Deshabhimani

സംരംഭക വർഷം പദ്ധതി; സൃഷ്ടിച്ചത് 3 ലക്ഷത്തോളം സംരംഭങ്ങളും 7 ലക്ഷത്തിലധികം തൊഴിലവസരങ്ങളും: മന്ത്രി പി രാജീവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 07:28 PM | 0 min read

തിരുവനന്തപുരം > സംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കേരളം മുഴുവൻ സംരംഭക സഭകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 3.30ന്കാട്ടാക്കട ആർ കെ എൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാ മണ്ഡലം തല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കും. കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി 250ൽ പരം സംരംഭങ്ങൾ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. സംരംഭങ്ങൾക്ക് കൂടുതൽ ഉത്തേജനം പകരുവാൻ വേണ്ടി സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും രൂപീകരിച്ച പുതിയ സംരംഭങ്ങളുടെയും അതിനു മുൻപ് മുതൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെയും പ്രതിനിധികളുടെ ഒരു യോഗമാണ് "സംരംഭക സഭ" എന്ന പേരിൽ നടത്തുക. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്ന വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

2024 ഡിസംബർ 10 വരെയായി സംരംഭക വർഷം പദ്ധതിയിലൂടെ മാത്രം 3,35,780 സംരംഭങ്ങൾ ആരംഭിക്കുകയും 21,450 കോടിയുടെ നിക്ഷേപങ്ങൾ കടന്നുവരികയും 7,11,870 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അവാർഡും പദ്ധതി നേടിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. നാല് ശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കുന്ന കേരള എന്റർപ്രൈസസ് ലോൺ സ്കീം, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകൾ, ഹെൽപ് ഡെസ്കുകൾ, ജില്ലാതലത്തിൽ എം എസ് എം ഇ ക്ലിനിക്കുകൾ എന്നിവയെല്ലാം സംരംഭക വർഷത്തിൻ്റെ ഭാഗമായി കൊണ്ടുവന്ന പ്രവർത്തനങ്ങളാണ്.

സംരംഭക സഭയിലൂടെ ഓരോ പഞ്ചായത്തിലും നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ഒരു കൂട്ടായ്മ രൂപീകരിക്കും. ഒപ്പം സംരംഭകർക്ക്‌ വ്യവസായ വകുപ്പിന്റെയും മറ്റു അനുബന്ധ വകുപ്പുകളുടെയും വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനും ഈ വേദി ഉപയോഗിക്കും.

സംരംഭകർക്കുള്ള വിവിധ ആവശ്യങ്ങൾ (ലോൺ/ ലൈസൻസ്/ സബ്‌സിഡി/ ഇൻഷുറൻസ് മുതലായവ) നിറവേറ്റുവാൻ വേണ്ടി പ്രാദേശിക ബാങ്കുകൾ, ഇൻഷുറൻസ് സേവന ദാതാക്കൾ എന്നിവരുമായി സഹകരിക്കുവാൻ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകളുടെ സേവനം ലഭ്യമാക്കുക, സംരംഭകരിൽ നിന്നും പോളിസി നിർമാണ തലത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫീഡ്ബാക്ക് എടുക്കുക, പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ട ഫീഡ്ബാക്കും നടപടികളും സ്വീകരിക്കുക, സംരംഭകരുടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കായി, അതാത് വകുപ്പുകളുടെ പ്രതിനിധികൾ വകുപ്പ് തലത്തിലുള്ള ബോധവത്കരണം നടത്തുക,     തദ്ദേശസ്വയംഭരണ വകുപ്പിന്റെ ലോക്കൽ ഇക്കണോമിക് ഡെവലപ്മെന്റ് (LED) പദ്ധതി, മാർക്കറ്റിംഗ് സഹായ പദ്ധതികൾ മുതലായവയെക്കുറിച്ച് പഞ്ചായത്ത് തലത്തിൽ സംരംഭകരുമായി ഏകോപനം നടത്തുക, സംരംഭകർ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഉചിതമായ പരിഹാര നടപടികളും നിർദേശങ്ങളും കണ്ടെത്തുവാൻ സംരംഭകരും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും (KSEB, മൈനിങ് & ജിയോളജി, ലേബർ, പരിസ്ഥിതി, ICAI, ലീഡ് ബാങ്ക്, സഹകരണ ബാങ്ക്, മറ്റു ബാങ്കുകൾ etc.) പ്രതിനിധികളും ഉദ്യോഗസ്ഥരുമായുള്ള ചർച്ച നടത്തുക, K-SWIFT Acknowledgement, UDYAM റജിസ്‌ട്രേഷൻ എന്നിവ ലഭ്യമാക്കുവാൻ ഹെൽപ്‌ഡെസ്‌ക് സംവിധാനം രൂപീകരിക്കുക എന്നിവയാണ് സംരംഭക സഭയിലൂടെ ലക്ഷ്യമിടുന്ന മറ്റ് കാര്യങ്ങൾ.

