28 November Saturday

ഈ സ്വപ്‌നങ്ങൾക്ക്‌ എത്ര നില

എ എസ്‌ ജിബിനUpdated: Sunday Nov 22, 2020


കൊച്ചി‌‌
“മഴയൊന്ന് കനത്താൽ വീടിനുള്ളിൽ‍ അരയ്ക്കൊപ്പം വെള്ളമായിരുന്നു, ഇഴജന്തുക്കളുടെ ശല്ല്യം സ്ഥിരമാണ്, വേനലായാൽ ദേഹമുരുകുന്ന ചൂട്‌,  നിന്നുതിരിയാനിടമില്ലാതെ മരവിച്ചും വിയർത്തും പേടിച്ചും ഉറങ്ങാതിരുന്ന രാത്രികളാണേറെയും... ഇപ്പോൾ മനസ്സമാധാനത്തോടെ കിടന്നുറങ്ങാം. സർക്കാർ സഹായിച്ചതോടെ എന്നും മക്കളൊപ്പം വേണമെന്ന ആ​ഗ്രഹവും വീടെന്ന സ്വപ്നവും യാഥാർഥ്യമായി. ആ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കില്ല.’ ലൈഫിലൂടെ സർക്കാർ ചേർത്തുനിർത്തിയത്‌ പറയുകയാണ്‌ പറവൂർ മരട്ടിപ്പറമ്പിൽ ദാക്ഷായണി. വീട് സ്വപ്നംകണ്ട ദാക്ഷായണിക്കും മക്കൾക്കുമായി ഉയർന്നത്‌ മൂന്നുനില ഫ്ലാറ്റാണ്.

സ്ഥലപരിമിതിയിൽ അകന്നുപോകുന്ന കുടുംബബന്ധങ്ങളെ ചേർത്തുനിർത്താനുള്ള മികച്ച മാതൃകയാണ് ​ദാക്ഷായണിയുടെയും ആറു മക്കളുടെയും ഫ്ലാറ്റ്. ഭർത്താവ് പരേതനായ നാരായണന് സ്റ്റേഡിയംപറമ്പിൽ കുടികിടപ്പായി ലഭിച്ച അഞ്ചു സെന്റിലാണിത്‌. തകർന്നുവീഴാറായ രണ്ടുമുറി വീടായിരുന്നു ദാക്ഷായണിയുടെയും നാരായണന്റെയും  സമ്പാദ്യം. മക്കൾ വളർന്നതോടെ നിന്നുതിരിയാൻ സ്ഥലമില്ലാതെയായി. മക്കളുടെ വിവാഹത്തോടെ സ്ഥലപരിമിതി ഇരട്ടിയായി. ഇതിനിടെ, ഭർത്താക്കന്മാർ മരിച്ച വിജയയും രജനിയും മക്കളെയുംകൂട്ടി വീട്ടിലേക്കെത്തി. അതോടെ വീടിനോടു ചേർന്ന് ചാർത്തുകൾ ഉയർന്നു. അടച്ചുറപ്പുള്ള വീടായിരുന്നു സ്വപ്നം. പക്ഷേ, അഞ്ചു സെന്റ്‌ ഭൂമിയിൽ ഏഴു കുടുംബത്തിന് എങ്ങനെ വീടുവയ്ക്കും?  ഇതിനിടെ 2018-ൽ മകൻ മധു ഒഴികെ ബാക്കിയുള്ളവർ ലൈഫിൽ അപേക്ഷിച്ചു.

അഞ്ചു സെന്റിൽ ആറു കുടുംബങ്ങളെന്ന മകൻ ശശിയുടെ ആശയം ഉദ്യോ​ഗസ്ഥർ അം​ഗീകരിച്ചു. 2019-ൽ ഓരോ കുടുംബത്തിനും 4,25,000 രൂപവീതം അനുവ​ദിച്ചു. ഒരുനിലയിൽ 450 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു മുറി, അടുക്കള, ഹാൾ, ബാത്‌റൂം എന്നിവ ഉൾക്കൊള്ളുന്ന രണ്ടു വീ‌ടാണുള്ളത്. പിഎംഎവൈ ഒമ്പതു ലക്ഷവും സംസ്ഥാന സർക്കാർ മൂന്നു ലക്ഷവും ന​ഗരസഭ 12 ലക്ഷവും തൊഴിലുറപ്പുപദ്ധതി 1.25 ലക്ഷവും അനുവദിച്ചു. നിർമാണത്തിനുള്ള ബാക്കി തുക ദാക്ഷായണിയും മക്കളും ചേർന്നു കണ്ടെത്തി. ശശിയുടെ മകന്റെ ഭാര്യ മീര സന്ദീപ്, രജനി, വിജയയുടെ മകൾ ശരണ്യ, മരുമക്കളായ ഉഷ ശെൽവൻ, പ്രീതി രേജേഷ് കണ്ണൻ, സുമ പ്രേംകുമാർ എന്നിവരുടെ പേരിലാണ് ഭവനസമുച്ചയത്തിൽ വീട് അനുവദിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top