കൊല്ലത്ത് എൽഡിഎഫിന് മിന്നും ജയം; പിടിച്ചെടുത്തത് യുഡിഎഫ്, ബിജെപി സിറ്റിങ് സീറ്റുകൾ
കൊല്ലം> കൊല്ലം ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നും ജയം. ആറ് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും എൽഡിഎഫ് ജയിച്ചു. യുഡിഎഫിന്റെയും ബിജെപിയുടെയും സിറ്റിങ് സീറ്റുകളടക്കം പിടിച്ചെടുത്താണ് എൽഡിഎഫ് മുന്നേറ്റം.
യുഡിഎഫിന്റെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലക്കര വാർഡും തേവലക്കര പഞ്ചായത്തിലെ അരിനല്ലൂർ സൗത്ത് വാർഡുമാണ് എൽഡിഎഫ് പിടിച്ചെടുത്തത്. കുന്നത്തൂർ പഞ്ചായത്തിലെ ബിജെപിയുടെ തെറ്റുമുറി വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ തേവലക്കര പഞ്ചായത്തിലെ പാലയ്ക്കൽ വടക്ക് വാർഡിലും ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് വാർഡിലും യുഡിഎഫ് ജയിച്ചു.
തേവലക്കര
തേവലക്കര പഞ്ചായത്തിലെ അരിനല്ലൂർ സൗത്തിൽ കോൺഗ്രസ് സിറ്റിങ് സീറ്റിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി അജിത സാജൻ 506 വോട്ടുകൾ നേടി 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് തിരിച്ചു പിടിച്ചത്. കോൺഗ്രസ് അംഗമായ ടെൽമ മേരി വിദേശത്തേക്കു പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
നടുവിലക്കര
കല്ലട പഞ്ചായത്തിലെ നടുവിലക്കരയിൽ സീറ്റ് നഷ്ടപ്പെട്ട് യുഡിഎഫ്. യുഡിഎഫ് സീറ്റിൽ സിപിഐയിലെ സിന്ധു കോയിപ്പുറത്തിന് 351 വോട്ട് നേടി മിന്നുന്ന ജയം. കോൺഗ്രസ് വാർഡ് അംഗമായിരുന്ന ബിന്ദുവിന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാർഥി എസ് അഖില 238 ഉും ബിജെപി സ്ഥാനാർഥി ധന്യ 259 വോട്ടും നേടി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 14 വാർഡാണുള്ളത്. എൽഡിഎഫ് – എട്ട്, യുഡിഎഫ്– നാല്, ബിജെപി– ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
ആലഞ്ചേരി
ആലഞ്ചേരിയിൽ സിറ്റിങ് സീറ്റ് നിലനിർത്തി സിപിഐ എം. എൽഡിഎഫ് സ്ഥാനാർഥി എസ് ആർ മഞ്ജു 510 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫിൽനിന്ന് അന്നമ്മ (സുജാ വിത്സൺ) 368 വോട്ടും ബിജെപിയിൽനിന്ന് എം ഷൈനി 423 വോട്ടും നേടി. സിപിഐ എം പ്രതിനിധിയായ അജിമോൾ വിദേശത്ത് പോയതിനെത്തുടർന്നുള്ള ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഐ എം –ആറ്, സിപിഐ – 7 , യുഡിഎഫ് –രണ്ട് , ബിജെപി–മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
തെറ്റുമുറി
കൊല്ലം തെറ്റുമുറിയിൽ ബിജെപിയുടെ സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. 390 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി എൻ തുളസി വിജയിച്ചത്. ബിജെപിയുടെ സുരേഷ് തച്ചയ്യന്റത്തിന് 202 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. യുഡിഎഫിന്റെ അഖിൽ പൂലേത് 226 വൊട്ടുകൾ നേടി. തെറ്റുമുറിയിൽ ബിജെപി അംഗം അമൽരാജ് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് (എട്ട്), യുഡിഎഫ് (മൂന്ന്), ബിജെപി (നാല്) സ്വതന്ത്രൻ (ഒന്ന്)എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
പാലയ്ക്കൽ
തേവലക്കര പഞ്ചായത്തിലെ പാലയ്ക്കൽ വടക്ക് യുഡിഎഫിലെ ബിസ്മി അനസ് ജയിച്ചു. എൽഡിഎഫിലെ ബീനാ റഷീദിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
പൂങ്കോട്
ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് വാർഡിൽ യുഡിഎഫിൽനിന്ന് ഉഷാബോസ് ജയിച്ചു. എൽഡിഎഫ് അംഗമായ ശ്രീജയ്ക്ക് ജോലി ലഭിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
0 comments