31 March Tuesday

ഡേവിസിനും കൊച്ചാപ്പുവിനും ഇവിടം സ്വര്‍ഗമാണ്

ശ്രീരാജ്‌ ഓണക്കൂർUpdated: Saturday Feb 29, 2020

കൊച്ചി
ചോർന്നൊലിക്കുന്ന പഴയ വീടിനു പകരം സുരക്ഷിത കൂടാരം. ഇതിനെ സ്വർഗമല്ലാതെന്ത്‌ വിളിക്കാ...? കാലടി സ്വദേശികളായ ഡേവിസും കൊച്ചാപ്പുവും അതിരില്ലാത്ത സന്തോഷത്തിൽ ചോദിക്കുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ ലൈഫ്‌ പദ്ധതിപ്രകാരം ലഭിച്ച വീടുകളുടെ തണലിലാണ്‌ ഇവരുൾപ്പെടെ കാലടി പഞ്ചായത്തിലെ 22 കുടുംബങ്ങൾ. പഞ്ചായത്തിലെ 22 വീടുകളുടെ നിർമാണം പൂർത്തിയായി. ഏഴെണ്ണത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്‌. 2018ലെ മഹാപ്രളയം നിർമാണത്തിന്‌ തടസ്സമുണ്ടാക്കിയെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ്‌ ഈ സ്വപ്‌നവീടുകൾ പൂർത്തിയായത്‌.

കാലടി കൈപ്പട്ടൂർ ഇഞ്ചയ്‌ക്കൽ വട്ടേക്കാടൻ പി ടി ഡേവിസും ഭാര്യ ജാൻസിയും മകൻ ബികോം വിദ്യാർഥിയായ ആന്റോ എന്ന അപ്പുവും അമ്മ മറിയവും ഈ സ്വപ്‌നക്കൂട്ടിൽ സുരക്ഷിതരാണ്‌. മഹാപ്രളയം 2018ൽ താണ്ഡവമാടിയപ്പോൾ സൺഷേഡുവരെ വെള്ളം കയറി. ഷെഡ്ഡിൽ സൂക്ഷിച്ച സിമന്റ്‌ ഒലിച്ചുപോയി. അടുത്തുള്ള വീട്ടിൽ വാടകയ്‌ക്കു താമസിച്ചാണ്‌ വീടിന്റെ നിർമാണം പൂർത്തിയാക്കിയത്‌. കഴിഞ്ഞ ജൂലൈയിൽ പുതിയ വീട്ടിൽ താമസമാരംഭിച്ചു. കൈപ്പട്ടൂർ പരവത്ത്‌ റോഡ്‌ വട്ടേലി ഹൗസിൽ വീവോ കൊച്ചാപ്പുവിനും ഇതേ കഥയാണ്‌ പറയാനുള്ളത്‌. വീടിന്റെ നിർമാണം നടക്കുമ്പോഴായിരുന്നു പ്രളയം. പുതിയ വീട്ടിൽ എത്തിയിട്ട്‌ ഒന്നരവർഷമായി.

ഭാര്യ ഓമന ഒന്നരമാസം മുമ്പ്‌ ക്യാൻസർവന്നു മരിച്ചു. പുതിയ വീട്ടിൽ താമസിക്കണമെന്ന്‌ അവൾക്ക്‌ അതിയായ മോഹമായിരുന്നു. ഈ വീട്ടിൽ ഒരുവർഷം താമസിച്ചാണ്‌ അവൾ വിടപറഞ്ഞതെന്നും കൊച്ചാപ്പു. മക്കൾ റോയിയും റോബിനുമാണ്‌ വീട്ടിൽ അച്ഛന്‌ കൂട്ട്‌. സംസാരശേഷിയിലാത്ത റോബിൻ മികച്ച ഫുട്‌ബോൾ കളിക്കാരനാണ്‌. സർക്കാർ സമ്മാനിച്ച സുരക്ഷിതഭവനത്തിൽ ഈ അച്ഛനും മക്കളും സന്തുഷ്‌ടരാണ്‌.


പ്രധാന വാർത്തകൾ
 Top