Deshabhimani

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് 16, എൽഡിഎഫ് 11, എൻഡിഎ 3

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 01:11 PM | 0 min read

തിരുവനന്തപുരം> സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് 11 സീറ്റിലും യുഡിഎഫ് 16 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും ജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലായി നാലു ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം

വെള്ളട പഞ്ചായത്തിലെ കരിക്കാമൻകോട് വാർഡ് ബിജെപി സിറ്റിങ് സീറ്റ് നിലനിർത്തി. അഖിലാ മനോജ് 130 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

കൊല്ലം

തേവലക്കര

തേവലക്കര പഞ്ചായത്തിലെ അരിനല്ലൂർ സൗത്തിൽ കോൺ​ഗ്രസ് സിറ്റിം​ഗ് സീറ്റിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി അജിത സാജൻ 506 വോട്ടുകൾ നേടി 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് തിരിച്ചു പിടിച്ചത്. കോൺഗ്രസ് അം​ഗമായ ടെൽമ മേരി വിദേശത്തേക്കു പോയതിനാലാണ്‌ ഉപതെരഞ്ഞെടുപ്പ് നടന്നത്.

നടുവിലക്കര

കല്ലട പഞ്ചായത്തിലെ നടുവിലക്കരയിൽ സീറ്റ്‌ നഷ്ടപ്പെട്ട്‌ യുഡിഎഫ്‌. യുഡിഎഫ്‌ സീറ്റിൽ സിപിഐയിലെ സിന്ധു കോയിപ്പുറത്തിന്‌ 351 വോട്ട്‌ നേടി മിന്നുന്ന ജയം.കോൺഗ്രസ്‌ വാർഡ്‌ അംഗമായിരുന്ന ബിന്ദുവിന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫ്‌ സ്ഥാനാർഥി എസ്‌ അഖില 238 ഉും ബിജെപി സ്ഥാനാർഥി  ധന്യ 259 വോട്ടും നേടി. എൽഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തിൽ 14 വാർഡാണുള്ളത്‌. എൽഡിഎഫ്‌ – എട്ട്, യുഡിഎഫ്‌– നാല്, ബിജെപി– ഒന്ന് എന്നിങ്ങനെയാണ്‌ കക്ഷി നില.

ആലഞ്ചേരി

ആലഞ്ചേരിയിൽ സിറ്റിങ്  സീറ്റ്‌ നിലനിർത്തി സിപിഐ എം. എൽഡിഎഫ്‌ സ്ഥാനാർഥി എസ്‌ ആർ മഞ്ജു 510 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫിൽനിന്ന്‌ അന്നമ്മ (സുജാ വിത്സൺ) 368 വോട്ടും ബിജെപിയിൽനിന്ന്‌ എം ഷൈനി 423 വോട്ടും നേടി. സിപിഐ എം പ്രതിനിധിയായ അജിമോൾ വിദേശത്ത്‌ പോയതിനെത്തുടർന്നുള്ള ഒഴിവിലാണ്‌ തെരഞ്ഞെടുപ്പ്‌. എൽഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തിൽ സിപിഐ എം –ആറ്, സിപിഐ – 7 , യുഡിഎഫ്‌ –രണ്ട് , ബിജെപി–മൂന്ന് എന്നിങ്ങനെയാണ്‌ നിലവിലെ കക്ഷിനില.

തെറ്റുമുറി

കൊല്ലം തെറ്റുമുറിയിൽ ബിജെപിയുടെ സീറ്റ്‌ പിടിച്ചെടുത്ത്‌ എൽഡിഎഫ്‌. 390 വോട്ട്‌ നേടിയാണ്‌  എൽഡിഎഫ്‌ സ്ഥാനാർഥി എൻ തുളസി വിജയിച്ചത്‌.  ബിജെപിയുടെ സുരേഷ്‌ തച്ചയ്യന്റത്തിന്‌ 202 വോട്ടുകൾ മാത്രമാണ്‌ നേടാൻ കഴിഞ്ഞത്‌. യുഡിഎഫിന്റെ അഖിൽ പൂലേത്‌  226 വൊട്ടുകൾ നേടി.  തെറ്റുമുറിയിൽ ബിജെപി അംഗം അമൽരാജ്‌ രാജിവച്ച ഒഴിവിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌. എൽഡിഎഫ്‌ (എട്ട്), യുഡിഎഫ്‌ (മൂന്ന്), ബിജെപി (നാല്) സ്വതന്ത്രൻ (ഒന്ന്)എന്നിങ്ങനെയാണ്‌ പഞ്ചായത്തിലെ കക്ഷിനില.

പാലയ്ക്കൽ

തേവലക്കര പഞ്ചായത്തിലെ പാലയ്ക്കൽ വടക്ക് യുഡിഎഫിലെ ബിസ്മി അനസ് ജയിച്ചു. എൽഡിഎഫിലെ ബീനാ റഷീദിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌.

