17 June Monday

ഒപ്പം നടന്ന‌്, മാറ്റത്തിന്റെ അവകാശികൾ ; കേരള സംരക്ഷണയാത്രകൾക്ക‌് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ആലപ്പുഴ /കോഴിക്കോട‌്
നാടിന്റെ മുന്നേറ്റത്തിൽ ഞങ്ങൾ ഒപ്പമുണ്ടെന്നറിയിച്ച‌് വികസനത്തിന്റെ നേരവകാശികളായ പതിനായിരങ്ങൾ കേരള സംരക്ഷണയാത്രകളെ സ്വീകരിക്കാനെത്തി. കാർഷിക സമൃദ്ധിയുടെ പര്യായമായ ഓണാട്ടുകരയുടെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലായാത്രയുടെ വെള്ളിയാഴ‌്ചത്തെ പര്യടനം.  കോഴിക്കോടൻ ജനത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ യാത്രയെ മനംനിറഞ്ഞ‌് വരവേറ്റു.

അപ്രതീക്ഷിത പ്രളയംവിതച്ച കെടുതിയിൽ താങ്ങും തണലുമായി നിന്ന സർക്കാരിനുള്ള നന്ദി അറിയിച്ച‌് നിരവധിപേരാണ‌് തെക്കൻ മേഖലായാത്രയ‌്ക്ക‌് ചാരുംമൂട‌്, കായംകുളം, ഹരിപ്പാട്‌, ആലപ്പുഴ പോപ്പി മൈതാനം എന്നിവിടങ്ങളിൽ ലഭിച്ച സ്വീകരണയോഗങ്ങളിൽ എത്തിയത‌്. സമാപനയോഗത്തിൽ എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ, ബിനോയ‌് വിശ്വം എന്നിവർ സംസാരിച്ചു. ആലപ്പുഴ–- അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഇവിടെ സ്വീകരണം. വിവിധ യോഗങ്ങളിൽ ജാഥാ ലീഡറെക്കൂടാതെ അംഗങ്ങളായ കെ പ്രകാശ‌് ബാബു, പി സതീദേവി, ഡോ. വർഗീസ‌് ജോർജ‌്,  അഡ്വ ബിജിലി ജോസഫ‌്, പി കെ രാജൻ, യു ബാബു ഗോപിനാഥ‌്, ഡീക്കൻ തോമസ‌് കയ്യത്ര, കാസിം ഇരിക്കൂർ, ആന്റണി രാജു, പി എം മാത്യു എന്നിവർ സംസാരിച്ചു. ശനിയാഴ‌്ച പകൽ പത്തിന‌് കുട്ടനാട‌് മണ്ഡലത്തിലെ നെടുമുടിയിലാണ‌് ആദ്യ സ്വീകരണം. തുടർന്ന‌് ചേർത്തല മുനിസിപ്പൽ മൈതാനം, അരൂരിലെ പൂച്ചാക്കൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം  കോട്ടയം ജില്ലയിലെ വൈക്കത്തു സമാപിക്കും.

വടക്കൻയാത്രക്ക‌് നാദാപുരത്തിനടുത്ത കല്ലാച്ചിയിലായിരുന്നു ആദ്യസ്വീകരണം. കർഷകരും കർഷകത്തൊഴിലാളികളുമടക്കം ആയിരങ്ങൾ വരവേറ്റു. ആയഞ്ചേരി, വടകര എന്നിവിടങ്ങളിലൂടെ ജനമനസ്സുണർത്തി നീങ്ങിയ ജാഥ കൊയിലാണ്ടിയിൽ സമാപിച്ചു.  ലീഡർക്കു പുറമെ അംഗങ്ങളായ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, സി കെ നാണു എംഎൽഎ, അഡ്വ. ബാബു കാർത്തികേയൻ, സി ആർ വത്സലൻ, പ്രൊഫ. ഷാജി കടമല, ഷേക‌് പി ഹാരിസ‌്, എ പി അബ്ദുൾ വഹാബ‌്, അഡ്വ. എ ജെ ജോസഫ‌്, നജീം പാലക്കണ്ടി എന്നിവരും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ശനിയാഴ‌്ച യാത്രയുടെ ജില്ലയിലെ പര്യടനം പൂർത്തിയാകും. രാവിലെ ചേളന്നൂരിൽ നിന്നാരംഭിച്ച‌് പൂവാട്ടുപറമ്പ‌്, രാമനാട്ടുകര എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം മുതലക്കുളം മൈതാനത്താണ‌് സമാപനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top