18 June Tuesday
സിസ‌്റ്റർ ലൂസി കളപ്പുരക്ക‌് സന്യാസ സഭയുടെ അന്ത്യശാസനം

സ്വയം ഒഴിഞ്ഞുപോകണം; അല്ലെങ്കിൽ പുറത്താക്കും ; സിസ‌്റ്റർ ലൂസി കളപ്പുരക്ക‌് സന്യാസ സഭയുടെ അന്ത്യശാസനം

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

മാനന്തവാടി
ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്‌റ്റ്‌ സഭാംഗം(എഫ്‌സിസി) സിസ്‌റ്റർ ലൂസി കളപ്പുരക്ക്‌ സഭയുടെ അന്ത്യശാസനം. സന്യാസസഭയിൽനിന്നും സ്വയം ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കിൽ പുറത്താക്കുമെന്നും കാണിച്ച്‌ എഫ്‌സിസി മദർ ജനറൽ സിസ്‌റ്റർ ആൻ ജോസഫ്‌ കത്തുനൽകി. വ്യാഴാഴ്‌ച വൈകിട്ടാണ്‌ പ്രൊവിൻഷ്യൽ വഴി കത്ത്‌ നൽകിയത്‌. ഏപ്രിൽ 16നുമുമ്പ്‌ മറുപടി നൽകണമെന്നാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.

സിനഡ്‌ തീരുമാനം ലംഘിച്ച്‌ ചാനൽ ചർച്ചകളിൽ പങ്കെടുത്തു, കാറുവാങ്ങി, സഭാവസ്‌ത്രമല്ലാത്ത വസ്‌ത്രം ധരിച്ചു, അനുസരണക്കേട്‌ കാണിച്ചു, അനുവാദമില്ലാതെ പുറത്തുപോയി തുടങ്ങിയ കുറ്റങ്ങളാണ്‌ ആരോപിച്ചിട്ടുള്ളത്‌. എന്നാൽ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരെയുള്ള  സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണ നോട്ടീസിലില്ല. നേരത്തെ രണ്ടുതവണ നോട്ടീസ്‌ നൽകിയപ്പോൾ നൽകിയ  മറുപടി തൃപ്‌തികരമല്ലാത്തതിനാലാണ്‌ മൂന്നാമതും കത്ത്‌ നൽകിയത്‌. സന്യാസ സഭയിൽനിന്നും ഒഴിഞ്ഞുപോകുകയാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും പുറത്താക്കുകയാണെങ്കിൽ ഒരാനുകൂല്യങ്ങളും ലഭിക്കില്ലെന്നും കത്തിൽ പറയുന്നു. സിസ്‌റ്റർ ലൂസി നിലവിൽ എഫ്‌സിസിയുടെ വയനാട്‌ കാരക്കാമലയിലുള്ള വിമലാലയം കോൺവെന്റിലാണുള്ളത്‌. ദ്വാരക സേക്രട്ട്‌ ഹാർട്ട്‌ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ്‌.

സ്വയം ഒഴിഞ്ഞുപോകില്ലെന്നും എഫ്‌സിസി സഭാംഗമായി ജീവിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും സിസ്‌റ്റർ ലൂസി പറഞ്ഞു. തെറ്റൊന്നും ചെയ്‌തിട്ടില്ല. തന്റെ പ്രവൃത്തികളെ സഭാനേതൃത്വം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇവർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top