31 March Tuesday

വർധന 938: സംവരണ വാർഡുകൾ 15,819

റഷീദ‌് ആനപ്പുറംUpdated: Saturday Feb 29, 2020

തിരുവനന്തപുരം> സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ എണ്ണം 15,819 ആകും. 2011ലെ സെൻസസ്‌ പ്രകാരം വാർഡുകളുടെ എണ്ണം വർധിക്കുന്നതിന്റെ ഭാഗമായാണ്‌ സംവരണ വാർഡുകളും വർധിച്ചത്‌. നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിലായി 14,881  സംവരണ വാർഡുകളാണുള്ളത്‌. വനിത, എസ്‌സി വനിത, എസ്‌ടി, എസ്‌ടി വനിതാ വിഭാഗങ്ങൾക്കാണ്‌ സംവരണം. വാർഡുകൾ ഏതൊക്കെയെന്ന്‌ ഡീലിമിറ്റേഷൻ കമീഷൻ തീരുമാനിക്കും. 

ജനസംഖ്യാനുസൃതമായി  വാർഡുകളുടെ എണ്ണം പുനർനിർണയിച്ച്‌  കഴിഞ്ഞ ദിവസം  സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതനുസരിച്ച്‌ വാർഡുകൾ 23,616 ആയി വർധിച്ചു.  ജനറൽ വിഭാഗത്തിൽ 1716 ഉം സംവരണ വാർഡുകളിൽ 938 എണ്ണവുമാണ്‌ വർധിച്ചത്‌.  

നിലവിൽ വനിതാ സംവരണ വാർഡ്‌  11,297 ആണ്‌. ഇത്‌  12032 ആകും. 735 വാർഡുകളുടെ വർധന.  എസ്‌സി വാർഡ്‌ 2283, എസ്‌സി വനിതാ വാർഡ്‌ 1016, എസ്‌സി വാർഡ്‌ 346, എസ്‌ടി വനിതാ വാർഡ്‌ 142  എന്നിങ്ങനെയാണ്‌ വർധന.  ആകെ 203 സീറ്റുകൾ ഈ വിഭാഗത്തിലും വർധിച്ചു.  ജില്ലാപഞ്ചായത്തിൽ 15 ഡിവിഷനാണ്‌  വർധിക്കുക. നാലെണ്ണം വനിതയാകും.

രണ്ടെണ്ണം എസ്‌സിയും ഒരെണ്ണം വീതം എസ്‌സി വനിതയും എസ്‌ടിയുമാണ്‌. ആറു കോർപറേഷനിൽ ഏഴ്‌ വാർഡ്‌ വർധിക്കുമ്പോൾ രണ്ടെണ്ണം വനിതാ സംവരണമാണ്‌.
മറ്റു വിഭാഗങ്ങളിൽ മാറ്റമില്ല.  മുനിസിപ്പാലിറ്റിയിൽ 128 വാർഡ്‌ വർധിക്കുമ്പോൾ വനിത 78, എസ്‌സി 8, എസ്‌സി വനിത 7, എസ്‌ടി 2 എന്നിങ്ങനെയാണ്‌ വർധന.  ബ്ളോക്ക്‌ പഞ്ചായത്തുകളിൽ 187 ഡിവിഷനാണ്‌ വർധിക്കുക.

58 എണ്ണം വനിതാസംവരണവും ഏഴെണ്ണം എസ്‌സിയും  എട്ടെണ്ണം എസ്‌സി വനിതയും ആറെണ്ണം എസ്‌ടിയും ഒരെണ്ണം എസ്‌ടി വനിതയുമാണ്‌. പഞ്ചായത്തുകളിൽ   1379 വാർഡുകൾ കൂടും. ഇതിൽ  593 എണ്ണം വനിതയാണ്‌. എസ്‌സി 52, എസ്‌സി വനിത 35, എസ്‌ടി 52, എസ്‌ടി വനിത 21 എന്നിങ്ങനെയാണ്‌ വർധിച്ച മറ്റ്‌  സംവരണ വാർഡുകളുടെ എണ്ണം.


പ്രധാന വാർത്തകൾ
 Top