22 June Tuesday

എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണം; കർശന പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

ജില്ലാ അതിർത്തിയായ കുമ്പളത്ത് ബാരിക്കേഡുവച്ച് ഗതാഗതം നിയന്ത്രിച്ച് പൊലീസ് പരിശോധന നടത്തുന്നു

കൊച്ചി > ലോക്ക്‌ഡൗണിന്റെ ആദ്യദിനത്തിൽ ജില്ലയിൽ കർശന പരിശോധന. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നിരത്തുകളേറെയും വിജനം. അത്യാവശ്യ യാത്രക്കാരൊഴികെ ആളുകൾ നിരത്തിലിറങ്ങിയില്ല. അതിർത്തികൾ അടച്ച് കർശന പരിശോധന നടത്തിയാണ് ആളുകളെ ജില്ലയിൽ പ്രവേശിപ്പിച്ചത്. നൂറോളം പ്രധാന ജങ്‌ഷനുകളിൽ പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയും കണ്ടെയ്ൻമെന്റ് സോണുകളാക്കിയ പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി.  
കഴിഞ്ഞദിവസങ്ങളിൽ നിയമലംഘനം നടത്തിയവരുടെ ഡാറ്റാബേസ് പൊലീസ് ശേഖരിച്ചിരുന്നു. തുടർച്ചയായി പിടിയിലാകുന്നവരെ ഇതുകൂടി പരിശോധിച്ചശേഷം നടപടിക്കുവിധേയമാക്കും. 

ഓക്സിജൻ സിലിൻഡറുകൾ, ഓക്സി ടാങ്കറുകൾ, ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുടെ വാഹനങ്ങൾക്കും സുഗമമായ യാത്രയ്‌ക്കായി ബാരിക്കേഡ് വച്ച ഫാസ്റ്റ് ട്രാക്ക് ചാനൽ ഏർപ്പെടുത്തി. ജില്ലകളുമായി അതിർത്തി പങ്കിടുന്ന കൊച്ചി പാലം, കുമ്പളങ്ങി പാലം, ഗുണ്ടുപറമ്പ്, കമാലക്കടവ് ജങ്കാർ ജെട്ടി, കാറ്റുമുക്ക്, വരാപ്പുഴ പാലം, പാതാളം പാലം, മനക്കക്കടവ് പാലം, പുത്തൻകാവ് ജങ്‌ഷൻ, പെരിങ്ങാല ജങ്‌ഷൻ, പ്രീമിയർ ജങ്‌ഷൻ, കുമ്പളം എന്നിവിടങ്ങളിൽ അതിർത്തികൾ അടച്ചുള്ള കർശന പരിശോധന നടത്തി.

കൊച്ചി സിറ്റിയിൽ 45 ബൈക്ക് പട്രോളുകളും 42 ജീപ്പ് പട്രോളുകളും ഏർപ്പെടുത്തി. റൂറൽ ജില്ലയിൽ ജില്ലാ പൊലീസ്‌ മേധാവി കെ കാർത്തിക് പരിശോധനകൾക്ക് നേതൃത്വം നൽകി.

ലോക്ക്‌ഡൗൺ 
ലംഘനം: കേസ്‌
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് 140 കേസ്‌ രജിസ്റ്റർ ചെയ്തു. 90 പേരെ അറസ്റ്റ് ചെയ്തു. 140 വാഹനം കണ്ടുകെട്ടി. സാമൂഹ്യ അകലം പാലിക്കാത്തതിന് 750 പേരെയും മാസ്‌ക് ധരിക്കാത്തതിന് 765 പേർക്കെതിരെയും ക്വാറന്റൈൻ ലംഘിച്ചതിന് 10 പേർക്കെതിരെയും നടപടിയെടുത്തു. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ 153 വാഹനങ്ങൾ പിടികൂടി. സാമൂഹ്യ അകലം പാലിക്കാത്തതിന് 371 പേർക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 381 പേർക്കെതിരെയും പെറ്റി കേസ്‌ എടുത്തു. ജില്ലയിൽ പിഴയിനത്തിൽ 1,30,500 രൂപ ഈടാക്കി.

ജനങ്ങൾ വീടുകളിൽ തുടരണം: കമീഷണർ
പ്രതിരോധ നടപടികളുടെ ഭാഗമായി ജനങ്ങൾ പരമാവധി വീടുകളിൽത്തന്നെ തുടരണമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ സി എച്ച് നാഗരാജു. അവശ്യസാധനങ്ങൾ വാങ്ങുന്നതിന് വീട്ടിലെ ഒരു അംഗംമാത്രം പുറത്തുപോകണം. സമ്പൂർണ ലോക്ക്ഡൗണിലെ നിർദേശങ്ങൾ കൊച്ചി സിറ്റിയിൽ കർശനമായി നടപ്പാക്കുമെന്നും കമീഷണർ അറിയിച്ചു. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണനിയമം, 2020ലെ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് എന്നിവ കൂടാതെ ഐപിസി വകുപ്പുകൾപ്രകാരവും കേസെടുക്കുമെന്ന്‌ കമീഷണർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top