കൊച്ചി> തദ്ദേശ ഭരണ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം. പത്തൊമ്പതിൽ ഒമ്പത് സീറ്റ് എൽഡിഎഫ് നേടി. ഇതിൽ രണ്ടിടത്ത് ബിജെപിയിൽ നിന്നും ഒരിടത്ത് യുഡിഎഫിൽ നിന്നും പൂഞ്ഞാറിൽ പി സി ജോർജിന്റെ പാർട്ടിയിൽ നിന്നും സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. നിലവിൽ ഒമ്പത് സീറ്റുകളായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്.
യുഡിഎഫിന് ഒമ്പത് സീറ്റുണ്ട്. ഇതിൽ മൂന്ന് സീറ്റ് കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച സീറ്റുകളാണ്. 2020 ൽ എൽഡിഎഫ് ഒരു വോട്ടിനും നാലു വോട്ടിനും ഭൂരിപക്ഷത്തിന് ജയിച്ച രണ്ട് വാർഡുകൾ ഈ പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. പത്തനംതിട്ടയിലെ മൈലപ്ര, പാലക്കാട് മുതലമട, കണ്ണൂരിൽ ചെറുതാഴം എന്നിവിടങ്ങളിലാണ് എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചത്. ഇതിൽ മുതലമടയിൽ നാലു വോട്ടിനും ചെറുതാഴത്ത് ഒരു വോട്ടിനുമാണ് കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചത്
ബിജെപിക്ക് നിലവിലുണ്ടായിരുന്ന രണ്ട് സീറ്റും പോയി. രണ്ടിടത്തും എൽഡിഎഫാണ് ജയിച്ചത്. എന്നാൽ പാലക്കാട്ട് ഒരു സീറ്റ് അവർക്ക് എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാനായി. കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലും എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിലുമാണ് ബിജെപി സീറ്റുകൾ എൽഡിഎഫ് പിടിച്ചത്.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിലാണ് യുഡിഎഫ് സീറ്റ് പിടിച്ചത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ പിസി ജോർജിന്റെ ജനപക്ഷം ജയിച്ച വാർഡും ഇക്കുറി എൽഡിഎഫ് പിടിച്ചെടുത്തു.
തിരുവനന്തപുരം
തലസ്ഥാനത്ത് കോർപറേഷനിലെ മുട്ടട വാർഡിൽ എൽഡിഎഫിന് ഉജ്വല വിജയം. സിപിഐ എമ്മിലെ അജിത് രവീന്ദ്രൻ 203 വോട്ടിന് കോൺഗ്രസിലെ ആർ ലാലനെ പരാജയപ്പെടുത്തി. എൽഡിഎഫ് കൗൺസിലറായിരുന്ന ടി പി റിനോയിയുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറിയുമാണ് അജിത്.
പഴയകുന്നുമ്മൽ പഞ്ചായത്തിലെ കനാറാ വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ എ അപർണ 12 വോട്ടിനാണ് വിജയിച്ചത്. വി എൽ രേവതിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
കൊല്ലം
അഞ്ചൽ പഞ്ചായത്തിലെ തഴമേൽ വാർഡ് 14ൽ ബിജെപിയുടെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി ജി സോമരാജൻ 264 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയെ തറപറ്റിച്ചത്. യുഡിഎഫ് മൂന്നാം സ്ഥാനത്തായി.
ബിജെപിയിലെ ആഭ്യന്തരപ്രശ്നത്തെ തുടർന്ന് വാർഡംഗം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പട്ടികജാതി സംവരണ സീറ്റാണ്. എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന പഞ്ചായത്താണ് അഞ്ചൽ. ബവിലൂ (ബിജെപി), അഡ്വ. കെ സി ബിനു,(യുഡിഎഫ് സ്വതന്ത്രൻ), എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ.
പത്തനംതിട്ട
മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡിൽ യുഡിഎഫിലെ ജെസി വർഗീസ് വിജയിച്ചു.മുന്‍ അംഗം സിപിഐ എമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. എൽഡിഎഫിലെ ഷെറിന്. ബി.ജോസഫാണ് പരാജയപ്പെട്ടത്.
