22 October Tuesday

തദ്ദേശ ഉപതെരെഞ്ഞെടുപ്പ്: എല്‍ഡിഎഫ് -11, യുഡിഎഫ്-15, ബിജെപി -1

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

തിരുവനന്തപുരം>പത്ത് ജില്ലകളിലെ 27 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്‌ അടക്കം എല്‍ഡിഎഫിന് പതിനൊന്നിടത്ത്  വിജയം. യുഡിഎഫ് 15 ഇടത്തും ബിജെപി ഒരു വാര്‍ഡിലും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27 ല്‍ 13 സീറ്റ് എല്‍ഡിഎഫിനും 11 സീറ്റ് യുഡിഎഫിനും മൂന്നു സീറ്റ് സ്വതന്ത്രര്‍ക്കുമായിരുന്നു. എല്‍ഡിഎഫ് രണ്ട് യുഡിഎഫ് സീറ്റും ഒരു സ്വതന്ത്രന്റെ സീറ്റും പിടിച്ചു. യുഡിഎഫ് നാല് എല്‍ഡിഎഫ് വാര്‍ഡും രണ്ട് സ്വതന്ത്രര്‍ ജയിച്ച വാര്‍ഡും പിടിച്ചെടുത്തു. എല്‍ഡിഎഫിന് നഷ്ടമായ രണ്ട് വാര്‍ഡുകളില്‍ ഒന്ന് കഴിഞ്ഞ തവണ ഒരു വോട്ടിനും, മറ്റൊന്ന് ഒന്‍പത് വോട്ടുകള്‍ക്കും മാത്രം വിജയിച്ചവയാണ്.

തിരുവനന്തപുരം
..............................

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്പൂർ സിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാൻ വിജയിച്ചു.1921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.. ജില്ലാ പഞ്ചായത്തംഗമായിരുന്ന സിപിഐ എമ്മിലെ എസ് കൃഷ്ണൻകുട്ടിയുടെ നിര്യാണത്തെ തുടർന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ് .  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  1520 വോട്ടുകളുടെ  ഭൂരിപക്ഷമുണ്ടായിരുന്നു.    യുഡിഎഫ്‌ സ്ഥാനാർഥിയായി കോൺഗ്രസ്‌ ഐയിലെ ഇ റിഹാസും  എൻഡിഎ സ്ഥാനാർഥിയായി ബിജെപിക്കു തോട്ടയ്ക്കാട് ശശിയും മത്സരിച്ചു.  എൽഡിഫ്‌ ഭരിക്കുന്ന  26 അംഗം ജില്ലാ പഞ്ചായത്തിൽ നിലവിൽ  എൽഡിഎഫ്–- 19,  യുഡിഎഫ്‌–- 5, ബിജെപി–-1 എന്നിങ്ങനെയാണ്‌ കക്ഷിനില.

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കുന്നുപുറം വാഹിദ് 1056 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വഹിദിന് 2439 വോട്ടുലഭിച്ചു.  അഡ്വ. ചന്ദ്രചൂഡന്‍ (ബിജെപി)-1383,-  ബി മഹേഷ് (എല്‍ഡിഎഫ്)--1353. എല്‍ഡിഎഫ്-- 6, യുഡിഎഫ് -5 എന്നിങ്ങനെയാണ് കക്ഷിനില. 2 വാര്‍ഡുകളിലെ അംഗങ്ങളൈ അയോഗ്യരാക്കിയിട്ടുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി സാം രാജ് വിജയിച്ചു. സ്വതന്ത്ര നായി 36 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എം തോമസ് മരിച്ചതിനെ തുടർന്നായിരുന്നു   ഉപതെരഞ്ഞെടുപ്പ്.  തച്ചക്കുടി ഡി ഷാജിയായിരുന്നു  എൽഡിഎഫ് സ്ഥാനാർഥി.യു ഡി എഫ് സ്ഥാനാർഥി സാം രാജും .എൽഡിഎഫ്‌ ഭരിക്കുന്ന ചെങ്കൽ പഞ്ചായത്തിൽ ആകെ 21 വാർഡുകളുണ്ട്‌. നിലവിലെ കക്ഷിനില: എൽഡിഎഫ്‌–-8, യുഡിഎഫ്‌–-8, ബിജെപി–- 2, സ്വതന്ത്രർ–-2.

