19 September Saturday

ലൈഫ് മിഷൻ വീടുകളുടെ പേരിലും മനോരമയുടെ നുണവാർത്ത

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

കൊച്ചി > സംസ്ഥാന സർക്കാർ പദ്ധതികൾക്കെതിരെയുള്ള മനോരമയുടെ നുണപ്രചരണം തുടരുന്നു. തിരുവല്ല കടപ്രയിൽ നിർമിച്ച വീടുകളുടെ പേരിലാണ് പുതിയ വ്യാജവാർത്ത. ലൈഫ് മിഷൻ പദ്ധതി പ്രകാരം അപ്പർ കുട്ടനാട് മേഖലയിൽ നിർമിച്ച ഈ വീടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു. പ്രളയത്തെ അതിജീവിക്കുന്നതിനുവേണ്ടിയാണ് ദീർഘവീക്ഷണത്തോടെ തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഇത്തരം വീടുകൾ പ്രദേശത്ത് നിർമിച്ചത്.

എന്നാൽ ഈ വീടുകൾ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ചതല്ലെന്നാണ് മനോരമയുടെ കണ്ടെത്തൽ. വീടുകൾ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമ നിർമ്മിച്ചതാണെന്നും ലൈഫ് വീടുകളെന്ന രീതിയിലെ പ്രചാരണം ഫോമയുടെ ഭാരവാഹികൾക്ക് കടുത്ത ആശങ്കയും നിരാശയും സമ്മാനിക്കുന്നതായും മനോരമ പറയുന്നു.

മനോരമ വാർത്ത തീർത്തും വ്യാജമാണ് എന്നതാണ് വാസ്തവം. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ നിന്നും 4 ലക്ഷം രൂപയാണ് ഈ വീടുകൾക്കായി ചെലവിട്ടത്. ഭൂമി നൽകിയത് സംസ്ഥാന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമറ്റഡാണ്. ഫോമ 2 ലക്ഷം രൂപയും തണൽ എന്ന എൻജിഒ 1 ലക്ഷം രൂപ വീതവും സംഭാവന ചെയ്താണ് വീടുകൾ നിർമിച്ചത്. ഗുണഭോക്താക്കളെ കണ്ടെത്തിയത് ഫോമയാണ്. തണലിന്റെ പ്രവർത്തകരാണ് ഭവനനിർമാണത്തിന് മേൽനോട്ടം വഹിച്ചത്. യാഥാർത്ഥ്യം ഇതായിരിക്കെ വാർത്തയിൽ ഉടനീളം ഫോമ വീടുകൾ എന്ന് ഉപയോഗിക്കാനാണ് മനോരമ ശ്രദ്ധിച്ചതും.

രണ്ട് ബെഡ് റൂം, ഒരു അടുക്കള, ഹാൾ, കക്കൂസ്, വരാന്ത എന്നിവ അടങ്ങിയതാണ് ഒരോ വീടും. 2018ലെ മഹാപ്രളയത്തിനുശേഷം പമ്പാ റിവർ ഫാക്ടറിക്ക് പുറകിലുള്ള സ്ഥലത്താണ് വീടുകൾ നിർമിച്ചത്. എട്ട് മീറ്റർ ഉയർത്തിലുള്ള തൂണുകൾക്ക് മേൽ പണിത വീടുകളെ കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിലും ഇത്തവണയും വെള്ളം തൊട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top