പൂങ്കോട്

ചടയമം​ഗലം പഞ്ചായത്തിലെ പൂങ്കോട് വാർഡിൽ യുഡിഎഫിൽനിന്ന്‌ ഉഷാബോസ് ജയിച്ചു. എൽഡിഎഫ് അംഗമായ ശ്രീജയ്ക്ക്‌ ജോലി ലഭിച്ചതിനെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌.


പത്തനംതിട്ട

കോന്നി ബ്ലോക്ക് -ഇളകൊള്ളൂർ

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫിലെ ജോളി ഡാനിയേൽ ജയിച്ചു. യുഡിഎഫ് മെമ്പറെ അയോഗ്യയാക്കിയതിനെ തുടർന്നാണ്‌ ഇളകൊള്ളൂരിൽ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.

പന്തളം ബ്ലോക്ക്- വല്ലന

പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന ഡിവിഷനി യുഡിഎഫ് സ്ഥാനാർഥി ശരത് മോഹൻ ജയിച്ചു. കോൺഗ്രസ് ജനപ്രതിനിധിയെ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പുളിഞ്ചാണി

അരുവാപ്പുലം പഞ്ചായത്ത് പുളിഞ്ചാണി വാർഡിൽ എൽഡിഎഫ് മിനി രാജീവ് ജയിച്ചു. സിപിഐ എം അംഗം സി എൻ ബിന്ദുവിന്‌ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന്‌ പഞ്ചായത്തംഗത്വം രാജിവയ്‌ക്കുകയായിരുന്നു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

എഴുമറ്റൂർ

എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ യുഡിഎഫ് സീറ്റിൽ ബിജെപി ജയിച്ചു. എൻഡിഎ സ്ഥാനാർഥി ആർ റാണിയാണ് ജയിച്ചത്. മുൻ വാർഡ് അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

നിരണം


നിരണം പഞ്ചായത്തിലെ കിഴക്കുംമുറിയിൽ യുഡിഎഫ് സ്ഥാനാർഥി മാത്യു ബേബി ജയിച്ചു. എൽഡിഎഫിലെ  ലതാ പ്രസാദ് മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ആലപ്പുഴ

ആര്യാട് ബ്ലോക്ക് വളവനാട് ഡിവിഷൻ

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ അരുൺ ദേവ് വിജയിച്ചു. യുഡിഎഫിലെ ഷൈൻ മങ്കടക്കാടിനേക്കാൾ  1911 വോട്ടിന്റെ ഭൂരിപക്ഷം നേടി. ബിജെപി സ്‌ഥാനാർഥി ഡി പ്രസാദിന് 648 വോട്ട് ലഭിച്ചു. സിപിഐ എം  അംഗമായിരുന്ന എം രജീഷിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

പത്തിയൂർ

പത്തിയൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ യുഡിഎഫ് ജയിച്ചു. യുഡിഎഫ് സ്ഥാനാർഥി ദീപക് ജയിച്ചു. എൽഡിഎഫ് അം​ഗത്തിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കോട്ടയം

ഈരാറ്റുപേട്ട

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ 16–ാം വാർഡിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി റൂബിനാ നാസർ വിജയിച്ചു. യുഡിഎഫ് കൗൺസിലർ അൻസ പരീക്കുട്ടി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച സാഹചര്യത്തിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌.

അതിരമ്പുഴ

അതിരമ്പുഴ പഞ്ചായത്തിൽ മൂന്നാംവാർഡ്‌ ഐടിഐയിൽ എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സിറ്റിങ് സീറ്റിൽ എൽഡിഎഫിലെ മാത്യു ടി ഡി തോട്ടനാനിയാണ് ജയിച്ചത്. യുഡിഎഫ്‌ അംഗം സജി തടത്തിൽ രാജിവച്ച് യുകെയിൽ പോയ സാഹചര്യത്തിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌.

ഇടുക്കി

ഇടുക്കി ബ്ലോക്ക്‌- കഞ്ഞിക്കുഴി

ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്തിലെ കഞ്ഞിക്കുഴി വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സാന്ദ്ര മോൾ ജിന്നി വിജയിച്ചു. നിലവിലെ അംഗം രാജിചന്ദ്രൻ യുഡിഎഫിൽനിന്ന്‌ കൂറുമാറിയതിനെത്തുടർന്ന് കോടതി അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ്

കരിമണ്ണൂർ

കരിമണ്ണൂർ പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ യുഡിഎഫ്‌ എ എൻ ദിലീപ് കുമാർ വിജയിച്ചു. എൽഡിഎഫ്‌ സ്വതന്ത്രൻ ഡി ദേവസ്യയെ കോടതി അയോഗ്യനാക്കിയതിനെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌.

