ആലപ്പുഴ > ‘ഇരുപത് വർഷമായി കോൺഗ്രസ് പ്രവർത്തകയാണ്. കൈനകരിയിലെ കോൺഗ്രസുകാരുടെ നിർബന്ധം മൂലമാണ് വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചത്. പത്രിക നൽകി കാത്തിരുന്ന എന്നെ കോൺഗ്രസ് നേതാക്കൾ വഞ്ചിച്ചു. എന്റെ തൊലിക്കറുപ്പും ജാതിയും മാത്രമായിരുന്നു അവർക്ക് പോരായ്മ.'–- മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദളിത് കോൺഗ്രസ് ഭാരവാഹിയുമായ സുമ സന്തോഷ് കരച്ചിലടക്കാനാവതെ പറഞ്ഞു.
കൈനകരി പഞ്ചായത്ത് പത്താം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക നൽകിയ തന്നെ നേതൃത്വം കബളിപ്പിച്ചെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാതീയമായി അധിക്ഷേപിച്ചവരിൽ മുൻ എംഎൽഎ കെ കെ ഷാജുവുമുണ്ട്. സീറ്റ് നിഷേധിക്കാൻ ചരടു വലിച്ചത് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ബാബു പ്രസാദ് ആണ്.
വാർഡ് കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും സ്ഥാനാർഥിയായി അംഗീകരിച്ചത് തന്റെ പേരാണ്. ഈ തീരുമാനത്തെ കള്ള ഒപ്പിട്ട് അട്ടിമറിക്കുകയായിരുന്നു. സീറ്റ് മറ്റൊരാൾക്ക് കൊടുക്കുമെന്ന് സൂചന കിട്ടിയപ്പോൾ അന്വേഷിച്ചു. എസ്സി–-എസ്ടിക്കാർ മത്സരിച്ചാൽ മറ്റ് 11 വാർഡിലും സ്ഥാനാർഥികളെ കിട്ടില്ലെന്നായിരുന്നു നേതാക്കളുടെ മറുപടി. ഡിസിസി പ്രസിഡന്റ് എം ലിജുവും ഷാനിമോൾ ഉസ്മാൻ എംഎൽഎയും സീറ്റ് തരാമെന്ന് പറഞ്ഞു. ചിഹ്നത്തിന് കത്ത് വാങ്ങാൻ 22ന് രാവിലെ ഡിസിസിയിൽ പോയി. വൈകിട്ട് ഏഴിന് ശേഷമാണ് സീറ്റ് മറ്റൊരാൾക്കാണെന്ന് അറിയിക്കുകയായിരുന്നുവെന്നും- സുമ പറഞ്ഞു. സ്വതന്ത്രയായി മത്സരിക്കുന്ന ഇവർ കോൺഗ്രസ് അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സ്ഥാനാർഥിയായുള്ള തന്റെ പോസ്റ്റർ കത്തിച്ചു.
ദളിതർക്കും വനിതകൾക്കും രക്ഷയില്ല
ദളിതർക്കും വനിതകൾക്കും കോൺഗ്രസിൽ രക്ഷയില്ലെന്നാണ് തന്റെ അനുഭവം വ്യക്തമാക്കുന്നതെന്ന് സുമ സന്തോഷ്. കോൺഗ്രസ് സ്ഥാനാർഥിയായുള്ള പോസ്റ്ററും ബോർഡുമൊക്കെ തയ്യാറാക്കിയതിന് 17, 000 രൂപ ചെലവായി. ഏറ്റവുമധികം ജാതി പറയുന്ന പാർടി കോൺഗ്രസാണ്. ജാതീയമായ അധിക്ഷേപവും വിവേചനവും നേരിടേണ്ടി വരുമെന്ന് ദളിതരായ കോൺഗ്രസുകാർ മനസിലാക്കണം–- സുമ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..