19 March Tuesday
പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ‌് ബഷീർ എന്നിവരാണ‌് നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ‌്ച നടത്തിയത‌്

മലപ്പുറത്ത‌് ലീഗ‌്–എസ‌്ഡിപിഐ രഹസ്യബാന്ധവം; ലീഗ‌് സ്ഥാനാർഥികൾ നസറുദ്ദീൻ എളമരവുമായി രഹസ്യ ചർച്ച നടത്തുന്ന വീഡിയോ പുറത്ത‌്-Video

ആർ ഹണീഷ‌്കുമാർUpdated: Thursday Mar 14, 2019

മലപ്പുറം> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതിപൂണ്ട മുസ്ലിംലീഗ‌് നേതൃത്വം പോപ്പുലർ ഫ്രണ്ടുമായി വീണ്ടും രഹസ്യ ബാന്ധവത്തിന‌്. മുസ്ലിംലീഗ‌് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം ലോക‌്സഭാ മണ്ഡലം സ്ഥാനാർഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി ഇ ടി മുഹമ്മദ‌് ബഷീർ എന്നിവർ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട‌് സംസ്ഥാന പ്രസിഡന്റ‌് നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ‌്ച നടത്തുന്ന വീഡിയോ പുറത്ത‌ുവന്നു . കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടൽ ടാമറിൻഡിലാണ‌് രാത്രി ഒരുമണിക്കൂറോളം ചർച്ച നടത്തിയത‌്. ചർച്ചക്ക‌് ശേഷം ഇ ടി മുഹമ്മദ‌് ബഷീറും നസറുദ്ദീൻ എളമരവും പുറത്തേക്ക‌് പോകുന്ന വീഡിയോ ആണ‌് പുറത്തുവന്നത‌്. കൂടികാഴ്ചയോട‌് എതിർപ്പുള്ള ഒരു വിഭാഗം പ്രവർത്തകരാണ‌് വീഡിയോ പുറത്തുവിട്ടത‌്.

മറ്റ‌് നേതാക്കളെയും പ്രവർത്തകരെയും ഒഴിവാക്കിയാണ‌് പി കെ കുഞ്ഞാലിക്കുട്ടിയും  ഇ ടി മുഹമ്മദ‌് ബഷീറും ഹോട്ടലിലെത്തിയതെങ്കിൽ നസറുദ്ദീൻ എളമരം അഞ്ചുപേർക്കൊപ്പമാണ‌് എത്തിയത‌്. ബുധനാഴ‌്ച രാത്രി എട്ടോടെയാണ‌് നസറുദ്ദീൻ എളമരവും മറ്റ‌് അഞ്ചുപേരും ടാമറിൻഡ‌് റസ‌്റ്റോറന്റിൽ എത്തിയത‌്. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 8.15ന‌് ഇ ടി മുഹമ്മദ‌് ബഷീർ ഹോട്ടലിലെത്തി 105–-ാം നമ്പർ മുറിയെടുത്തു. അൽപ്പസമയത്തിനുശേഷം നസറുദ്ദീൻ എളമരവും സംഘവും ഈ മുറിയിലെത്തി ചർച്ച തുടർന്നു. പത്തു മിനുട്ടിനുശേഷം കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചർച്ചക്കുശേഷം ഒമ്പതരയോടെയാണ‌് എല്ലാവരും ഹോട്ടൽ വിട്ടത‌്. നസറുദ്ദീൻ എളമരം മുമ്പ‌് എസ‌്ഡിപിഐ സംസ്ഥാന പ്രസിഡന്റും 2014 ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ‌്ഡിപിഐ സ്ഥാനാർഥിയുമായിരുന്നു. ഇരു മണ്ഡലങ്ങളിലും എസ‌്ഡിപിഐ ദുർബല സ്ഥാനാർഥികളെ നിർത്തി വോട്ട‌് മുസ്ലിംലീഗിന‌് മറിക്കുകയാണ‌് കൂടിക്കാഴ‌്ചയുടെ ലക്ഷ്യം.

2014 –-ലെ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ‌്ഡിപിഐ സ്ഥാനാർഥിക്ക‌് 47,000 വോട്ടും പൊന്നാനിയിൽ 26,000 വോട്ടുമാണ‌് ലഭിച്ചത‌്.  പൊന്നാനിയിൽ നിലവിലെ എംപി ഇ ടി മുഹമ്മദ‌് ബഷീറിന‌് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടാണിത‌്.  മുൻ എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന‌് മലപ്പുറം മണ്ഡലത്തിൽ  2016ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ‌്ഡിപിഐ സ്ഥാനാർഥി മത്സര രംഗത്തുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുമായി എസ‌്ഡിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ‌് അന്ന‌് സ്ഥാനാർഥികളെ പ്രഖ്യാപിക്കാതിരുന്നത‌്.

നിലവിൽ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട‌്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ എസ‌്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട‌്. നാലു മണ്ഡലങ്ങളിൽക്കൂടി 16ന‌് പ്രഖ്യാപിക്കുമെന്നാണ‌് എസ‌്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത‌്. നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ മത്സരിച്ച കെ സി നസീറാണ‌് പൊന്നാനിയിലെ സ്ഥാനാർഥി.

പി കെ കുഞ്ഞാലിക്കുട്ടി എസ‌്ഡിപിഐയുമായി ചർച്ചക്ക‌് ശേഷം പുറത്ത‌് വരുന്നു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top