16 January Saturday

അൻപുടൻ കേട്ടുകൊൾകിറേൻ...; അതിർത്തി ഗ്രാമങ്ങളിൽ വേറിട്ട പ്രചാരണം

സി അജിത്‌Updated: Sunday Nov 29, 2020

കൊഴിഞ്ഞാമ്പാറയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ തമിഴ്‌ ചുവരെഴുത്ത്

പാലക്കാട്‌ > ‘ഉങ്കൾ അരുമൈ വേട്‌പാളറെ വെട്രിപെറ വേണ്ടുമെൻട്ര്‌ അൻപുടൻ കേട്ടുകൊൾകിറേൻ....’ (നിങ്ങളുടെ ഇഷ്ടസ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന്‌ സ്‌നേഹത്തോടെ അഭ്യർഥിക്കുന്നു). ജില്ലയുടെ അതിർത്തിഗ്രാമങ്ങളിൽ സ്ഥാനാർഥികളുടെ വോട്ടഭ്യർഥന നോട്ടീസ്‌ അവസാനിക്കുന്നത്‌ ഇങ്ങനെ. തമിഴകത്തിന് സമാനമായ തെരഞ്ഞെടുപ്പ്‌ ആരവമാണ്‌ ഇവിടെ‌. പ്രചാരണങ്ങൾക്കെല്ലാം തമിഴ്‌ടച്ച്‌. ചുമരെഴുത്തും ബോർഡും ബാനറും നോട്ടീസും സ്ഥാനാർഥിയുടെ അഭ്യർഥനയുമെല്ലാം തമിഴിൽ. നവമാധ്യമങ്ങൾ മുഖേനയും തമിഴിൽ പ്രചാരണമുണ്ട്‌.
 
തമിഴ്‌നാടിനോട്‌ ചേർന്നുള്ള വാളയാർ, എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, മുതലമട, നെല്ലിയാമ്പതി, അട്ടപ്പാടി, പെരുമാട്ടി എന്നിവിടങ്ങളിലാണ്‌ തമിഴിൽ പ്രചാരണം കൊഴുക്കുന്നത്‌. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാർഥിപര്യടനം ഇവിടെ ആഘോഷമാണ്‌. ശിങ്കാരിമേളം, തപ്പട്ട, നാസിക്‌ ഡോൾ ഉൾപ്പെടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്‌ രാഷ്‌ട്രീയപാർടികൾ സ്ഥാനാർഥികളെ വരവേൽക്കുന്നത്‌.
 
ആരതി ഉഴിഞ്ഞും പൊട്ട്‌ തൊട്ടും തമിഴകരീതികളെ ഇവിടെയും അനുകരിക്കാറുണ്ട്‌. ഇത്തവണ കോവിഡ്‌ പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ ഇത്തരം ‘മാസ്‌’പരിപാടികൾ ഒഴിവാക്കി‌.തമിഴ്‌ ടൈപ്പ്‌ ചെയ്യുന്നവർക്കും ചുവരെഴുതുന്നവർക്കും ഈ മേഖലയിൽ വലിയ ഡിമാൻഡ്‌ ആണ്‌. തമിഴ്‌നാട്ടിൽനിന്ന്‌ ആളെ ഇറക്കി‌ എഴുതിപ്പിക്കുന്നവരുമുണ്ട്‌. ചിലയിടങ്ങളിലെങ്കിലും തമിഴ്‌നാട്ടിലെ രാഷ്‌ട്രീയപാർടികളും മത്സരരംഗത്തുണ്ട്‌. ഡിഎംകെ, എഐഎഡിഎംകെ സ്ഥാനാർഥികളാണ്‌ പ്രധാനമായും മത്സരിക്കാറുള്ളത്‌.
 
2015ലെ തെരഞ്ഞെടുപ്പിൽ തമിഴ്‌മേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ എൽഡിഎഫ്‌ വൻ മുന്നേറ്റം സൃഷ്‌ടിച്ചു. അട്ടപ്പാടിയിലെ അഗളിയും പുതൂരും ഷോളയൂരും വാളയാർ ഉൾപ്പെടുന്ന പുതുശേരി, ചമ്മണാംപതിയും ഗോവിന്ദാപുരവും ഉൾപ്പെടുന്ന മുതലമട, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നെല്ലിയാമ്പതി  പഞ്ചായത്തുകളിൽ വിജയിച്ചത്‌ എൽഡിഎഫാണ്‌. അതിർത്തിയിലെ കുടിവെള്ള, കാർഷിക പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുകയും പരിഹാരം കാണുകയും ചെയ്‌ത എൽഡിഎഫ്‌ വീണ്ടും ഇവിടെ വെന്നിക്കൊടി പാറിക്കുമെന്നുറപ്പാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top