സംരംഭക സഭയുടെ ഏകോപനം, സൂപ്പർവൈസിങ്, മോണിറ്ററിങ്, നിർവഹണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കലക്ടർ കൺവീനറായും സ്ഥലം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ലീഡ് ബാങ്ക് മാനേജർ എന്നിവർ അംഗങ്ങളായും ജില്ലാ തല ഉപദേശക കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി ആയിരിക്കും ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും സംരംഭക സഭയുടെ  സുഗമമായ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെയും പൂർണ പിന്തുണ ഉറപ്പ് വരുത്തുന്നതിനായി പ്രവർത്തിക്കുക. ഒപ്പം പ്രോഗ്രാം നടത്തിപ്പ് സംബന്ധിച്ച് ജില്ലയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട നിർദേശങ്ങൾ നൽകുന്നതിനുള്ള അധികാരവും കമ്മിറ്റിക്കായിരിക്കും.

ജില്ലാ തല ഉപദേശക കമ്മിറ്റിക്ക് പുറമെ ജില്ലാ കലക്ടർ അധ്യക്ഷനായും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറായുമുള്ള ജില്ലാ തല ഏകോപന കമ്മിറ്റി രൂപീകരിക്കും. ഇതിൽ എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, സഹകരണം ജോയിൻ്റ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ, ലീഡ് ബാങ്ക് മാനേജർ എന്നിവർ അംഗങ്ങളായിരിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കുന്നതിനും ഉൽഘാടനത്തിനായി ജില്ലയിലെ ത്രിതല പഞ്ചായത്ത് തലത്തിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കെ എസ് ഇ ബി, പി സി ബി, മൈനിങ് ആൻ്റ് ജിയോളജി, ലേബർ, പരിസ്ഥിതി, വ്യവസായം മുതലായ വകുപ്പികളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ലീഡ് ബാങ്ക്, ഇൻഷുറൻസ് സേവന കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള ചുമതല ഈ സമിതിക്കാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും സംരംഭകർക്കായി ഒരു മോണിറ്ററിങ് കമ്മിറ്റി സംരംഭക സഭയിലൂടെ കടന്നുവരികയാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷൻ തന്നെയായിരിക്കും ഈ കമ്മിറ്റിയുടെ അധ്യക്ഷൻ. ബന്ധപ്പെട്ട വ്യവസായ വികസന ഓഫീസർ കൺവീനറായിട്ടുള്ള കമ്മിറ്റിയിൽ  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സി. ഡി. എസ് ചെയർപേഴ്സൺ, എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (EDE), പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പ്രദേശത്തുള്ള ലീഡിങ് ബാങ്ക് പ്രതിനിധി, കമ്മിറ്റിയുടെ പ്രവർത്തനത്തിന് അഭികാമ്യമായ, നോമിനേറ്റ് ചെയുന്ന മറ്റു അംഗങ്ങൾ എന്നിവരും ഉണ്ടാകും.

പ്രോഗ്രാമിന്റെ തദ്ദേശ സ്ഥാപനതല ഉൽഘാടനം സംഘടിപ്പിക്കുക, സംരംഭകരുമായുള്ള ചർച്ചയിൽ പങ്കെടുക്കുവാൻ വേണ്ടി അതാതു വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തുക, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന തലത്തിൽ പ്രോഗ്രാമിന് വേണ്ട പ്രചാരണം നൽകൽ, ബന്ധപ്പെട്ട മറ്റു വകുപ്പുകൾ, പ്രാദേശിക ബാങ്കുകൾ, ഇൻഷുറൻസ് സേവന കമ്പനികൾ എന്നിവയുടെ പ്രതിനിധികളെ സഹകരിപിച്ച് ലോൺ/ ലൈസൻസ്/ സബ്‌സിഡി/ ഇൻഷുറൻസ് മേളക്ക് നേതൃത്വം നൽകൽ, സംരംഭക സഭയുടെ വിജയകരമായ നടത്തിപ്പിന് വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുക, പ്രോഗ്രാമിന് ശേഷം അതിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകളും ഉത്തരവാദിത്വങ്ങളും.

സംരംഭക സഭയുമായി ബന്ധപ്പെട്ടുകൊണ്ട് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി സംരംഭക സഭയിൽ പങ്കെടുത്ത സംരംഭകരുടെ വിശദാംശങ്ങൾ പഞ്ചായത്ത് തലത്തിൽ ശേഖരിക്കും. ഒപ്പം പോളിസി രൂപീകരണത്തിന് സഹായകരമാകുന്ന നിർദേശങ്ങൾ ഏകോപിപ്പിച്ചു നൽകുന്നതിനുള്ള ഉത്തരവാദിത്തവും ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കായിരിക്കും. പ്രാദേശികമായി പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ഉടനെ പരിഹരിക്കും. സംരംഭക സഭയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സ്വീകരിച്ച പ്രത്യേക നടപടികൾ എന്തെങ്കിലും ഉണ്ടെകിൽ അവ നൽകുന്നതിനും ലോൺ/ ലൈസൻസ്/ സബ്‌സിഡി/ ഇൻഷുറൻസ് മേളയുടെ ഭാഗമായി ഉള്ള വിവരങ്ങൾ ഏകോപിപ്പിച്ച് നൽകുന്നതിനുമുള്ള ചുമതലയും ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കായിരിക്കുമെന്നും മന്ത്രി അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home