76 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫ് 230, എല്‍ഡിഎഫ് 156, ബിജെപി 146. പഞ്ചായത്തില്‍ അംഗസംഖ്യ സമാസമമായി.ഇതോടെ ഭരണത്തിനായി ടോസ് ഇടേണ്ടി വരും.
കോട്ടയം
കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ബിന്ദു അശോകൻ വിജയിച്ചു. 12 വോട്ടിനാണ് വിജയം.പിസി ജോർജിന്റെ ജനപക്ഷത്തിന്റെ സീറ്റിംഗ് സീറ്റിൽ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളി പോയി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ 264 വോട്ട് നേടിയപ്പോൾ യുഡിഫ് സ്ഥാനർഥിക്ക് 252 വോട്ടും എൻഡിഎ പിന്തുണയുള്ള പിസി ജോർജിന്റെ ജനപക്ഷം സ്ഥാനാർഥിക്ക് 239 വോട്ടെ ലഭിച്ചൊള്ളു. 15 വർഷമായി പിസി ജോർജിന്റെ സ്ഥാനാർഥികൾ വിജയിച്ചിരുന്ന വാർഡിലാണ് എൽഡി എഫ് അട്ടിമറി വിജയം നേടിയത്
പതിമൂന്ന് അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്.
2020 ലെ തിരഞ്ഞെടുപ്പിൽ കേരള ജനപക്ഷം സ്ഥാനാർഥി ഷെൽമി റെന്നി 71 വോട്ടിന് ജയിച്ച സീറ്റാണ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ശാന്തിജോസ് ഇത്തവണ ജനപക്ഷം സ്ഥാനാർഥിയായി ബിജെപി പിന്തുണയോടെയാണ് മത്സരിച്ചത്. യുഡിഎഫിൽനിന്ന് മഞ്ജു ജയ്മോനാണ് യുഡിഎഫിന് വേണ്ടി മത്സരിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫിന് 75 വോട്ടേ ഉണ്ടായിരുന്നുള്ളൂ.
മണിമല ഗ്രാമപഞ്ചായത്ത് മുക്കട ആറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് മിന്നും വിജയം. എൽഡിഎഫിലെ സുജ ബാബു 127 വോട്ടിന് വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു. എൽ ഡി എഫ് അംഗമായിരുന്ന സിപിഐ എമ്മിലെ വി കെ ബാബുവിൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വികെ ബാബുവിന്റെ ഭാര്യയാണ് സുജാ ബാബു.
കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫിന്റെ കുത്തകയായിരുന്ന ആറാം വാർഡ് 2020 തെരഞ്ഞെടുപ്പിൽ വി കെ ബാബുവിലൂടെ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പതിനഞ്ചംഗ പഞ്ചായത്തിൽ എൽഡിഎഫ് 11 യുഡിഎഫ് നാല് എന്നിങ്ങനെയാണ് കക്ഷിനില. സുജാ ബാബു- 423 വോട്ട് നേടി,പ്രയ്സ് ജോസഫ്(യുഡിഎഫ്) 296 വോട്ടും, അജയകുമാർ( ബിജെപി) 19 വോട്ടും,വിവിൻ രാജ്(സ്വതന്ത്രൻ) 92 വോട്ടും നേടി. എൽഡിഎഫിന് 2020 നേക്കാൾ വോട്ട് കൂടിയിട്ടുണ്ട്. ബിജെപിക്ക് 202O ലഭിച്ച വോട്ടിന്റെ നേർപകുതി വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത്. സ്വതന്ത്രനും പിന്നിലാണ് ബിജെപിയുടെ നില.
