16 December Monday

എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു തീയിട്ടു; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

മണ്ണഞ്ചേരി> എൽഡിഎഫ് മണ്ണഞ്ചേരി ഈസ്റ്റ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് കോൺഗ്രസ് പ്രവർത്തകൻ തീയിട്ടു. ബുധനാഴ്ച രാവിലെ 6.57 നാണ് തീവെച്ചത്. മണ്ണഞ്ചേരി 5-ാം വാർഡിൽ തൃക്കോവിൽ ക്ഷേത്രത്തിനു സമീപം കണ്ടത്തിൽ പറമ്പിൽ കാലേപ്പാച്ചൻ എന്നു വിളിക്കുന്ന ജോഷിയാണ് തീയിട്ടത്.



രാവിലെ 6.50  ഓടെ പ്രതി മണ്ണഞ്ചേരി ജങ്‌ഷനിൽ നിന്ന് വടക്കേട്ട് നടന്നു വന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേയ്ക്ക് കയറുന്നതും അവിടെ നിന്നും നടന്നു നീങ്ങുമ്പോൾ തീ ആളുന്നതും സമീപത്തെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും ദൃശ്യമാണ്. ദൃശ്യങ്ങൾ പരിശോധിച്ച മണ്ണഞ്ചേരി പോലീസിന് നിമിഷങ്ങൾക്കകം പ്രതിയെ അറസ്റ്റു ചെയ്യാനായി. തീ ഉയരുന്നതു കണ്ട ബൈക്ക് യാത്രക്കാരൻ സമീപത്തെ ഇറച്ചിക്കടയിലെത്തി ഉടമ ഷാജഹാനെ വിവരം അറിയിച്ചു. ഷാജഹാൻ ഓടിയെത്തി തീ അണക്കുന്നതിനിടയിൽ നേരിയ തോതിൽ പൊള്ളലേറ്റു.



ബുധനാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി കെ ടി ജലീൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു റാലിയും സമ്മേളനവും സംഘടിപ്പിച്ചിരുന്നു .അതിനായി സ്റ്റേജും വേദിയും തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിനോട് ചേർന്ന് ഒരുക്കിയിരുന്നു. നൂറിനു മേൽ പ്ലാസ്റ്റിക് കസേരയും നിലത്തു വിരിച്ചിരുന്ന തുണി വിരിപ്പും കമ്മറ്റി ആഫീസിന്റെ മേൽ കെട്ടിയിരുന്ന പടുതയും അലങ്കാര തുണികളും കത്തിനശിച്ചു.

ഏകദേശം 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സി ബി ചന്ദ്രബാബു ,ജി വേണുഗോപാൽ ,എ ശിവരാജൻ ,കെ ഡി മഹീന്ദ്രൻ ,വി പി ചിദംബരൻ തുടങ്ങിയ എൽ ഡി എഫ് നേതാക്കൾ സ്ഥലം സന്ദർശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top