26 October Monday

ലൈഫ് ഫ്ലാറ്റ്: സിബിഐ കേസ് നിയമ വിരുദ്ധം, അധികാര ദുർവ്വിനിയോഗം: ലോയേഴ്‌സ്‌ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

കൊച്ചി > വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സന്നദ്ധ സംഘടനയായ ദുബായ് റെഡ് ക്രസന്റ് നിർമ്മിച്ചു നൽകുന്ന 140 ഫ്ലാറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎൽഎ അനിൽ അക്കരെ നൽകിയ അടിസ്ഥാനരഹിതമായ പരാതിയിൽ സിബിഐ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്‌തത് നിയമ വിരുദ്ധമാണെന്ന്‌ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.

അനിൽ അക്കരയുടെ പരാതിയിൽ റെഡ് ക്രസന്റ് ഫ്ലാറ്റ് സമുച്ചയവും അതിനോടൊപ്പം ഒരു ഹെൽത്ത് സെന്ററും സ്ഥാപിക്കുമെന്ന ധാരണാപത്രം ഒപ്പിട്ടതായും പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്ത് സ്വന്തം നിലയിൽ ഫ്ലാറ്റ് നിർമ്മിക്കാൻ യൂണിടാക്ക് എന്ന നിർമ്മാണ കമ്പനിയെ ചുമതലപ്പെടുത്തിയതായും പറയുന്നു. ഈ ധാരണക്കനുസരിച്ച് നിർമ്മാണത്തിനുള്ള പ്രതിഫലമായി യൂണി ടാക്കിന് വിദേശ ഫണ്ട് നൽകിയതാണ് എം എൽ എ യുടെ പരാതി. Foreign Contribution (Regulation) Act ലെ വ്യവസ്ഥകളുടെ ലംഘനം നടന്നതായാണ് അദ്ദേഹം ആരോപിക്കുന്നത്.

ഈ പരാതിയിൽ സിബിഐ യാതൊരു നിയമ പരിശോധനയുമില്ലാതെ ഈ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് അധികാര ദുർവ്വിനിയോഗമാണ്. Foreign Contribution (Regulation) Act പ്രകാരം വിദേശ ധനസഹായം സ്വീകരിക്കാൻ കഴിയുന്നതും കഴിയാത്തവരുമായി നിരവധി വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങൾ ഏതെല്ലാമാണെന്ന് FCRA നിയമത്തിലെ 3, 4 വകുപ്പുകൾ കൃത്യമായി നിർവ്വചിക്കുന്നുണ്ട്.

വിദേശ ഏജൻസിയിൽ നിന്നും നിർമ്മാണ കരാറിന്റെ പ്രതിഫലം യൂണി ടാക്ക് കമ്പനിക്കാണ് നൽകിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അത്തരത്തിൽ പ്രതിഫലമായി കൈപ്പറ്റിയ പണം ഏത് രീതിയിലാണ് ഈ നിയമ പ്രകാരം കുറ്റകരമാവുക ? കേവല വായനയിൽ തന്നെ നിയമപ്രകാരം ഇത്തരത്തിൽ നിർമ്മാണ കമ്പനിക്ക് പ്രതിഫലം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാണ്. അതിനാൽ തന്നെ FIR ഉം അതിൻമേൽ നടത്തുന്ന അന്വേഷണവും കേവലം പ്രഹസനവും ദുരുദ്ദേശപരവും അധികാര ദുർവ്വിനിയോഗവും മാത്രമാണ്.

സംസ്ഥാന സർക്കാർ ദുർബല വിഭാഗങ്ങൾക്ക് സൗജന്യമായി വീട് വെച്ച് നൽകാനായാണ് ലൈഫ് മിഷൻ ആസൂത്രണം ചെയ്തത്. കഴിഞ്ഞ 4 വർഷത്തിനകം രണ്ടര ലക്ഷം വീടുകൾ പണിത് നൽകി പാവപ്പെട്ട ജനങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കുന്നതിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കയാണ്. രാഷ്ട്രീയ വിരോധം വെച്ച് ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമായ പരാതികൾ നൽകി മുടക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേരാത്ത നടപടിയായിപ്പോയി. രാഷ്ട്രീയ പ്രേരിതമായി നിയമ വിരുദ്ധവും, അടിസ്ഥാനരഹിതവും ആയ പരാതികളിലൂടെ തോൽപ്പിക്കാനും വെല്ലുവിളിക്കാനും ശ്രമിക്കുന്നത് സാധാരണ ജനങ്ങളെയാണ്.

അടിസ്ഥാന രഹിതവും നിയമ വിരുദ്ധവും - രാഷ്ട്രീയ പ്രേരിതവുമായ പരാതിയിൽ പ്രാഥമിക പരിശോധന പോലും നടത്താതെ നടപടികൾ സ്വീകരിച്ച CBI നിയമ വാഴ്ചയെ ആണ് വെല്ലുവിളിക്കുന്നത്. രാഷ്ട്രീയ ഉദ്ദേശത്തോടെ കള്ളക്കേസുകൾ എടുത്ത് പരമോന്നത നീതിപീഠത്തിൽ നിന്ന് വരെ നിശിത വിമർശനം ഏറ്റുവാങ്ങിയിട്ടും, തിരുത്തലുകളില്ലാതെ രാഷ്ട്രീയ യജമാനൻമാരുടെ ആജ്ഞാനുവർത്തികളായി പ്രമുഖ ദേശീയ അന്വേഷണ ഏജൻസി തുടരുന്നത് അവരുടെ വിശ്വാസ തകർച്ചയ്ക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്യുക. നിയമ വിരുദ്ധമായി രജിസ്റ്റർ ചെയ്ത കേസ് CBI സ്വമേധയാ പിൻവലിക്കണമെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കേരളാ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നതായി സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top