03 August Monday

പിഎംഎവൈയുടെ പേരിൽ വ്യാജപ്രചാരണം; ലൈഫ്‌ മിഷന്റെ പേരുമാറ്റി വാട്‌സ്‌ആപ്പ്‌ നുണ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കൊച്ചി > സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ മിഷൻ പദ്ധതിയെ തടസ്സപ്പെടുന്നതിനായി വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിൽ വ്യാജ പ്രചരണവുമായി സംഘ്‌പരിവാർ, സർക്കാർ വിരുദ്ധ ഗ്രൂപ്പുകൾ. ആഗസ്‌ത്‌ ഒന്ന്‌ മുതൽ 14 വരെ പിഎംഎവൈ പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കുന്നു എന്ന പേരിലാണ്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിൽ വ്യാജപ്രചാരണം നടക്കുന്നത്‌.

സംസ്ഥാന സർക്കാർ ആഗസ്‌ത്‌ ഒന്നുമുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നുണ്ട്‌. ഈ പ്രവർത്തനത്തെ തെറ്റിദ്ധരിപ്പിക്കാനും തടസ്സപ്പെടുത്താനുമാണ്‌ പിഎംഎവൈയുടെ പേരിൽ വ്യാജ വാട്‌സ്‌ആപ്പ്‌ പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്നത്‌.

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി ലൈഫ് മിഷൻ തയ്യാറാക്കിയ മാർഗ്ഗരേഖയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും.

പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്‌ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. നിബന്ധനകളും മാനദണ്ഡങ്ങളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top