03 December Friday

ഉറങ്ങിക്കിടന്നവരെ മുസ്ളിംലീഗുകാര്‍ ആക്രമിച്ചു; 7 പേര്‍ ഗുരുതരനിലയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2017

താനൂര്‍ > തീരമേഖലയായ ഉണ്യാലില്‍ വീണ്ടും മുസ്ളിംലീഗ് അക്രമം. ടൂര്‍ണമെന്റ് നടക്കുന്ന ഫുട്ബോള്‍ ഗ്രൌണ്ടിന് രാത്രി കാവല്‍കിടന്ന സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് മാരകായുധങ്ങളുമായി വളഞ്ഞിട്ട് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേരെ തിരൂരിലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ സംഘത്തിന്റെ ആക്രമണം. എട്ട് വാഹനങ്ങളും തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.

വലിയ കമ്മുട്ടാകത്ത് നിസാര്‍ (30), ഫൈജാസ് (28), കാക്കന്റെപുരയ്ക്കല്‍ ഷബീര്‍ (30), ചേക്കാമാടത്ത് ഗഫൂര്‍ (35), ജാറക്കടവത്ത് നൌഷാദ് (32), കുഞ്ഞാറക്കടവത്ത് ഇസ്മയില്‍ (35), പടിഞ്ഞാറേപുരയില്‍ ഹര്‍ഷാദ് (28) എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ട കാറിലും പവിലിയനിലുമായി കിടന്നുറങ്ങുകയായിരുന്ന ഇവര്‍ക്ക് തലയ്ക്കും മുഖത്തും പുറത്തും കാലിനും ആഴത്തില്‍ മുറിവേറ്റു. ഉറങ്ങാതെ കാവല്‍നില്‍ക്കുകയായിരുന്ന ജാഫര്‍ കുഞ്ഞാലകത്ത് (35), പക്കര്‍കടവത്ത് ഫൈജാസ് (28) എന്നിവരാണ് ജില്ലാ ആശുപത്രിയിലുള്ളത്.

മൂന്നുവഴികളിലൂടെയായിരുന്നു അമ്പതിലേറെ വരുന്ന മുസ്ളിംലീഗുകാര്‍ ഗ്രൌണ്ടിലേക്ക് ഇരച്ചുകയറിയത്. എല്ലാവരും ഉറക്കത്തിലാകുന്ന സമയം നോക്കി നടന്ന ആസൂത്രിത ആക്രമണത്തില്‍നിന്ന് ആര്‍ക്കും പെട്ടെന്ന് രക്ഷപ്പെടാനായില്ല. കാലിന് വെട്ടേറ്റ ഇസ്മയില്‍ ഇഴഞ്ഞുചെന്ന് തൊട്ടടുത്ത വീടിന്റെ ഗേറ്റ് കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ പിടിച്ചുവലിച്ച് പുറത്ത് കുത്തിവീഴ്ത്തി. ഷെബീറിന്റെ കൈ അടിച്ചുതകര്‍ത്തു. വെട്ടേറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വീണ്ടും പിടികൂടി വളഞ്ഞിട്ട് വെട്ടി. അക്രമികള്‍ മടങ്ങിയശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാല്‍ മുസ്ളിംലീഗ് നിരന്തരം അക്രമം നടത്തുന്ന പ്രദേശമാണ്. പൊലീസിനെയും ആക്രമിക്കാറുണ്ട്. ഡിവൈഎസ്പിയായിരുന്ന കെ വി സന്തോഷിനെ ആക്രമിച്ച കേസിലുള്‍പ്പെട്ട കുഞ്ഞാലകത്ത് ഖാദര്‍, പുത്തന്‍പുരയില്‍ അക്ബര്‍, കലീല്‍, ഉനൈസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ചത്തെ അക്രമം. ഉണ്യാല്‍ ബ്രസീല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഗ്രൌണ്ടില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നുണ്ട്. മത്സരം നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിയുണ്ടായിരുന്നു. ഞായറാഴച വൈകിട്ട് സ്ഥലത്ത് പൊലീസ് സംഘം ഉണ്ടായിരുന്നെങ്കിലും അവര്‍ മാറിയ സമയം നോക്കിയാണ് അക്രമികള്‍ എത്തിയത്. ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ, തിരൂര്‍ ഡിവൈഎസ്പി എം ജെ ബാബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സിഐമാരായ സി അലവി, എം കെ ഷാജി, താനൂര്‍ എസ്ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top