27 September Monday

സഭാ സ്തംഭനത്തിന് ഉത്തരവാദി കേന്ദ്രം: ഇടതുപക്ഷ എംപിമാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

ന്യൂഡല്‍ഹി>  പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെയും സുപ്രധാന ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കിയും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ഇടതുപക്ഷ എംപിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യ മുമ്പുകാണാത്ത വിധം എല്ലാ പാര്‍ലമെന്ററി മര്യാദകളും ലംഘിക്കപ്പെടുകയാണെന്ന് സിപിഐഎം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു.

പെഗാസസ് അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. പ്രതിപക്ഷ പ്രതിഷേധം മറയാക്കി സുപ്രധാന ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കുകയാണ്. പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി പാര്‍ലമെന്റ് സ്തംഭനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ബില്ലുകളില്‍ ചര്‍ച്ച ഉറപ്പുവരുത്തണം. പ്രധാന ബില്ലുകള്‍ പാര്‍ലമെന്ററി സമിതികളുടെ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. പാര്‍ലമെന്റ് തുടങ്ങും മുമ്പ് പെഗാസസ്, കര്‍ഷകസമരം, വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു.

ഏതു വിഷയത്തിലും ചര്‍ച്ചയാകാമെന്ന് നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ സമ്മേളനം ആരംഭിച്ചപ്പോള്‍ വാക്കുമാറി. തുടര്‍ച്ചയായി സഭ സ്തംഭിച്ചിട്ടും പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കു പോലും പാര്‍ലമെന്ററികാര്യ മന്ത്രിയോ ഇരുസഭകളുടെയും നേതാക്കളോ തയ്യാറായിട്ടില്ല. പകരം ജനറല്‍ ഇന്‍ഷുറസ് കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുന്ന ബില്‍, ഓര്‍ഡനന്‍സ് ഫാക്ടറികളില്‍ പണിമുടക്ക് വിലക്കിയുള്ള ബില്‍, മറൈന്‍ ഫിഷറീസ് ബില്‍ തുടങ്ങി സുപ്രധാന ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കുകയാണ്.

ബില്ലിന്മേല്‍ സംസാരിക്കാന്‍ അവസരം തേടിയാലും വിഷയത്തില്‍ നിന്ന് മാറി എന്നുപറഞ്ഞ് സഭാധ്യക്ഷന്‍ മൈക്ക് ഓഫ് ചെയ്യും. രാജ്യസഭ വ്യാഴാഴ്ച പാസാക്കിയ അവശ്യ പ്രതിരോധ സേവന ഭേദഗതി ബില്‍ രാജ്യത്തെ ആയുധനിര്‍മ്മാണ ശാലയിലെ പണിമുടക്ക് മാത്രമല്ല ഈ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃതവസ്തുക്കള്‍ കൈമാറുന്ന കമ്പനികളിലും പണിമുടക്ക് വിലക്കുന്നതാണ്. ഐഎല്‍ഓ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിത്. ബില്ലിനെതിരായുള്ള താന്‍ അവതരിപ്പിച്ച നിരാകരണ പ്രമേയവും ഭേദഗതി നിര്‍ദേശങ്ങളുമെല്ലാം ഏകപക്ഷീയമായി ശബ്ദവോട്ടില്‍ തള്ളി. ബില്ലിനെതിരെ വലിയ എതിര്‍പ്പുയര്‍ന്നതോടെ ഒരു വര്‍ഷത്തേക്ക് മാത്രമാകും പണിമുടക്ക് വിലക്കിന് പ്രാബല്യമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സര്‍ക്കാരിന് അനുകൂലമായി ഏകപക്ഷീയ നിലപാടാണ് സഭാധ്യക്ഷന്‍മാരും സ്വീകരിക്കുന്നത്. പ്രതിപക്ഷവുമായി സഭാധ്യക്ഷന്‍മാരും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല. മാത്രമല്ല പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായി ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുകയുമാണ്. രാജ്യസഭയില്‍ ആറുപേരെ ഒരു ദിവസത്തേക്ക് പുറത്താക്കി. ലോക്സഭയില്‍ 13 പേരെ പ്രതിഷേധിച്ചതിന് താക്കീത് ചെയ്തു. ജനാധിപത്യവ്യവസ്ഥയുടെ എല്ലാ അതിര്‍വരമ്പും ലംഘിക്കപ്പെടുകയാണ്. ഇതിനെതിരായി പ്രതിപക്ഷ പാര്‍ടികളുടെ വലിയ ഐക്യം രൂപപ്പെട്ടിട്ടുണ്ട്. പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ 14 പാര്‍ടികളാണ് യോജിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു ഐക്യം-- എളമരം കരീം പറഞ്ഞു.

ബിനോയ് വിശ്വം, എം വി ശ്രേയാംസ്‌കുമാര്‍, കെ സോമപ്രസാദ്, വി ശിവദാസ്, ജോണ്‍ ബ്രിട്ടാസ്, എ എം ആരിഫ് എന്നിവര്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top