കോട്ടയം നഗരസഭ വാർഡ് 38 (പുത്തൻ തോട്) യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥനാർത്ഥി സൂസൻ സേവ്യർ 75 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫ് അംഗമായിരുന്ന ജിഷ ഡെന്നി മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ആലപ്പുഴ
ചേർത്തല നഗരസഭ| പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ എ അജി വിജയിച്ചു. നിലവിലുണ്ടായിരുന്ന എൽഡിഎഫ് കൗൺസിലർ മരിച്ചതിനാലാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 310വോട്ടിന്റെ ഭുരിപക്ഷത്തിലാണ് വിജയം . കോൺഗ്രസിലെ കെ ആർ രൂപേഷ് , ബിജെപിയിലെ കെ പ്രേംകുമാർ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ആകെ വോട്ട് 1039: എ അജി LDF സ്വത. (588). അഡ്വ. പ്രേംകുമാർ കാർത്തികേയൻ ബിജെപി (278), കെ ആർ രൂപേഷ് കോൺ. 173. ഭൂരിപക്ഷം 310.
എറണാകുളം
കോതമംഗലം -നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ തുളുശ്ശേരികവല ആറാംവാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് ആണ് വിജയിച്ചത് . പട്ടികജാതി സംവരണ വാർഡായ ആറാം വാർഡിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി എൻഡിഎയിലെ ഉണ്ണികൃഷ്ണൻ മാങ്ങോടിനെ 99 വോട്ടിനാണ് അരുൺ സി ഗോവിന്ദ് പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി വിജിത്ത് വിജയന് മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ.
ബിജെപി അംഗം മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.21 അംഗ ഭരണസമിതിയിൽ എൽഡിഎഫ് - 13,യുഡിഎഫ് - 5, ബിജെപി - 2 എന്നിങ്ങനെയാണ് കക്ഷി നില. 80.20 ശതമാനം പോളിംഗാണ് നടന്നത്. 1398 പേർ ആകെ വോട്ട് ചെയ്തു.എൽഡിഎഫ്- 640, ബിജെപി -541, യുഡിഫ് -212 എന്നിങ്ങനെയാണ് വോട്ടുകൾ നേടിയത്.
പാലക്കാട്
പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നെണ്ണം യുഡിഎഫും ഒന്നുവീതം എൽഡിഎഫും ബിജെപിയും വിജയിച്ചു.
ലെക്കിടി പേരൂർ പഞ്ചായത്ത് 10 വാർഡ് (കാവ് ) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി മണികണ്ഠൻ 237 ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്വതന്ത്രനായി ജയിച്ച അകലൂർ ഉക്കാരത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി (അനിയേട്ടൻ) യുടെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് .കോൺഗ്രസിയല യുപി രവിയെയാണ് പരാജയപ്പെടുത്തിയത്. എം വിശ്വനാഥനാണ് ബി ജെ പി സ്ഥാനാർഥി.
എൽഡിഎഫ് സ്വതന്ത്രനായി ജയിച്ച അകലൂർ ഉക്കാരത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി (അനിയേട്ടൻ - 64) യുടെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പെരിങ്ങോട്ടുകുറിശി പഞ്ചായത്തിലെ എട്ട് ബമ്മണ്ണൂർ ഉപതെരഞ്ഞെടുപ്പിൽ എ വി ഗോപിനാഥ് പക്ഷം,കോൺഗ്രസും പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ആർ ഭാനുരേഖ 362 വോട്ടിന് വിജയിച്ചു. സി റീന (എൽഡിഎഫ് സ്വതന്ത്ര ),
പി ആർ ബിന്ദു (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ രാധാ മുരളിധരൻ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിലെ ആഭ്യന്തര കലാപമാണ് രാജിയിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കുകയില്ല. കോൺഗ്രസ് വിട്ട എ വി ഗോപിനാഥ് ഉൾപ്പെടെ 10 അംഗങ്ങളുണ്ട്. സിപിഐ എമ്മിന് അഞ്ച് അംഗങ്ങളുണ്ട്.