കാരോട്‌ പഞ്ചായത്തിലെ കാന്തള്ളൂർ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി പ്രമോദ്   വിജയിച്ചു. കഴിഞ്ഞതവണ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ എല്‍ ഡിഎഫ് വിജയിച്ച വാര്‍ഡാണ്.സി പി ഐ എം ന്റെ വി സൗമ്യയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സി ബി ബിനു ജോലി കിട്ടിയതിനാലാണ്‌ ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തിൽ ആകെ 19 വാർഡുകളുണ്ട്‌. നിലവിലെ കക്ഷിനില: എൽഡിഎഫ്‌–- 9, യുഡിഎഫ്‌–-8, ബിജെപി–-1

അമ്പൂരി പഞ്ചായത്തിലെ തുടിയംകോണത്ത് യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് ഐയിലെ  പി രാജു 149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രാജുവിന് 443 വോട്ടുലഭിച്ചു. നിലവില്‍ എല്‍ഡിഎഫ് അംഗമായിരുന്ന വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താതെ യുഡിഎഫിനെ സഹായിക്കുകയായിരുന്നു. എല്‍ഡിഎഫിലെ കെ ശ്രീജകുമാരിക്ക് 294 വോട്ടുലഭിച്ചു. എല്‍ഡിഎഫ്--6, യുഡിഎഫ്--5, ബിജെപി--2 എന്നിങ്ങനെയാണ് കക്ഷി നില.

കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാംമൂട് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് ഐയിലെ  എസ്  ഷിബുകുമാര്‍ 169 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഷിബുവിന് 717 വോട്ടും ടി ആല്‍ബിന്‍ (എല്‍ഡിഎഫ്)-- 548, വി ധന്യ (ബിജെപി)--  383 വോട്ടും നേടി. എല്‍ഡിഎഫ്--10, യുഡിഎഫ്--8, ബിജെപി--3 എന്നിങ്ങനെയാണ് പഞ്ചായത്ത് കക്ഷിനില.

പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ അശ്വതി പ്രദീപ് ആണ് വിജയിച്ചത്. വാര്‍ഡംഗമായിരുന്ന സിപിഐ എമ്മിലെ ചിത്രകുമാരിയ്ക്ക്  ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതിനാലാണ്  ഉപതെരഞ്ഞെടുപ്പ് നടന്നത്.  സിപിഐ എമ്മിലെ വി പി  വിശാഖ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ദീപ  ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 19 അംഗ ഭരണസമിതിയില്‍ നിലവില്‍ സിപിഐ എം 5, കോണ്‍ഗ്രസ് 5, ബിജെപി 4, എസ്ഡിപിഐ 3, വെല്‍ഫയര്‍ പാര്‍ട്ടി - 1 എന്നിങ്ങനെയാണ് കക്ഷിനില.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫ് വീണ്ടും വെന്നിക്കൊടി പാറിച്ചു  സിപിഐയിലെ എന്‍ രാജേന്ദ്രന്‍ 27 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.  രാജേന്ദ്രന് 360  വോട്ടുലഭിച്ചു. കെ പി പുരുഷോത്തമന്‍ (യുഡിഎഫ്) - 333 സുജിത്ത് (ബിജെപി)- 94 വോട്ടും ലഭിച്ചു. പഞ്ചായത്ത് കക്ഷിനില എല്‍ഡിഎഫ്9, യുഡിഎഫ്-2, ബിജെപി-7. 

