31 March Tuesday

മിനിക്കുംകിട്ടി കരുതലിന്റെ "ലൈഫ്'ലൈൻ

സ്വന്തം ലേഖകൻUpdated: Saturday Feb 29, 2020

അങ്കമാലി
പക്ഷാഘാതത്തെ തുടർന്ന്‌ തളർന്ന അമ്മയുമായി  എങ്ങോട്ടുപോകുമെന്നായിരുന്നു കവരപ്പറമ്പ്‌ മേനാച്ചേരിയിൽ വീട്ടിൽ മിനിയുടെ ആശങ്ക. ട്യൂബിൽകൂടി മാത്രം ഭക്ഷണം കഴിക്കുന്ന അവസ്ഥയിലാണ്‌ അമ്മ ഏലമ്മ തോമസ്‌. വാടകവീട്ടിൽ താമസിച്ചിരുന്ന മിനിക്ക്‌ കൈത്താങ്ങായത്‌ അങ്കമാലി നഗരസഭയുടെ ഭവനപദ്ധതിയാണ്‌. ലൈഫ് പദ്ധതി ഗുണഭോക്താക്കളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

മാർച്ച്‌ മുതൽ മിനി ഉൾപ്പെടെ 12 ഭവനരഹിതരായ കുടുംബങ്ങൾ ഫ്ലാറ്റുകളിൽ താമസം ആരംഭിക്കുകയാണ്‌.  ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ്‌ ജോർജ്‌ രണ്ടുവർഷം മുമ്പാണ്‌ മിനിയെ തനിച്ചാക്കി യാത്രയായത്‌. വേളാങ്കണ്ണി യാത്രയ്‌ക്കിടെ ബസിനുള്ളിൽ വീണ്‌ സുഷുമ്‌ന നാഡിക്ക്‌ പരിക്കേറ്റായിരുന്നു ജോർജിന്റെ മരണം. ഇവരുടെ മകൻ അതുൽ എസി മെക്കാനിസം പഠിക്കുകയാണ്‌.  അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ താൽക്കാലിക അധ്യാപികയായ മകൾ അനുഷയുടെ വരുമാനമാണ്‌ കുടുംബത്തിന്റെ ഏക ആശ്രയം.

നിലവിൽ കവരപ്പറമ്പ്‌ തന്നെയുള്ള വാടകവീട്ടിലാണ്‌ താമസം. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ്‌ വീട്ടുടമ എം യു വർഗീസ്‌ ഇതുവരെ വാടക വാങ്ങാൻ കൂട്ടാക്കിയിട്ടില്ല. ഈ അവസ്ഥയിൽ സ്വപ്‌നംപോലെയാണ്‌ ഫ്ലാറ്റ്‌ സ്വന്തമായി ലഭിച്ചതെന്ന്‌ മിനി. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്കായി അങ്കമാലി നഗരസഭ കവരപ്പറമ്പിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.27 കോടി രൂപ ചെലവിലാണ് ഫ്ലാറ്റ് നിർമിച്ചത്. മേനാച്ചേരി പാപ്പു–ഏല്യ  ദമ്പതികൾ സൗജന്യമായി നൽകിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. 75,000 ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമാണം. 650 ചതുരശ്രയടി വിസ്തീർണമുള്ള 12 ഫ്ലാറ്റുകളാണ്  കെട്ടിടത്തിലുള്ളത്. ഭൂ–-ഭവന രഹിതരായ 99 പേരാണ് നഗരസഭയുടെ പട്ടികയിലുള്ളത്. ഇതിൽ 12 പേർക്കാണ് ആദ്യഘട്ടത്തിൽ ഫ്ലാറ്റുകൾ കൈമാറുന്നത്.

സ്ഥലം ലഭിക്കുന്നതനുസരിച്ച് ബാക്കിയുള്ളവർക്കും ഫ്ലാറ്റ് നിർമിച്ചുനൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന്‌ ചെയർപേഴ്‌സൺ എം എ ഗ്രേസി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top