പാലക്കാട് കരിമ്പ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കപ്പടം കോൺഗ്രസ് സീറ്റ് നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി നീതു സുരാജ് 189 വോട്ടുകൾക്ക് വിജയിച്ചു. ഗീത ബാലകൃഷ്ണൻ (എൽഡിഎഫ്, സിപിഐ എം), സേതു (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന അരുൺ അച്ചുതൻ അർധസർക്കാർ സ്ഥാപനത്തിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുതലമട പഞ്ചായത്തിലെ പറയമ്പള്ളം വാർഡിൽ 124 വോട്ടിനു യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ ബി.മണികണ്ഠൻ വിജയിച്ചു. എ മുഹമ്മദ് മൂസ (എൽഡിഎഫ്), ഹരിദാസ് ചുവട്ടുപാടം (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
എൽഡിഎഫിലെ അബ്ദുൾ റഹ്മാൻ എന്ന റാസാപ്പ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ കല്ലമല മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി ശോഭന വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ ജിനിമോളെയാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായിരുന്നു. യു ഡി എഫ് സ്ഥാനാർഥി വത്സല വിശ്വനാഥൻ മൂന്നാം സ്ഥാനത്താണ്. വോട്ടിങ് നില: ബി ജെ പി 441 , സി പി ഐ 349, യു ഡി എഫ് സ്വതന്ത്ര 130 , ഭൂരിപക്ഷം. 92 വോട്ട്. എൽഡിഎഫിലെ പ്രമീള വിദ്യാഭ്യാസവകുപ്പിൽ എൽജിഎസ് ആയി ജോലി ലഭിച്ച് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റും പിടിച്ച് എൽഡിഎഫ് മുന്നേറ്റം. വേളം പഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാടിയിലെ കണലാട്, ചെങ്ങോട്ടുകാവ് ചേലിയ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പുതുപ്പാടി അഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത എൽഡിഎഫ്, വേളം കുറിച്ചകം വാർഡ് നിലനിർത്തി. ചെങ്ങോട്ടുകാവ് സിറ്റിംഗ് സീറ്റ് യുഡിഎഫ് ജയിച്ചു കയറി.
പുതുപ്പാടി പഞ്ചായത്ത് അഞ്ചാം വാർഡിൽ സിപിഐ എമ്മിലെ അജിത മനോജ് 154 വോട്ടിനാണ് വിജയിച്ചത്. പുതുപ്പാടി കണലാട് വാർഡിൽ യുഡിഎഫ് വാർഡ് അംഗം സിന്ധു സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 95 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് ജയം.
കോഴിക്കോട് വേളം കുറിച്ചകം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ പി എം കുമാരൻ മാസ്റ്റർ 126 വോട്ടിനാണ് വിജയിച്ചത്. വേളം കുറിച്ചകം വാർഡിൽ എൽഡിഎഫ് അംഗം കെ കെ മനോജന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ചെങ്ങോട്ടുകാവ് ചേലിയയിൽ യുഡിഎഫ് വാർഡ് അംഗം ടി കെ മജീദിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിൽ 112 വോട്ടിനാണ് കോൺഗ്രസിലെ അബ്ദുൾ ഷുക്കൂർ ജയിച്ചു കയറിയത്. എൽഡിഎഫാണ് നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത്. എൽഡിഎഫ് -9, യുഡിഎഫ്-6, ബിജെപി- 2 ആണ് കക്ഷി നില.
കണ്ണൂർ
കണ്ണൂർ കോർപ്പറേഷനിലെ പതിനാലാം ഡിവിഷനായ പള്ളിപ്രത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എ ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ 2006 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിലെ ടി വി റുക്സാനയ്ക്ക് 991 വോട്ട് ലഭിച്ചു. ബി ജെ പി സ്ഥാനാർഥിക്ക് 171 വോട്ടും ലഭിച്ചു. നിലവിലുണ്ടായിരുന്ന കൗൺസിലർ ഗൾഫിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പോകാൻ രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കണ്ണൂർ ചെറുത്താഴം പഞ്ചായത്ത് 16-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി യു രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി സി കരുണാകരനെയാണ് പരാജയപ്പെടുത്തിയത്. 80 വോട്ടിനാണ് ജയിച്ചത്.കഴിഞ്ഞ തവണ എൽഡിഎഫ് ഒരു വോട്ടിന് വിജയിച്ച സീറ്റായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..