 

കൊല്ലം
.............
കൊല്ലം ജില്ലയില്‍  കുണ്ടറ, കുളക്കട പഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകളില്‍  നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും  യുഡിഎഫും വിജയിച്ചു. കുളക്കട പഞ്ചായത്ത് മലപ്പാറ വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.  കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

കുളക്കട മലപ്പാറ വാര്‍ഡില്‍ സിപിഐ എം മലപ്പാറ ബ്രാഞ്ച് അംഗം സുനില്‍കുമാറാണ് വിജയിച്ചത്. 198 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് പിടിച്ചെടുത്തത്.  സുനില്‍ കുമാറിന് 566 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി  തങ്കമ്മയ്ക്ക് 368 വോട്ടും ലഭിച്ചു. പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസിലെ ഗോപിയുടെ മരണത്തെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗോപിയുടെ ഭാര്യയാണ്  തങ്കമ്മ. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച  സിന്ധുവിന് 129 വോട്ട് ലഭിച്ചു.

കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് പത്താംവാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്പിയിലെ  അനില്‍കുമാര്‍ വിജയിച്ചു. 104 വോട്ടാണ് ഭൂരിപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ ജിജി റോയിക്ക് 191 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി റാബുജിയ്ക്ക് 184 വോട്ടും ലഭിച്ചു.

 

പത്തനംതിട്ട
.......................

പത്തനംതിട്ട നാറാണംമൂഴി പഞ്ചായത്ത് 12 -ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആനിയമ്മയാണ് വിജയി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ലിസിയും  ബിജെപി സ്ഥാനാര്‍ഥിയായി ജോളി ബിജുവും മത്സരിച്ചു. മെമ്പറായിരുന്ന കോണ്‍ഗ്രസിന്റെ ലീലഭായിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാറാണംമൂഴി പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് ആണ്.

 

ഇടുക്കി
.............
അടിമാലി ബ്ലോക്ക് പഞ്ചായത്ത് കൊന്നത്തടി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. അമ്പിളി സലീലന്‍ 522 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അമ്പിളി സലീലന് 1833 വോട്ടും എല്‍ഡിഎഫിലെ സിന്ധു ബോസിന് 1311വോട്ടുമാണ് ലഭിച്ചത്.  എല്‍ഡിഎഫ് അംഗമായിരുന്ന  സിന്ധു ഷാജി സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍   രാജിവച്ചതിനെ  തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

എറണാകുളം
.........................

മുളന്തുരുത്തി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോളി ജോര്‍ജ് വിജയിച്ചു. എല്‍ഡിഎഫിലെ സുജാത മനോഹരനെ 161 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫിന്റെ സിബി തങ്കച്ചന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.72 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ സിബി തങ്കച്ചന്‍ ആയച്ചത്.16 ഭരണ സമിതില്‍ യുഡിഎഫ് ന് 14 അംഗങ്ങള്‍ ഉണ്ടായിരുന്നു. 2 പേരാണ് എല്‍ഡിഎഫ് അംഗങ്ങള്‍. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല.

കളമശേരി 32-ാം വാര്‍ഡില്‍ (ഉണിച്ചിറ വാര്‍ഡ്) യുഡിഎഫ് വിജയിച്ചു. യുഡിഎഫ് കൗണ്‍സിലറായിരുന്ന ടി ആര്‍ ബിജു മരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുന്‍ കൗണ്‍സിലര്‍ ബിജുവിന്റെ സഹോദര ടി ആര്‍ വിനോദ് ആണ് വിജയി. സിബിന്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.


തൃശൂര്‍
..............

തൃശൂർ ജില്ലയിലെ  കുഴൂർ ഗ്രാമപഞ്ചായത്ത്‌ നാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ്‌ നിലനിർത്തിയെങ്കിലും യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞു.  യുഡിഎഫ്‌ സ്ഥാനാർഥി നീതാ കൃഷ്‌ണക്ക്‌ 359 വോട്ടും എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ജെസ്സി പോളിക്ക്‌ 241 വോട്ടും ലഭിച്ചു.  ബി ജെ പി സ്ഥാനാർഥി ഷൈലജ ഗോപകുമാറിന്‌ 168 വോട്ട്‌ ലഭിച്ചു.  1074 വോട്ടർമാരുള്ള വാർഡിൽ 768 പേരാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടായിരുന്ന പി ശാന്തകുമാരിക്ക്‌ 226 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇത്തവണ അത്‌ 118 ആയി കുറഞ്ഞു. ശാന്തകുമാരിയുടെ മരണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌.  നിലവിൽ പഞ്ചായത്ത്‌ ഭരണസമിതിയിൽ യു ഡി എഫിന്‌ ഏഴും എൽ ഡി എഫിന്‌ അഞ്ചും ബി ജെ പി ക്ക്‌ രണ്ടും അംഗങ്ങളാണ്‌ ഉള്ളത്‌.

