28 March Tuesday
ഷോർട് ഫിലിം, സംഘഗാനം മത്സരം

ലൈബ്രറി കോൺഗ്രസ്‌ ഒരുക്കങ്ങൾ സജീവം: ഗവേഷകവിദ്യാർഥി സംഗമം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2022

ഗവേഷകവിദ്യാർഥി സംഗമം ഡോ. പി കെ മൈക്കിൾ തരകൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ> ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് ഗവേഷകവിദ്യാർഥി സംഗമം നടത്തി. കേരള കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ച്‌(കെസിഎച്ച്ആർ) ചെയർമാനും സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. പി കെ മൈക്കിൾ തരകൻ ഉദ്ഘാടനംചെയ്തു. സർവകലാശാലയുടെ വിവിധ പഠനകേന്ദ്രങ്ങളിലെ ഇരുനൂറിലധികം ഗവേഷകരും വിദ്യാർഥികളും പങ്കെടുത്തു.

സംഗമത്തിൽ പങ്കെടുത്തവർ

സംഗമത്തിൽ പങ്കെടുത്തവർ


ഗവേഷണം സത്യാന്വേഷണമാണെന്ന്‌ ഡോ. മൈക്കിൾ തരകൻ പറഞ്ഞു. പണമോ പദവിയോ അല്ല, അറിവിനോടുള്ള സ്‌നേഹമാണ്‌ ഗവേഷണത്തെ നയിക്കേണ്ടത്‌. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ ലൈബ്രറി കോൺഗ്രസ്‌ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിക്‌ ലൈബ്രറികളും പബ്ലിക്‌ ലൈബ്രറികളും തമ്മിൽ ജൈവിക ബന്ധം രൂപപ്പെടുത്താൻ ലൈബ്രറി കോൺഗ്രസ്‌ സഹായിക്കുമെന്ന്‌ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി.  പ്രോ വൈസ് ചാൻസലർ പ്രൊഫ. സാബു അബ്ദുൽഹമീദ്, സിൻഡിക്കറ്റംഗം ഡോ. കെ ടി ചന്ദ്രമോഹൻ, റിസർച്ച് ആൻഡ്‌ ഡെവലപ്മെന്റ് സെൽ ഡയറക്ടർ ഡോ. അനിൽ രാമചന്ദ്രൻ, ക്യാമ്പസ് ഡയറക്ടർമാരായ ഡോ. മണികണ്ഠൻ, ഡോ. സെബാസ്റ്റ്യൻ ജോർജ്, ഡോ. ഷീന ഷുക്കൂർ, ഡോ. ടി കെ പ്രസാദ്,  മുഹമ്മദ് ആഷിക് എന്നിവർ സംസാരിച്ചു.

 ഒരുക്കങ്ങൾ ഊർജ്ജിതം: വി ശിവദാസൻ എം പി

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി വലിയ തയ്യാറെടുപ്പുകളാണ് കണ്ണൂരിൽ നടക്കുന്നതെന്ന്‌ സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപി ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധമേഖലകളിലെ പ്രമുഖരായ നിരവധി വ്യക്തികൾ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമാകും. കണ്ണൂർ യൂണിവേഴ്സിറ്റിയും ലൈബ്രറി കൗൺസിലും പിഎംഎസ്ഡി ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളും ലൈബ്രറി കോൺഗ്രസിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങളിലാണ്.  അതിന്റെ ഭാഗമായി നിരവധിയായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെമിനാറുകളും കലാസാംസ്കാരിക പരിപാടികളും വിവിധ ഇടങ്ങളിലായി നിശ്ചയിച്ചു കഴിഞ്ഞു. കൈതപ്രം ദാമോദരൻ നമ്പൂതിരിയും റഫീക്ക് അഹമ്മദും തയ്യാറാക്കുന്ന സിഗ്നേചർ സോങ് വരാനിരിക്കുകയാണ്. അതിന്റെ പിന്നണി പ്രവർത്തനത്തിലാണ് ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗമായ എംകെ രമേഷ്കുമാറും ഡോ. പ്രശാന്ത് കൃഷ്ണനും നേതൃത്വം നൽകുന്ന കമ്മിറ്റി.  

തദ്ദേശസ്ഥാപന പ്രതിനിധികളുടെ  രജിസ്‌ട്രേഷൻ ഫീസ്‌ കണ്ണൂർ ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ദിവ്യയിൽ നിന്ന്‌ വി ശിവദാസൻ ഏറ്റുവാങ്ങൂന്നു

തദ്ദേശസ്ഥാപന പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ഫീസ്‌ കണ്ണൂർ ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ദിവ്യയിൽ നിന്ന്‌ വി ശിവദാസൻ ഏറ്റുവാങ്ങൂന്നു


