20 June Thursday
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് നാവിക് ഉപകരണങ്ങളുടെ വിതരണം

ലൈഫ് മിഷൻ: എറണാകുളം ജില്ലയിലെ 1001-ാമത‌് വീടിന്റെ താക്കോല്‍ദാനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

കൊച്ചി> എറണാകുളം ജില്ലയിലെ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ചുനല്‍കുന്ന 1001-ാമത് വീടിന്റെയും പ്രളയശേഷം പുനര്‍നിര്‍മിക്കുന്ന 75-ാമത് വീടിന്റെയും താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചേന്ദമംഗലം പാലിയം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരുന്ന യോഗത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് നാവിക് ഉപകരണങ്ങളുടെ വിതരണം, ചൂര്‍ണ്ണിക്കര നൂട്രിമിക്‌സ് യൂണിറ്റിന്റെ പുനര്‍മിര്‍മാണത്തിനുള്ള ധനസഹായ വിതരണം എന്നിവയും മുഖ്യമന്ത്രി നിർവഹിക്കും.

ഭവന രഹിതര്‍ക്കുള്ള പാര്‍പ്പിട പദ്ധതിയായ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ ജില്ലയില്‍ 1001ാമത് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പുറമേ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി  75 വീടുകളും പുനര്‍നിര്‍മിക്കാനായി.   100 കോടിയില്‍പരം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയതും എറണാകുളം ജില്ലയാണ്. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലും എറണാകുളം തന്നെയാണ് മുന്നിലുള്ളത്. പൂര്‍ത്തിയാകാതെ കിടന്നിരുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കലായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം. ജില്ലയില്‍ ഇത്തരത്തില്‍ ഉണ്ടായിരുന്ന 1068 വീടുകളില്‍ 1055 വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ആദ്യഘട്ടത്തിനായി 24.38 കോടി രൂപയാണ് ചെലവഴിച്ചത്.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്  ജില്ലയില്‍ 500 മത്സ്യബന്ധന യാനങ്ങള്‍ക്ക് നാവിക് ഉപകരണങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണിത്.  1500 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പു കൂടാതെ അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യലഭ്യത കൂടിയ പ്രദേശം എന്നിവയും അറിയാനാകും.  50 മത്സ്യബന്ധന യാനങ്ങള്‍ക്ക് സൗജന്യമായി ഉപകരണം നല്‍കും.  ശേഷിക്കുന്ന 450 യാനങ്ങള്‍ക്ക് 1500 രൂപ വീതം ഗുണഭോക്തൃ വിഹിതം നിശ്ചയിച്ച്  ഉപകരണം നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

പ്രളയത്തില്‍ തകര്‍ന്ന ചൂര്‍ണിക്കര നൂട്രിമിക്‌സ് യൂണിറ്റിന്റെ പുനര്‍നിര്‍മാണത്തിനുള്ള ധനസഹായത്തുകയുടെ ചെക്ക് മുഖ്യമന്ത്രി ചടങ്ങില്‍ കൈമാറും.  പത്ത് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റിന്റെ പുനര്‍നിര്‍മാണത്തിന് റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീമിനു പുറമേ ക്രൈസിസ് ഫണ്ടില്‍നിന്നുള്ള മൂന്നു ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.  വി ഡി സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.  എംപിമാരായ കെ വി തോമസ്, ഇന്നസെന്റ്, അഡ്വ.ജോയ്‌സ് ജോര്‍ജ്ജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.  എംഎല്‍എമാരായ എസ് ശര്‍മ്മ, എം സ്വരാജ്, ആന്റണി ജോണ്‍, കെ ജെ മാക്‌സി, എല്‍ദോ എബ്രഹാം, ജോണ്‍ ഫെര്‍ണാണ്ടസ്, പി ടി തോമസ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്,  വി പി സജീന്ദ്രന്‍, വി കെ ഇബ്രാഹിംകുഞ്ഞ്, റോജി എം.ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
 


പ്രധാന വാർത്തകൾ
 Top