28 January Tuesday

അന്ത്യകൂദാശ നൽകാൻ കാത്തിരുന്നവർക്ക്‌ കനത്ത തിരിച്ചടി നൽകി ഉപതെരഞ്ഞെടുപ്പ്‌ ഫലം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

കൊച്ചി > അസ്‌തമയം പ്രവചിച്ച്‌ അന്ത്യകൂദാശ നൽകാൻ കാത്തിരുന്നവർക്ക്‌ കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുന്നേറ്റം. 4 വർഷം മുമ്പ്‌ യുഡിഎഫ്‌ ഭരണത്തിന്റെ ഏറ്റവും മോശം കാലത്ത്‌ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നേടിയ വിജയം അതേപടി ആവർത്തിക്കാനുള്ള കരുത്ത് ഇപ്പോഴുമുണ്ടെന്ന്‌ എൽഡിഎഫ്‌ തെളിയിച്ചു. 2015 ൽ 23 വാർഡിൽ ജയിച്ചിടത്ത്‌ 2019 ൽ 22 വാർഡെന്ന നിലയിൽ നിൽക്കാനായത്‌ ഇടതുമുന്നണിക്ക്‌ വൻ നേട്ടമായി.

ബിജെപി -യുഡിഎഫ്‌ -ബിഡിജെഎസ്‌ സഖ്യം കോട്ടയത്തെ സിറ്റിങ്‌ സീറ്റായ തിരുവാർപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്തിയ കൊണ്ട്‌ മാത്രമാണ്‌ എൽഡിഎഫിന്റെ സീറ്റ്‌ എണ്ണത്തിൽ ഒരുസീറ്റ്‌ കുറവ്‌ വന്നത്‌.

എൽഡിഎഫിന്‌ കനത്ത തിരിച്ചടി നേരിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ 70 ദിവസങ്ങൾക്കുള്ളിലാണ്‌ ഈ തിരിച്ചുവരവെന്നതിൽ മുന്നണിക്ക്‌ അഭിമാനിക്കാം. പല വാർഡുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറെ പിന്നോട്ടുപോയിടത്തുനിന്ന്‌ കുതിച്ചെത്തിയാണ്‌ എൽഡിഎഫ്‌ വിജയപീഠം കയറിയത്‌. സംസ്ഥാനത്തെ 14 ൽ 13 ജില്ലകളിലെയും വിവിധ തദ്ദേശസ്ഥാപനങ്ങളിലേയും ജനങ്ങൾ വോട്ടുചെയ്‌ത്‌ ഈ തെരഞ്ഞെടുപ്പ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള ജനഹിത പരിശോധനയായി കാണാം.

എൽഡിഎഫ്‌ സർക്കാരിന്റെ മൂന്നാം വർഷം പൂർത്തിയാക്കിയ ശേഷമുള്ള തെരഞ്ഞെടുപ്പിലാണ്‌ മികച്ച വിജയം നേടാൻ മുന്നണിക്ക്‌ കഴിഞ്ഞത്‌. യുഡിഎഫ്‌ ഭരണം ഈ സമയം പിന്നിടുമ്പോഴേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ ഭരണത്തോടുള്ള എതിർപ്പ്‌ പ്രകടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വൻ വിജയമാണ്‌ 2015 ൽ എൽഡിഎഫ്‌ നേടിയത്‌. എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ മൂന്ന്‌ വർഷം പിന്നിടുമ്പോൾ ജനങ്ങൾ ഇടതുമുന്നണിക്കൊപ്പം നിൽക്കാൻ താൽപര്യപ്പെടുന്നുവെന്നും ഫലങ്ങളിൽനിന്ന്‌ വ്യക്തമാണ്‌.

ശബരിമല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമായ റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡ്‌ യുഡിഎഫിൽനിന്ന്‌ എൽഡിഎഫ് പിടിച്ചെടുത്തു. ശബരിമലയുടെ പേരിൽ കലാപശ്രമം നടത്തിയ ബിജെപിക്കാകട്ടെ വെറും ഒമ്പത്‌ വോട്ട്‌ മാത്രമാണ്‌ ഇവിടെനിന്നും ലഭിച്ചത്‌. ശബരിമലയുടെ പേരിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് അവർ മനസ്സിലാക്കി എന്നതിന് തെളിവാണ് ഇത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ ജയിച്ച വയനാട്‌ പാര്‍ലമെന്റ്‌ മണ്ഡലത്തിലെ മാന്താട്‌ വാര്‍ഡ്‌ യുഡിഎഫില്‍ നിന്നും 177 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എല്‍ഡിഎഫ്‌ പിടിച്ചെടുത്തത്‌. രാഹുൽ ഗാന്ധിക്ക്‌ 500 വോട്ടിലധികം ഭൂരിപക്ഷമുണ്ടായിരുന്ന വാർഡാണിത്‌. ഭരണവിരുദ്ധ വികാരമോ യുഡിഎഫ്‌ തരംഗമോ ഒന്നും കാണാനായില്ല.

തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ആകെ ഒരുസീറ്റ്‌ കൂടുതൽ കിട്ടിയതാകട്ടെ ചേർത്തല നഗരസഭയിൽ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തതാണ്‌. കണ്ണൂർ ധർമ്മടം പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ കഴിഞ്ഞ തവണ 211 വോട്ടുകൾക്ക്‌ വിജയിച്ച ബിജെപി സ്ഥാനാർഥി ഇത്തവണ 58 വോട്ടിനാണ്‌ ജയിച്ചത്‌. കായംകുളം നഗരസഭയിൽ വിമതനിൽനിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്ത വാർഡിൽ ബിജെപിക്ക്‌ വെറും ആറ്‌ വോട്ടാണ്‌ ലഭിച്ചത്‌.

കോഴിക്കോട്‌ കൊടുവള്ളി നഗരസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഭൂരിപക്ഷം 263 ൽ നിന്ന്‌ ‌306 ആയി ഉയർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ മുന്നിലെത്തിയ സ്ഥലമാണിത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന്‌ മുറവിളിയ്‌ക്കുന്നവര്‍ക്കുള്ള മറുപടിയാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌ ഫലം. കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം താത്‌ക്കാലികമാണെന്ന സിപിഐ എമ്മിന്റെ വിലയിരുത്തൽ ശരിയണെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top