07 July Tuesday

VIDEO - തെങ്ങിലും കയറും, ഓട്ടോയും ഓടിക്കും ടീച്ചറും ആകും; ഇതൊന്നും വല്യസംഭവമല്ലെന്ന്‌ ശ്രീദേവി

ജോബിൻസ‌് ഐസക‌്Updated: Monday Jun 1, 2020

മലപ്പുറം > ‘ആൺകുട്ടികളാരുന്നേൽ അവരെകൂട്ടി ജോലിക്കു പോകാമായിരുന്നു’ തെങ്ങുകയറ്റ തൊഴിലാളിയായ ഗോപാലൻ ഭാര്യ ഉഷയോട് തമാശക്കാണെങ്കിലും പറഞ്ഞുപോയ ഈ വാക്കുകൾ മകൾ ശ്രീദേവിയുടെ മനസിൽ തറച്ചു. ലോക്‌ ഡൗൺ നാളുകളിൽ തെങ്ങുകയറ്റവും ഓട്ടോ ഡ്രൈവിങ്ങും പഠിച്ച്‌ കുടുംബത്തിന്‌ വരുമാനമുണ്ടാക്കുകയാണിന്ന്‌ ഈ ബിഎഡ്‌ വിദ്യാർഥിനി. പെൺകുട്ടികളാണെന്നത്‌ ഒന്നിനും പരിമിതയില്ലന്ന്‌ മലപ്പുറം ഗവൺമെന്റ്‌ കോളേജിലെ ബികോം വിദ്യർഥികളായ അനുജത്തിമാരെയും അവൾ പഠിപ്പിച്ചു. പുലർച്ചെ അച്ഛനൊപ്പം തേങ്ങയിടാൻ പോകുകയാണിപ്പോൾ ശ്രീദേവി. ‘ഇച്ചിരി പൊടിയും ചൊറിച്ചിലുമൊക്കെ കാണുന്നെ ള്ളൂ. അത് കുളിച്ച പോവൂലോ’ അത്രേയുള്ളൂ അവൾക്കത്‌.  കലിക്കറ്റ്‌ സർകലാശാല ക്യാമ്പസിൽ നിന്ന്‌ എം എ പാസായ ശ്രീദേവിക്ക്‌ ചരിത്രത്തിൽ ഗവേഷണം ചെയ്യാനും അധ്യാപികയാകാനുമാണ്‌ ആഗ്രഹം.

കാടാമ്പുഴ മുക്കലംപാട്ട്‌ വടക്കേതിൽ  ഗോപാലന്റെയും ഉഷയുടെയും മുത്തമകളായ ശ്രീദേവി ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിൽ പഠിക്കുകയാണിപ്പോൾ. മാർച്ച്‌ 11ന്‌ ഹോസ്‌റ്റലിൽ നിന്ന്‌ മടങ്ങിയെത്തിയ അവൾ ലോക്‌ ഡൗണായതിനാൽ  വീട്ടിൽ കുടുങ്ങി. മുമ്പ്‌ ട്യൂഷൻ സെന്ററിലും അക്ഷയ കേന്ദ്രത്തിലും ജോലിക്കുപോയി കുടംബത്തെ സഹായിച്ചിട്ടുണ്ട്‌ അവൾ. കോവിഡ്‌ കാലത്ത്‌ അത്തരം ജോലികളൊന്നും ചെയ്യാനാവാത്തതിനാൽ അച്ഛന്റെ തൊഴിൽ പയറ്റാൻ തീരുമാനിക്കയായിരുന്നു. അമ്മയും അനുജത്തിമാരായ ശ്രീകുമാരിയും ശ്രീകലയും എതിർത്തെങ്കിലും പിന്മാറിയല്ല. യന്ത്രം വാങ്ങി തെങ്ങിൽ കയറിയപ്പോൾ തേങ്ങയിടാൻ പഠിപ്പിച്ചത്‌ അച്ഛൻ. അയൽവക്കത്തെ താത്തയ്‌ക്ക്‌ ഇളനീർ വേണമെന്ന്‌ പറഞ്ഞപ്പോൾ അച്ഛൻ ആ ദൗത്യം മകളെ ഏൽപിച്ചു. ആദ്യം കിട്ടിയ കൂലി അച്ഛനെ ഏൽപിച്ചപ്പോൾ ആ മുഖത്ത്‌ പുഞ്ചിരി. ഇതിനിടെ അമ്മയോട്‌ വാശിപടിച്ച്‌ ഒാട്ടോ ഓടിക്കാനും  അവൾ പഠിച്ചു.

‘ഇതൊന്നും വല്യസംഭവമല്ലങ്കിലും എനിക്കിത് ഒരുപാട് സന്തോഷങ്ങൾ നല്‌കിയവയാണ്. സമൂഹം നിർമ്മിച്ചുവച്ച കാഴ്ചപ്പാടിൽ ജീവിച്ചു വളർന്നവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കുടുംബത്തിനകത്തൂന്നും ചുറ്റുപാടിന്നും കേൾക്കുന്നുണ്ട്. എന്നാൽ ആദ്യമെല്ലാം വേണ്ടന്ന് പറഞ്ഞെങ്കിലും നമുക്ക് സാധ്യമാണന്ന് തിരിച്ചറിയുന്ന നിമിഷം ഇങ്ങനെ കട്ടക്ക് കൂടെ നിക്കണ അമ്മേടേം അച്ഛന്റേം മകളായി ജനിച്ചത് തന്നെയാണ് ഏറ്റവും വല്ല്യ ഭാഗ്യം.’ തെങ്ങുകയറ്റം പഠിച്ചതും അതുവഴി പണമുണ്ടാക്കിയതും ഓട്ടോ ഓടിക്കാൻ പഠിച്ചതുമെല്ലാം വിവരിച്ചു ശ്രീദേവി ഫേസ്‌ ബുക്കിലിട്ട ഈ കുറിപ്പ്‌ വൈറലാണിപ്പോൾ.


പ്രധാന വാർത്തകൾ
 Top