തിരുവനന്തപുരം > 50 ലക്ഷം പ്രവർത്തകരെ അണിനിരത്തി എൽഡിഎഫ് സംഘടിപ്പിച്ച വെബ്റാലി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതിയ ചരിത്രം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലി ബൂത്ത് തലങ്ങളിൽ ഒത്തുകൂടിയ പ്രവർത്തകർക്ക് വൻ ആവേശമായി.
പ്രചാരണ പരിപാടികളിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നൂവെന്ന യുഡിഎഫ്,ബിജെപി ആരോപണത്തിന് ശക്തമായ മറുപടിയായി വെബ്റാലിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും വാക്കുകളും. മുഖ്യമന്ത്രിയുടെയും മറ്റ് എൽഡിഎഫ് നേതാക്കളുടെയും പ്രസംഗങ്ങൾ എല്ലാ വാർഡുകളിലും ബൂത്ത് കേന്ദ്രങ്ങളിലും പ്രത്യേക സ്ക്രീനുകളിൽ തത്സമയം കാണാൻ സൗകര്യം ഒരുക്കി. ഓൺലൈൻ പ്രചാരണത്തിന്റെ പരിധി കടന്ന് പ്രവർത്തകരിൽ വെബ്റാലി ആവേശം വിതറി. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളും വെബ്റാലി ഷെയർ ചെയ്തു.
എൽഡിഎഫിന്റെയും സിപിഐ എമ്മിന്റെയും സാമൂഹ്യമാധ്യമ പേജുകളിലും പ്രസംഗം സംപ്രേഷണം ചെയ്തു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വലിയ പൊതുയോഗങ്ങളും റാലികളും ഒഴിവാക്കാനാണ് എൽഡിഎഫ് നേതൃത്വത്തിൽ വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. എല്ലാ വാർഡു കേന്ദ്രങ്ങളിലും സജ്ജീകരണമൊരുക്കി ബിഗ്സ്ക്രീനിലൂടെ തത്സമയം പരിപാടി അരങ്ങേറി. ഓരോ കേന്ദ്രത്തിലും നൂറുപേർ വീതമാണ് പങ്കെടുത്തത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മാത്യു ടി തോമസ് , ജോസ് കെ മാണി , ടി പി പീതാംബരൻ, സ്കറിയാ തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ. അബ്ദുൾ വഹാബ് തുടങ്ങിയവർ റാലിയെ അഭിവാദ്യം ചെയ്തു.
കഴിഞ്ഞ ദിവസം എൽഡിഎഫ് വാർഡ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വികസന വിളംബരം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. എൽഡിഎഫ് പ്രവർത്തകരുമായി മുഖ്യമന്ത്രി ഓൺലൈൻ വഴി ഈ പരിപാടിയിലും സംവദിച്ചിരുന്നു. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് പ്രചാരണ രംഗത്ത് നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നൂവെന്ന പച്ചക്കള്ളം കോൺഗ്രസും ബിജെപിയും തട്ടിവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..