14 June Monday
കിറ്റ് വിതരണം തുടരും

സംസ്ഥാനത്ത് ലോക്ഡൗണ്‍ 23 വരെ നീട്ടി; 4 ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

വെബ് ഡെസ്‌ക്‌Updated: Friday May 14, 2021

തിരുവനന്തപുരം > കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് മെയ് 23വരെ ലോക്ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കടുത്ത രോഗവ്യാപനം നിലനില്‍ക്കുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ മെയ് 16 വരെയാണ്.

രണ്ടാംതരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ നീട്ടുമ്പോള്‍ സ്വാഭാവികമായി ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാക്കും. ഒന്നാം ഘട്ടത്തിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്ത്  രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം  മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണ്.

അവശ്യസാധന കിറ്റുകള്‍ 2021 ജൂണിലും തുടര്‍ന്ന് വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. 823.23 കോടി രൂപയാണ് വിതരണം പെന്‍ഷന്‍ ആയി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും.

സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കും. ക്ഷേമനിധി സഹായം  ലഭിക്കാത്ത  ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും.

സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും.

കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ 'സഹായ ഹസ്തം വായ്പാ പദ്ധതി'യിലെ ഈ വര്‍ഷത്തെ പലിശ സബ്‌സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും. കുടുംബശ്രീയുടെ റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്‌സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കും. കുടുംബശ്രീ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പകള്‍ക്കു കൂടി  ഇത് ബാധകമാകും. വസ്തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗൺ?
തീവ്ര രോഗബാധിത മേഖലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. മൂന്ന് ഘട്ടങ്ങളായാണിത്‌ നടപ്പാക്കുന്നത്. തീവ്ര രോഗബാധിത മേഖലയിൽ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക, രോഗബാധിതരുടെ സമ്പർക്ക സ്ഥലങ്ങൾ കണ്ടെത്തി അവിടെ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുക, രോഗികളും സമ്പർക്കത്തിലുള്ളവരും വീടുകളിൽതന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണവ.

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങൾ സീൽചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയിൽ ശക്തമായ പരിശോധനകൾ ഏർപ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കുമിത്‌. ഇടവഴികളടക്കം എല്ലാം അടച്ചിടും. ട്രിപ്പിൾ ലോക്ക്ഡൗൺ വിമാനത്താവള പ്രവർത്തനങ്ങളെ ബാധിക്കില്ല. ട്രെയിൻ സർവീസുകളുമുണ്ടാകും. എടിഎമ്മും അവശ്യ ബാങ്കിങ് സേവനങ്ങളുമുണ്ടാകും. ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ പ്രവർത്തിക്കും. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവർത്തിക്കും.‍ ചരക്ക് വാഹനങ്ങൾക്ക് അനുമതിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top