26 June Wednesday

നുണപ്രചാരകര്‍ക്ക് ശബരിമലയൊന്നും "ശരണമായില്ല'; ജനഹൃദയങ്ങളില്‍ തന്നെ ഇടതുപക്ഷം

അമൽ കൃഷ്ണൻUpdated: Friday Feb 15, 2019

കൊച്ചി > ശബരിമലയുടെ പേരില്‍ നുണപ്രചരണവുമായി ഇറങ്ങിയവര്‍ക്ക് ബഹുജനങ്ങളാകെ നല്‍കിയ മുഖത്തടിച്ചുള്ള രണ്ടാമത്തെ അടിയാണ് ഇന്ന് പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലം. സ്ത്രീ പ്രവേശനം സംബന്ധിച്ച‌ സുപ്രീംകോടതി വിധി വന്നതിന‌് ശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ‌ിലും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ‌് ജനങ്ങൾ. കുപ്രചരണവുമായി വോട്ട് പിടിക്കാന്‍ ഇറങ്ങിയ ബിജെപിയുടെ തീവ്രഹിന്ദുത്വവും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ തന്ത്രങ്ങളും അപ്പാടെ പാളി. വിശ്വാസികളെന്ന മേലങ്കിയണിഞ്ഞ് ബിജെപിയും യുഡിഎഫും നടത്തിയ സമരകോലാഹലങ്ങള്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്ന് വീണ്ടും തെളിഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുറപ്പെടുവിപ്പിച്ച ശേഷം സംസ്ഥാനമാകെ സംഘപരിവാര്‍ കലാപം അഴിച്ചുവിട്ട സമയത്താണ് കഴിഞ്ഞ നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളിലും എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടി. ഇതില്‍ ആറ് സീറ്റുകള്‍ യുഡിഎഫില്‍ നിന്നും ഒരു സീറ്റ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തവയാണ്.

ഇതില്‍ ശബരിമല വിഷയം ആളിക്കത്തിച്ച പത്തനംതിട്ടയിലെ രണ്ട് മുൻസിപ്പല്‍ വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം മാത്രം മതി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ദയനീയാവസ്ഥ മനസിലാക്കാന്‍. ബിജെപിക്ക് ഒരിടത്ത് കിട്ടിയത് ഏഴ് വോട്ട്. മറ്റൊരിടത്ത് 12 വോട്ട്. ബിജെപിയുടെ നാമജപ സമരകേന്ദ്രങ്ങളും, ബിജെപിക്കൊപ്പം കൊടിപിടിക്കാതെ പോയ കോണ്‍ഗ്രസിന്റെ സ്വാധീനകേന്ദ്രങ്ങളും ഇരുവരെയും കൈവിട്ടു.

കൈനകരിയിൽ നടന്ന എൽഡിഎഫ‌് വിജയാഹ്ലാദ പ്രകടനം

കൈനകരിയിൽ നടന്ന എൽഡിഎഫ‌് വിജയാഹ്ലാദ പ്രകടനംഎറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയായിരുന്നു കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് സംഘപരിവാര്‍ സമര കേന്ദ്രങ്ങളില്‍ പ്രധാനം. തൃപ്പൂണിത്തുറ മുൻസിപ്പല്‍ വാര്‍ഡ് യുഡിഎഫില്‍നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തത് 480 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ കോണ്‍ഗ്രസ് വോട്ട് അപ്പാടെ ബിജെപിയിലേക്കൊഴുകി. തെരഞ്ഞെടുപ്പ് നടന്ന മറ്റ് ജില്ലകളിലെ വാര്‍ഡുകളിലെ അവസ്ഥയും ഇതുതന്നെ.

മാസങ്ങള്‍ക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയും വ്യത്യസ്തമല്ല. ശബരിമലയുടെ പേരില്‍ ഇടതുപക്ഷത്തിനെതിരെ കുപ്രചരണങ്ങള്‍ മാത്രമായിരുന്നു ഇക്കുറിയും യുഡിഎഫിന്റെയും ബിജെപിയുടെയും ആയുധം. എന്നാല്‍ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 16 ഇടത്തും മികച്ച വിജയം നേടി എല്‍ഡിഎഫ് മുന്നിട്ട് നിന്നു. യുഡിഎഫിന് 12 സീറ്റ് ലഭിച്ചപ്പോള്‍ ബിജെപിക്ക് ഒരിടത്തുപോലും വിജയിക്കാനായില്ല.

ശബരിമല വിഷയം ഏറെ ചര്‍ച്ചയായ റാന്നിയിലെ പുതുശേരിമല പടിഞ്ഞാറ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തിളക്കമാര്‍ന്ന വിജയം നേടി. എല്‍ഡിഎഫിലെ ആര്‍ സുധാകുമാരിയാണ് 55 വോട്ടിന്റെ ഭൂരിപക്ഷം നേടി ജയിച്ചുകയറിയത്. ആകെ പോള്‍ ചെയ്ത 752 വോട്ടില്‍ സുധാകുമാരി 353 നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കെ ബി പ്രസന്നകുമാരി 298 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിലെ വി എസ് രജനിക്ക് 101 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനടക്കം നേരിട്ടെത്തി പ്രചരണം നടത്തിയ സ്ഥലമാണ് ആലപ്പുഴയിലെ കൈനകരി പഞ്ചായത്തിലെ ഭജനമഠം വാര്‍ഡ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയിലധികം ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഇവിടെ ഉജജ്വല വിജയം കരസ്ഥമാക്കി. 492 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബീന വിനോദിന് ലഭിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഇവിടെ യുഡിഎഫിന് ലഭിച്ചതാകട്ടെ വെറും 51 വോട്ട് മാത്രം.

ബിജെപി രണ്ടാംസ്ഥാനത്തെത്തിയ നാലില്‍ മൂന്ന് ഇടത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കൽ എത്തിനില്‍ക്കെ കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് ഈ തെരഞ്ഞെടുപ്പു ഫലം. കുപ്രചരണങ്ങളില്‍ പതറാതെ ജനഹൃദയങ്ങള്‍ കീഴടക്കി ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ മുന്നേറുന്നുവെന്നതാണ് ഫലം തെളിയിക്കുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top