22 October Tuesday

ഉപതെരഞ്ഞെടുപ്പ് വിധി നിർണായകമായത് ആറിടത്ത്; ഭരണമാറ്റം രണ്ടിടത്ത് മാത്രം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

കൊച്ചി> സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആറിടത്ത് വിധി നിർണായകമായിരുന്നെങ്കിലും ഭരണം മാറിയത് രണ്ടിടത്ത് മാത്രം. വയനാട് ജില്ലയിലെ മാണ്ടാട് വാർഡിൽ  പഞ്ചായത്ത‌് 13-ാം വാർഡ‌്  (മാണ്ടാട‌് ) ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി അബ്ദുള്ള പുൽപ്പാടി വിജയിച്ചു. അതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചു. 19 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌്  റിബലായി സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം എല്‍ഡിഎഫുമായി ചേർന്ന‌്  പഞ്ചായത്ത‌് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് യുഡിഎഫിനൊപ്പമായി.

തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്ത്‌ വെള്ളംകുടി വാർഡ്‌ എൽഡിഎഫിൽനിന്ന്‌ യുഡിഎഫ്‌ പിടിച്ചെടുത്തു. കോൺഗ്രസിന്റെ ശിവദാസൻ 143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. ഇതോടെ പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന് നഷ്ടമായി. യുഡിഎഫ് 9 എൽഡിഎഫ് 8 എന്ന നിലയിലായിരുന്നു കഷിനില.

ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. 13 അംഗ പഞ്ചായത്തില്‍  6 - 6 എന്നതായിരുന്നു കക്ഷിനില. ഇതോടെ എൽഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി. സിപിഐ എം അംഗം പി കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. പി കെ രവീന്ദ്രന്റെ മകനായിരുന്നു  യുഡിഎഫ് സ്ഥാനാർത്ഥി വിഷ്ണു രവീന്ദ്രൻ. ബിജെപി സ്ഥാനാര്‍ത്ഥിയായി ഐ കെ ശശിയും മത്സരിച്ചു.

മലപ്പുറം ജില്ലയിലെ തിരൂർ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗൺ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. 20 അംഗ പഞ്ചായത്തിൽ യുഡിഎഫ് -10, എൽഡിഎഫ് -9 എന്നായിരുന്നു കക്ഷിനില. യുഡിഎഫ് സ്ഥാനാർത്ഥി സി എം ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, ആകെ പോൾ ചെയ്ത 1086 വോട്ടിൽ സി എം ടി സീതി ' 596 വോട്ടും എൽ ഡി എഫിലെ നാസർ കല്ലിങ്ങലകത്ത് 490 വോട്ടും നേടി. കൂട്ടായി വാർഡ് അംഗമായിരുന്ന മുസ്ലീം ലീഗിലെ അൽത്താഫ് ഹുസൈൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ‌്.

തൊടുപുഴ നഗരസഭ 23 ആം വാർഡ് ബിജെപി നിലനിർത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി മായാ ദിനുവിന്റെ  ജയം. 35 അംഗ കൗൺസിലിൽ യുഡിഎഫ് - 14, എൽഡിഎഫ്- 13, ബിജെപി-8 എന്നിങ്ങനെ ആയിരുന്നു കക്ഷിനില. മായാ ദിനുവിന് 574 വോട്ടും യു ഡി എഫ് സ്ഥാനാർഥി നാഗേശ്വരി അമ്മാൾ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എൽഡിഎഫ് സ്ഥാനാർഥി രാജി രാജന് 134 വോട്ടും ലഭിച്ചു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയിച്ചു. ഇതോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ഷീന ഹരിദാസ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഷീനയ്ക്ക് 1680 വോട്ടും യുഡിഎഫ് സ്ഥാനാർഥി ശ്രീജ വേണുഗോപാലിന് 1415 വോട്ടും ബിജെപി സ്ഥാനാർഥി ദീപ രാജേഷിന് 335 വോട്ടുമാണ് ലഭിച്ചത്. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറുമായിരുന്നു കക്ഷിനില.


പ്രധാന വാർത്തകൾ
 Top