 

പാലക്കാട്
.................

തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12--ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍ഡിഎഫ്  പിടിച്ചെടുത്തു. പല്ലശനയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യശോദയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി എ സുനിലിനെയാണ് പരാജയപ്പെടുത്തിയത്,  യുഡിഎഫ് അംഗം  മരിച്ചതിനെ തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്.

തെങ്കര പഞ്ചായത്ത് 12--ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് ഷനോബാണ് സീറ്റ് പിടിച്ചെടുത്തത്. സ്വതന്ത്രനായിരുന്ന സി എച്ച് മുഹമ്മദ് മരിച്ചതിനെത്തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്. ഇദ്ദേഹത്തിന്റെ മകനാണ് നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ്, കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരാജയപ്പെട്ടു.

നെല്ലിയാമ്പതിയിലെ പുലയമ്പാറ ഒന്നാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.  പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡായ ഇവിടെ വി മീനയാണ് വിജയി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എല്‍ഡിഎഫിലെ ജിന്‍സി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12---ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. രതിമോളാണ് വിജയി. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എല്‍ഡിഎഫിലെ പി സിജിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കും യുഡിഎഫിനും ഇവിടെ സ്ഥാനാര്‍ഥിയുണ്ടായില്ല. സ്വതന്ത്ര അംഗം പി പി മാലതിയായിരുന്നു  എതിര്‍ സ്ഥാനാര്‍ഥി.
 
പാലക്കാട് നഗരസഭയിലെ 17--ാം വാര്‍ഡ് നരികുത്തി യുഡിഎഫ് നിലനിര്‍ത്തി. റിസ്വാനയാണ് വിജയി, എച്ച് ഫൗസിയാബി, എം എസ് ജസീന എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായില്ല. യുഡിഎഫിന്റെ കൗണ്‍സിലറായ എ എം ഫാസില സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി എം വഹീദയാണ് മത്സരിച്ചത്.
 
ഷൊര്‍ണൂര്‍ നഗരസഭ 17--ാം വാര്‍ഡില്‍ (ടൗണ്‍ വാര്‍ഡ്) യുഡിഎഫ് സ്ഥാനാര്‍ഥി പി ആര്‍ പ്രവീണ്‍ വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി  സി രാധാകൃഷ്ണനാണ് പരാജയപ്പെട്ടത്. എംപി ആയി തെരെഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ വി കെ ശ്രീകണ്ഠന്‍ രാജിവച്ച ഒഴിവിലായിരുന്നു  ഉപതെരഞ്ഞെടുപ്പ്. 

 

മലപ്പുറം
..............

മങ്കട പഞ്ചായത്ത് കോഴിക്കോട്ട് പറമ്പ് വാര്‍ഡില്‍ 357 വോട്ടിന് എല്‍ഡിഎഫിലെ സി പി നസീറ വിജയിച്ചു. എല്‍ഡിഎഫ് അംഗം സിപിഐയിലെ ജാസ്മിന്‍ ആലങ്ങാടന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ 99 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സി പി നസീറയും യുഡിഎഫ് സ്വതന്ത്ര നസീമ വാപ്പുവും തമ്മിലാണ് മത്സരം. ബിജെപി സ്വതന്ത്ര നളിനിയും മത്സരിക്കുന്നു. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റുണ്ട്.

നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാള്‍ വാര്‍ഡ് യൂഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി സാഹിറ 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ 167 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യൂഡിഎഫ് വിജയിച്ച വാര്‍ഡാണിത്. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഹസീന മുസ്തഫക്ക് 570 വോട്ടും യൂഡിഎഫ് സ്ഥാനാര്‍ഥി സാഹിറക്ക് 593 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഷീല വടക്കേപുരക്കലിന് 126 വോട്ടും ലഭിച്ചു. ആകെ 1773 വോട്ടാണ് വാര്‍ഡിലുള്ളത്. ഇതില്‍ പോള്‍ ചെയ്തത് 1289 വോട്ടാണ്. ബൂത്ത് ഒന്നില്‍ എല്‍ഡിഎഫ് അഞ്ചുവോട്ടിന് ലീഡാണ്. 342 വോട്ട് യൂഡിഎഫിന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 347 വോട്ടുലഭിച്ചു. ബിജെപിക്ക് 119 വോട്ടും ലഭിച്ചു. ബൂത്ത് രണ്ടില്‍ യൂഡിഎഫിന് 251 വോട്ട് ലഭിച്ചു. എല്‍ഡിഎഫിന് 223 വോട്ടും കിട്ടി. ബിജെപി ഈ ബൂത്തില്‍ ആകെ ലഭിച്ചത് 7 വോട്ടാണ്. കഴിഞ്ഞ തവണ രണ്ടുബൂത്തിലും കൂടി ബിജെപിക്ക് 167 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 126 വോട്ടായി ആയി ചുരുങ്ങി.

കോഴിക്കോട്
.......................

കോഴിക്കോട്  ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിന് വിജയം.മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍  വി എം സുനിത (സിപിഐ എം) വിജയിച്ചു. സുനിതയ്ക്ക് 1895 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാന്തകുറ്റിയിലിന് 1195 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 700 വോട്ട്. എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണ്.

നിലവിലെ അംഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി കൈരളിക്ക് സര്‍ക്കാര്‍ജോലി ലഭിച്ചതിനാല്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2015ല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി 346 വോട്ടു നേടിയ ബി ജെ പി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.

കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് (പടിയക്കണ്ടി) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ വി കെ അനിത വിജയിച്ചു. 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ വിജയം.

പോള്‍ ചെയ്ത 1114 വോട്ടില്‍ അനിതയ്ക്ക് 668 വോട്ടും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുജ പറക്കുന്നത്തിന് 413 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കണ്ടപ്പാട്ടില്‍ശോഭനയ്ക്ക് 33 വോട്ടും ലഭിച്ചു. ബിജെപിയുടെ വോട്ട് കഴിഞ്ഞതിനെക്കാളും കുറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പില്‍ 269 വോട്ടിനാണ് സിപിഐ എം ഈ വാര്‍ഡില്‍ വിജയിച്ചത്.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. എം പിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്  രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു  ഉപ തെരഞ്ഞെടുപ്പ് .യുഡിഎഫിലെ നസീബാറാ യി യാണ് വിജയി.

ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. ബീജെപിക്കും യൂ ഡി എഫിനും വോട്ട് കുറഞ്ഞു. ആകെ വോട്ട് -  13930 .  ആകെ പോള്‍ ചെയ്ത വോട്ട് - 9799  _ ശതമാനം - 74. 3 . എല്‍ ഡി എഫിലെ ദീപ - 3889 , യൂ ഡി എഫിലെ നസീബാ റായ് - 4794,  ബി ജെ പിയിലെ കെ ടി ജയ- 995 , നസീബ സ്വതന്ത്ര - 121 , ലീഡ് - 905 . മുന്‍ വര്‍ഷം രമ്യാ ഹരിദാസിന് ലഭിച്ച ഭൂരിപക്ഷം 1536 വോട്ടായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തിലധികമായിരുന്നു യൂ ഡി എഫ് ഭൂരിപക്ഷം. മുന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 1654 വോട്ടാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ അത് 995 ആയി കുറഞ്ഞു.

കാസര്‍കോഡ്
.........................

കാസര്‍കോട് ബേഡകം പഞ്ചായത്തില്‍ നാലാം വാര്‍ഡ് എല്‍ഡിഎഫ് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കവിതയെ 399 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ ടി സരസ്വതി തോല്‍പിച്ചത്. യുഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. കഴിഞ്ഞതവണത്തെ വിജയി എല്‍ഡിഎഫിലെ കൃപാജ്യോതി സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.


പ്രധാന വാർത്തകൾ
 Top