16 January Saturday

തദ്ദേശ തെരഞ്ഞെടുപ്പ്‌: 5 ജില്ല മറ്റന്നാൾ ബൂത്തിൽ

കെ ശ്രീകണ‌്ഠൻUpdated: Sunday Dec 6, 2020

തിരുവനന്തപുരം > അഞ്ചു ജില്ലയിലെ പ്രചാരണാരവത്തിന്‌ ഞായറാഴ്‌ച‌ കലാശക്കൊട്ടാകും.  അവസാന ലാപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ്‌ നേതാക്കളും അണിനിരന്ന വെബ്‌ റാലി അഞ്ചിടത്തും വലിയ ആവേശം പകർന്നു. ഒട്ടുമിക്ക വാർഡിലും എൽഡിഎഫും യുഡിഎഫും നേർക്കുനേർ പോരാട്ടമാണ്‌ ദൃശ്യമാകുന്നത്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്‌ ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമീ ഫൈനലായി തദ്ദേശ വിധിയെഴുത്തിനെ കണക്കിലെടുത്താൽ ഒരു വർഷംമുമ്പ്‌ നടന്ന വട്ടിയൂർക്കാവ്‌, കോന്നി ഉപതെരഞ്ഞെടുപ്പ്‌ ഫലത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. കാലങ്ങളായി കോൺഗ്രസിന്റെ കൈകളിലായിരുന്ന വട്ടിയൂർക്കാവും കോന്നിയും വൻഭൂരിപക്ഷത്തോടെയാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന്റെ തനിയാവർത്തനത്തിന്‌ അഞ്ചു ജില്ലയിലും അരങ്ങൊരുങ്ങിയതായി പ്രചാരണരംഗം നിരീക്ഷിച്ചാൽ ബോധ്യമാകും.

സർക്കാരിന്റെ വികസന നേട്ടങ്ങളും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളും മറ്റും ഉയർത്തിക്കാട്ടിയാണ്‌ എൽഡിഎഫ്‌ പ്രചാരണം കൊഴുപ്പിച്ചത്‌. വികസന നേട്ടങ്ങൾ ചർച്ചയായത്‌ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടുമെന്ന എൽഡിഎഫ്‌ പ്രതീക്ഷയുടെ ഗ്രാഫ്‌ ഉയർത്തുന്നതും ഇതുതന്നെയാണ്‌. സർക്കാരിന്റെ വികസനനേട്ടങ്ങളെ പ്രതിരോധിക്കാൻ യുഡിഎഫും ബിജെപിയും വിവാദങ്ങളാണ്‌ ആയുധമാക്കുന്നത്‌.

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം മധ്യകേരളത്തിൽ എൽഡിഎഫിന്റെ ശക്തി വർധിപ്പിച്ചിട്ടുണ്ട്‌. 2015ൽ യുഡിഎഫ്‌ പക്ഷത്തായിരുന്ന കേരള കോൺഗ്രസ്‌ മധ്യകേരളത്തിൽ അവരുടെ പ്രധാന ശക്തിസ്രോതസ്സായിരുന്നു. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വലിയ അളവിൽ പ്രതിഫലിക്കുമെന്നാണ്‌ വിലയിരുത്തൽ. ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും എൽഡിഎഫ്‌ അനായാസം ജയിച്ചുകയറുമെന്നാണ്‌  സൂചനകൾ.

കേരള കോൺഗ്രസ്‌ എം ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ കോൺഗ്രസ്‌ പെടാപാടിലാണ്‌. ഇടുക്കിയിലും കൊല്ലത്തും മുസ്ലിംലീഗ്‌ മുന്നണിക്ക്‌ പുറത്താണ്‌ മത്സരിക്കുന്നത്‌. കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ ഇടുക്കിയിൽ ചോദിച്ച സീറ്റുകൾ നൽകിയെങ്കിലും പലയിടത്തും കോൺഗ്രസുകാർ വിമതരായി രംഗത്തുണ്ട്‌.

ബിജെപിയിലെ തമ്മിലടി രൂക്ഷമായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പല വാർഡിലും അവർക്ക്‌ സ്ഥാനാർഥികളില്ല. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കുമെന്ന്‌ വീമ്പുപറഞ്ഞ്‌ കളത്തിലിറങ്ങിയെങ്കിലും  ഊറ്റം വാക്കിലൊതുങ്ങി.  പല വാർഡിലും കോൺഗ്രസ്‌, ബിജെപി ഒത്തുകളിയും പ്രകടമാണ്‌. ബിജെപിയുടെ കൈവശമുള്ള ചില വാർഡിൽ  യുഡിഎഫ്‌ ദുർബലരെ രംഗത്തിറക്കിയത് ഇതിന്‌ തെളിവായി ചൂണ്ടിക്കാട്ടുന്നു
യുഡിഎഫ്‌ ജില്ലാ ചെയർമാന്‌ സീറ്റ്‌ നിഷേധിച്ചതും മുൻ കൗൺസിലർമാർ ഉൾപ്പെടെ വിമതരായി മത്സരിക്കുന്നതും യുഡിഎഫിന്‌ തിരിച്ചടിയാണ്‌. തിരുവനന്തപുരം കോർപറേഷനിലും ചില ജില്ലാ പഞ്ചായത്ത്‌ വാർഡുകളും ഒഴിച്ചുനിർത്തിയാൽ മറ്റു സ്ഥലങ്ങളിൽ ത്രികോണ മത്സരമില്ല. ബിജെപി സ്ഥാനാർഥികൾ കളത്തിലില്ലാത്ത ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡുകളും ഏറെയാണ്‌.

ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്‌ നടക്കുന്ന അഞ്ചു ജില്ലയിലും വൻ ആധിപത്യം നേടാനുള്ള പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്‌ എൽഡിഎഫ്‌. ഭവന സന്ദർശനം, സ്ഥാനാർഥി പര്യടനം എന്നിവ ഊർജിതമാക്കി മുന്നേറുകയാണ്‌. സാമൂഹ്യക്ഷേമ പെൻഷൻ ഉയർത്തിയതും സ്‌കൂളുകളുടെയും ആശുപത്രികളുടെയും നവീകരണവും തെരഞ്ഞെടുപ്പുവിഷയമായത്‌ യുഡിഎഫിന്‌ അസ്വസ്ഥതയാണ്‌. പെൻഷനുമായി ബന്ധപ്പെട്ട്‌  മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ പ്രതികരണത്തിന്‌ മുതിർന്നത്‌ ഇതിനു തെളിവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top