തൃശൂർ

കൊടുങ്ങല്ലൂർ നഗരസഭ- മസ്ജിദ് വാർഡ്‌

കൊടുങ്ങല്ലൂർ നഗരസഭയിലെ മസ്ജിദ് വാർഡ് ബിജെപി നിലനിർത്തി. എൻഡിഎ സ്ഥാനാർഥി ​ഗീതാ റാണി വിജയിച്ചു. ബിജെപിയിലെ ടി ഡി വെങ്കിടേശ്വരൻ രാജിവച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്.

നാട്ടിക

നാട്ടിക പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പി വിനു വിജയിച്ചു. എൽഡിഎഫിലെ കെ ബി ഷൺമുഖൻ അന്തരിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌.

ചൊവ്വന്നൂർ

ചൊവ്വന്നൂർ പഞ്ചായത്തിലെ പൂശപ്പിള്ളി മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സെബി മണ്ടുംപാൽ വിജയിച്ചു. യുഡിഎഫിലെ സി കെ ജോൺ അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

പാലക്കാട്‌

ചാലിശേരി

ചാലിശേരി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ സുജിത വിജയിച്ചു. പ്രസിഡന്റ്‌ കൂടിയായ മെയിൻ റോഡ്‌ വാർഡ്‌ അംഗം യുഡിഎഫിലെ എ വി സന്ധ്യ രാജിവച്ചതിനെ തുടർന്നാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌.

കൊടുവായൂർ

കൊടുവായൂർ പഞ്ചായത്തിലെ കോളാട്‌ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എ മുരളീധരൻ വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൽഡിഎഫിന്റെ കെ കെ മണി (കുട്ടുമണി)യുടെ നിര്യാണത്തെ തുടർന്നാണ്‌ ഉപതിരഞ്ഞെടുപ്പ്.

കോഴിയോട്

തച്ചംപാറ പഞ്ചായത്തിലെ കോഴിയോട് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി അലി തേക്കത്ത് വിജയിച്ചു. എൽഡിഎഫിലെ ജോർജ് തച്ചമ്പാറ രാജിവച്ച ഒഴിവിലാണ്‌ ഉപതെരഞ്ഞെടുപ്പ്.

മലപ്പുറം

മലപ്പുറം ജില്ലാ പഞ്ചായത്ത്

മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനിൽ യുഡിഎഫിലെ എൻ എം രാജനാണ് ജയിച്ചത്. യുഡിഎഫ് അം​ഗം എ പി ഉണ്ണിക്കൃഷ്ണന്റെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

മഞ്ചേരി നഗരസഭ കരുവമ്പ്രം

മഞ്ചേരി ന​ഗരസഭയിലെ കരുവമ്പ്രം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പി എ ഫൈസൽ മോൻ ജയിച്ചു. എൽഡിഎഫിലെ പി വിശ്വനാഥനെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.

തൃക്കലങ്ങോട്

തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡിൽ യുഡിഎഫ് ജയിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ ടി ലൈല ജലീലാണ് ജയിച്ചത്. എൽഡിഎഫ്‌ വാർഡ്‌ അംഗമായിരുന്ന അജിത കലങ്ങോടുപറമ്പിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്.

ആലങ്കോട്‌

ആലങ്കോട്‌ പഞ്ചായത്തിലെ പെരുമുക്ക് വാർഡിൽ എൽഡിഎഫ് സ്ഥാനാർതഥി അബ്‌ദുറഹിമാൻ എന്ന അബ്‌ദ്രു ആണ് ജയിച്ചത്. മരിച്ച ആളുടെ പേരിലുള്ള പെൻഷൻ തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട യുഡിഎഫ് അം​ഗം ഹക്കിം പെരുമുക്ക് രാജിവച്ച ഒഴിവിലേക്കാണ്  ഉപതെരഞ്ഞെടുപ്പ്.

കോഴിക്കോട്‌

കാരശേരി

കാരശേരി പഞ്ചായത്ത് പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കെ കൃഷ്ണദാസ് വിജയിച്ചു.
വാർഡ് മെമ്പറായിരുന്ന കോൺഗ്രസിലെ കുഞ്ഞാലി മമ്പാട്ടിൻ്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.

കണ്ണൂർ

മാടായി

മാടായി പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി മണി പവിത്രനാണ് ജയിച്ചത്. എൽഡിഎഫ് അംഗം ടി പുഷ്പ ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

കണിച്ചാർ

കണിച്ചാർ പഞ്ചായത്ത് ചെങ്ങോം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി രതീഷ് പൊരുന്നൻ വിജയിച്ചു. സിപിഐ എമ്മിലെ വി കെ ശ്രീകുമാർ സർക്കാർ ജോലിയിൽ പ്രവേശിച്ചതിനാലാണ് രാജിവെച്ചത്.



deshabhimani section

Related News

0 comments
Sort by

Home