അക്കാഡമിക്ക് ചെയർമാനായ പ്രശസ്ത ചരിത്രകാരൻ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ  നേതൃത്വത്തിൽ അക്കാഡമിക്ക് ഉള്ളടക്കത്തെ കൂടുതൽ സമ്പുഷ്ടമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അക്കാഡമിക്ക് രംഗത്ത് നിരന്തരം ഇടപെടുന്നവർക്കൊപ്പം ബഹുജന പങ്കാളിത്തവും ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ കാണാനാകും. കേവലം ഒരുപറ്റം ചാരുകസേര ബുദ്ധിജീവികളുടെ കേവലം ചലപില ചർവണമായി ഒതുങ്ങേണ്ടതല്ല സെമിനാറുകളെന്നത് നമുക്കറിയാകുന്നതാണ്. ക്രിയാത്മക ഇടപെടലുകൾക്ക് സമൂഹത്തെ പാകപ്പെടുത്താനുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകളുടെ വേദിയായിരിക്കണമത്. അതുതന്നെയാണ്  ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ സവിശേഷതയും.

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് അനുബന്ധമായി പൊതുസമൂഹമാകെയും ഭാഗഭാക്കാകുന്ന വിവിധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അത്തരത്തിൽ നടത്തപ്പെടുന്ന സെമിനാറുകളുടേയും സാംസ്കാരിക പരിപാടികളുടെയും മുന്നോടിയായി ആളുകൾക്ക് കൂട്ടമായി പാടാനാകുന്ന പാട്ടുകളും തയ്യാറാക്കുന്നുണ്ട്. ഫോക്ക് ലോർ അക്കാഡമി സെക്രട്ടറിയായ എവി അജയകുമാറിന്റെയും ജില്ലാ ലൈബ്രറി കൗൺസിൽ  ജോ.സെക്രട്ടറിയായ വികെ പ്രകാശിനിയുടേയും നേതൃത്വത്തിലുള്ള കമ്മിറ്റി വിവിധങ്ങളായ പരിപാടികൾ തയ്യാറാക്കുന്നുണ്ട്. അതിലൊന്ന് സാമൂഹ്യമായ യോജിപ്പിന്റെയും കൂട്ടായ്മയുടേയും സന്ദേശം ഉൾക്കൊള്ളുന്ന ഗാനം തയ്യാറാക്കാനുള്ള അവസരം ഒരുക്കുന്നതാണ്.

സംവിധായകരായ പ്രിയപ്പെട്ടവർ നാടിന്റെ അഭിമാനമായ മോഹനേട്ടന്റെയും (പാട്യം) ഷെറിയുടേയുമൊക്കെ മേൽനോട്ടത്തിൽ നാട്ടിലാകെ പ്രദർശിപ്പിക്കാനായി ഷോർട് ഫിലിമുകൾ തയ്യാറാക്കാനുള്ള അവസരവും ഒരുങ്ങുകയാണ്. നാടിന്റെ പുരോഗതിക്കുള്ള നന്മ നിറഞ്ഞപ്രവർത്തനത്തിൽ കൈകോർക്കാനുള്ള അവസരമായി ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് മാറുകയാണ്ശിവദാസൻ കുറിച്ചു.

ഷോർട് ഫിലിം, സംഘഗാനം


ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. പൊതു ഇടങ്ങൾ വായന സംസ്ക്കാരം സമൂഹം ലൈബ്രറി തുടങ്ങിയ ആശയങ്ങളായിരിക്കണം ഉള്ളടക്കം. 2023 ജനുവരിയിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന്റെ ലോഗോയും ബാനറും ഉണ്ടായിരിക്കണം. 10 മിനുട്ടിൽ ചുവടെ സമയ ദൈർഘ്യമുള്ളവയായിരിക്കണം. മുമ്പ് മത്സരങ്ങൾക്കായി അയച്ച എൻട്രികൾ പരിഗണിക്കുന്നതല്ല.

വ്യക്തികൾ, ലൈബ്രറികൾ,ഡിപ്പാർട്ട്മെന്റുകൾ, അക്കാദമിക് ഇൻസ്റ്റിറ്റിയൂഷനുകൾ തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുഗ് തുടങ്ങിയ ഭാഷകളിലുള്ളവ സ്വീകാര്യമാണ്

 പൊതുഇടങ്ങളിലും കലാലയങ്ങളിലും സംഘടിപ്പിക്കുന്ന അനുബന്ധ സെമിനാറുകൾക്കും കലാപരിപാടികൾക്കും മുന്നോടിയായി ബഹുജനങ്ങൾക്കും കലാലയങ്ങളിൽ വിദ്യാർത്ഥികൾക്കും കൂട്ടമായി ആലപിക്കാവുന്നതും സാമൂഹ്യ ഏകീകരണത്തിന് സഹായകമാവുന്ന ഉള്ളടക്കത്തോടെയുള്ളതുമായവയാകണം സംഘഗാനങ്ങൾ.

കൂടുതൽ വിവരങ്ങൾ peoplesmision.in വെബ്‌‌സൈറ്റിലും 9496784693 ഫോൺ നമ്പരിലും ലഭിക്കും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top