത്‌. അതേ രീതിയിൽത്തന്നെയാണ് ലോക കേരളസഭയുടെ മേഖലാ സമ്മേളനവും നടക്കുന്നത്. സംഘാടക സമിതി പിരിക്കുന്ന പണം ഓഡിറ്റ് ചെയ്യപ്പെടും. സമ്മേളനത്തിനായി അഞ്ചു പൈസപോലും കേരള ഖജനാവിൽനിന്ന്‌ പോകുന്നില്ല. അമേരിക്കയിൽനിന്ന് അമേരിക്കയിലെ മലയാളികൾ പിരിവെടുത്ത്‌ നടത്തുന്ന പരിപാടിയാണിത്. ഡോ. ബാബു സ്റ്റീഫനാണ് ഇക്കുറി ന്യൂയോർക്കിൽ നടത്തുന്ന സമ്മേളനത്തിന്റെ മുഖ്യ സ്പോൺസർ. പ്രളയഘട്ടത്തിൽ കേരളത്തിന് ഒരു കോടി രൂപ ആദ്യം നൽകിയ വ്യക്തിയാണ് അദ്ദേഹം. പിണറായി വിജയൻ ന്യൂയോർക്ക് ടൈം സ്‌ക്വറിൽ സ്വീകരിക്കപ്പെടുമ്പോൾ വിഷമിക്കുന്നവരാണ് വിവാദങ്ങൾക്കു പിന്നിൽ.
ജോസ്‌ കാടാപുറം
(അമേരിക്കയിൽ മാധ്യമ പ്രവർത്തകനും ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക സ്ഥാപക നേതാവും)

പ്രതിപക്ഷം പ്രവാസികളെ 
ദ്രോഹിക്കുന്നു
പ്രവാസികളുടെ വിഷയങ്ങളിൽ താൽപ്പര്യമില്ലെന്നുമാത്രമല്ല, അവരെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്നാണ്‌ പ്രതിപക്ഷം ആലോചിക്കുന്നത്‌. അതിനാലാണ്‌ ലോക കേരളസഭയ്‌ക്കെതിരെ പടച്ചുവിടുന്ന കെട്ടുകഥകൾ. സാധാരണ തൊഴിലാളി മുതൽ ലോകം ആദരിക്കുന്ന ശാസ്‌ത്രജ്ഞർവരെ സഭയിൽ പങ്കെടുക്കുന്നു.  വിദേശ രാജ്യങ്ങളിലെ പൊതുരീതിയാണ്‌ സ്‌പോൺസർഷിപ്പിലൂടെ പരിപാടി നടത്തുകയെന്നത്‌.  മാധ്യമങ്ങളും ബഹിഷ്‌കരണ മുന്നണിക്കാരും വിവാദങ്ങളുണ്ടാക്കുകയാണ്‌. പ്രതിപക്ഷ നിലപാടിനെ അവരുടെ പ്രവാസിസംഘടനപോലും മുഖവിലയ്‌ക്കെടുക്കുന്നില്ല.  
പി എം ജാബിർ
(സംസ്ഥാന പ്രവാസി കമീഷൻ അംഗം, പ്രവാസി അവകാശ പ്രവർത്തകൻ)

സമ്പത്തല്ല അംഗത്വത്തിന്‌ 
അടിസ്ഥാനം
പ്രവാസികൾക്ക് പറയാനുള്ളത് കേൾക്കാനായി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ  ജനാധിപത്യ വേദിയാണ് ലോക കേരളസഭ. പ്രവാസികളെ കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളിയാക്കുക എന്നതാണ്  ലക്ഷ്യം. സമ്പത്തിന്റെയും പദവിയുടെയും അടിസ്ഥാനത്തിലല്ല അംഗങ്ങൾ നോമിനേറ്റ് ചെയ്യപ്പെടുന്നത് എന്നത് സൗദി അറേബ്യയിൽ പീടികത്തൊഴിലാളിയായ എന്റെ അനുഭവമാണ്. കേരളസഭയുടെ തീരുമാനമാണ് ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും മേഖലാ സമ്മേളനം നടത്തണമെന്നത്. അവിടെനിന്നുള്ള പ്രതിനിധികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.  
എൻ കെ കുഞ്ഞമ്മത്
(ലോക കേരളസഭാംഗം) കൂരാച്ചുണ്ട്, ബാലുശേരി

ശുദ്ധ വിവരക്കേട്‌
ലോക കേരളസഭയെക്കുറിച്ച്‌ ‘മലയാള മനോരമ’ വാർത്തയും അതിനെച്ചൊല്ലിയുള്ള വിവാ​ദവും ശുദ്ധ വിവരക്കേടാണ്.  പൊതുഖജനാവിൽനിന്ന് ഒരു രൂപ പോലും ചെലവിടാതെയാണ് പരിപാടി നടത്തുന്നത്. സ്പോൺസർഷിപ്‌ കണ്ടെത്തുന്നത് സാധാരണ സംഭവമാണ്. ഇങ്ങനൊരു വിവാദം തന്നെ നാണക്കേടാണ്.
ഡോ. ജേക്കബ്‌ തോമസ്
(പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് –-ഫോമ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top