21 June Monday

നയിച്ചവർക്കൊപ്പം, നാട്‌ ; മുഖ്യമന്ത്രി ഉൾപ്പെടെ 
മത്സരിച്ച എൽഡിഎഫ്‌ 
പ്രമുഖരെല്ലാം 
വൻഭൂരിപക്ഷത്തോടെ 
വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


തിരുവനന്തപുരം
പുതുമുഖങ്ങളും യുവത്വവും മുതിർന്ന നേതാക്കളും ഉൾപ്പെടെ ഇടതുമുന്നണിയിലെ പ്രമുഖരുടെ വിജയം റെക്കോഡ്‌ ഭൂരിപക്ഷത്തിൽ. എന്നാൽ യുഡിഎഫ്‌ നേതാക്കളിൽ ഉമ്മൻചാണ്ടിയടക്കം കഷ്ടിച്ചാണ്‌ കരകയറിയത്‌. അവതരിപ്പിച്ച പ്രമുഖരുൾപ്പെടെ ബിജെപി നേതാക്കളെല്ലാം സം‘പൂജ്യ’രായി. മന്ത്രിസഭയിലെ മത്സരിച്ച 12ൽ ഒരാൾ ഒഴികെ എല്ലാവരും വിജയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുപുറമെ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കെ ശൈലജ, എം എം മണി, ടി പി രാമകൃഷ്‌ണൻ,  കടകംപള്ളി സുരേന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി, എ സി മൊയ്‌തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, മുൻമന്ത്രി ഡോ. കെ ടി ജലീൽ എന്നിവർ വിജയിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ വി ശശിയും, ചീഫ്‌ വിപ്പ്‌ കെ രാജനും വിജയികളായി.

എൽഡിഎഫ്‌ നേതാക്കളായ കെ രാധാകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്‌, മാത്യു ടി തോമസ്‌, റോഷി അഗസ്‌റ്റ്യൻ, കെ ബി ഗണേഷ്‌കുമാർ, പി ടി എ റഹിം, ആന്റണി രാജു, കെ പി മോഹനൻ, മുഹമ്മദ്‌ റിയാസ്‌, സച്ചിൻദേവ്‌ എന്നിവരും അനായാസ വിജയംനേടി. തൃത്താലയിൽ എം ബി രാജേഷിന്റെ വിജയവും നേമത്ത്‌ വി ശിവൻകുട്ടിയുടെ വിജയവും എൽഡിഎഫ്‌‌ ജൈത്രയാത്രയ്‌ക്ക്‌‌ മാറ്റുകൂട്ടി.

യുഡിഎഫ്‌ നേതാക്കളായ ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വി ഡി സതീശൻ,  പി ജെ ജോസഫ്‌, മോൻസ്‌ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി,  അനൂപ്‌ ജേക്കബ്‌ തുടങ്ങിയവർ വിജയിച്ചെങ്കിലും പലരുടെയും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.

കാലിടറിയവരിലും പ്രമുഖർ
മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയ്ക്ക്‌ കുണ്ടറയിൽ‌ ജയിക്കാനായില്ല.  യുഡിഎഫ്‌ നേതാക്കളിൽ ഷിബു ബേബിജോൺ, സതീശൻ പാച്ചേനി, പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്‌ണ, കെ എം ഷാജി, വി എസ്‌ ശിവകുമാർ, കെ എസ്‌ ശബരീനാഥ്‌, ‌പി കെ ഫിറോസ്‌, എൽഡിഎഫ്‌ നേതാക്കളായ എം വി ശ്രേയാംസ്‌ കുമാർ,  ജോസ്‌ കെ മാണി എന്നിവരും  പി സി ജോർജും  ലതിക സുഭാഷും പരാജയപ്പെട്ടു.

നിലയുറയ്‌ക്കാതെ ബിജെപി നേതാക്കൾ
സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ മത്സരിച്ച രണ്ടിടത്തും പരാജയപ്പെട്ടു. സുരേഷ്‌ ഗോപി എംപി, മുഖ്യമന്ത്രി സ്ഥാനാർഥി എന്ന്‌ പ്രഖ്യാപിച്ച ഇ ശ്രീധരൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, പി കെ കൃഷ്‌ണദാസ്‌, സി കെ പത്മനാഭൻ,  തുടങ്ങിയവരെല്ലാം പരാജയത്തിന്റെ കയ്‌പുനീർ കുടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top