13 June Sunday
വർഗീയതയ്‌ക്ക്‌ കനത്ത തിരിച്ചടി

ആത്മവിശ്വാസം വർധിപ്പിക്കുന്ന ജനവിധി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ചരിത്രവിജയം നൽകിയ കേരള ജനതയെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭിവാദ്യം ചെയ്‌തു. ജനങ്ങളർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്തും. സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കും ആത്മവിശ്വാസത്തോടെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കാൻ ജനവിധി കൂടുതൽ സഹായകരമാകുമെന്നും സെക്രട്ടറിയറ്റ്‌ ചൂണ്ടിക്കാട്ടി.

1957 മുതൽ വിവിധ ഘട്ടങ്ങളിൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ സർക്കാരുകൾ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിച്ചത്. ഈ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ശക്തിപകരുന്നതാണ് ഈ ജനവിധി. പ്രതിലോമ ശക്തികളുടെ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള ശക്തമായ അടിത്തറ കേരളത്തിനുണ്ടെന്ന് ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലംകൂടിയാണ് ഇത്. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും ഭരണഘടനയും അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരായ ജനകീയപോരാട്ടങ്ങൾക്ക് വിജയം കരുത്തുപകരും. ഇന്ത്യയിലാകെയുള്ള പൊരുതുന്ന ജനതയ്ക്ക് ഇത്‌ കൂടുതൽ ആത്മവിശ്വാസം നൽകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്‌. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനത്തിനും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും സർക്കാർ   പ്രവർത്തിച്ചു. എല്ലാ പ്രതിസന്ധിഘട്ടത്തിലും ചേർത്തുപിടിച്ച സർക്കാരിന് ജനങ്ങൾ നൽകിയ മികച്ച പിന്തുണയും വ്യക്തമായി. കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും തീവ്ര വർഗീയ അജൻഡകൾക്കുമെതിരായി ബദൽ രാഷ്ട്രീയനയം ഉയർത്തിപ്പിടിക്കാനും വിജയം സഹായിക്കും.

കേരളത്തിലെ യുഡിഎഫും ബിജെപിയും അക്രമസമരങ്ങളിലൂടെയും അപവാദ പ്രചാരണങ്ങളിലൂടെയും സർക്കാരിനെ അട്ടിമറിക്കാനാണ് പരിശ്രമിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ഇതിന് ഉറച്ച പിന്തുണ നൽകി. വൻതോതിൽ കുഴൽപ്പണം കടത്തിയും വ്യാജ സംഘർഷങ്ങൾ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ഇടതുപക്ഷ വിരുദ്ധ ശക്തികൾ പരിശ്രമിച്ചു. ചില സാമുദായിക സംഘടനകൾ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ പരസ്യമായി അഹ്വാനം ചെയ്തതും ഇതിന്റെ ഭാഗമായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളെയാകെ എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാനുപയോഗിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനത്തിന്റെ തുടർച്ച ജനം ആഗ്രഹിക്കുന്നു. കേരളത്തിന്റെ ബഹുമുഖമായ വളർച്ച ലക്ഷ്യംവച്ചുള്ള പ്രകടനപത്രികയാണ് എൽഡിഎഫ് മുന്നോട്ട് വച്ചിട്ടുള്ളത്. 

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷ മുന്നണിക്ക് പിന്തുണ നൽകി. അഭൂതപൂർവമായ ഈ ജനകീയ അംഗീകാരം സിപിഐ എമ്മിനെയും പ്രവർത്തകരെയും കൂടുതൽ ഉത്തരവാദിത്തമുള്ളവരും വിനയാന്വിതരുമാക്കുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള മികച്ച ഭരണവും ജനങ്ങൾക്കൊപ്പംനിന്ന് അവരുടെ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ജനകീയ പ്രവർത്തനരീതിയും സിപിഐ എം  മുന്നോട്ട് കൊണ്ടുപോകും. കേരളത്തിലെ ദശലക്ഷക്കണക്കിനു ബഹുജനങ്ങൾ ഈ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഈ ചരിത്രവിജയത്തിലേക്ക് നയിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

വർഗീയതയ്‌ക്ക്‌ കനത്ത തിരിച്ചടി
യുഡിഎഫ് പിന്തുണയോടെ 2016ൽ ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് നേതൃത്വത്തിൽ കേരളം ‘ക്ലോസ് ചെയ്തു'. നരേന്ദ്ര മോഡി–- അമിത് ഷാ ദ്വയങ്ങളും നിരവധി കേന്ദ്രമന്ത്രിമാരും കോടികൾ ചെലവഴിച്ച് നടത്തിയ പ്രചാരണവും കേരളത്തിൽ വിലപ്പോയില്ല. ബിജെപി സംസ്ഥാന അധ്യക്ഷനെ രണ്ട് സീറ്റിൽ മത്സരിപ്പിച്ച് കേരളം പിടിക്കുമെന്ന പ്രതീതിയുണ്ടാക്കി. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് വീമ്പ് ഇളക്കിയ ബിജെപിക്ക് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചിട്ടും സ്വാധീനം വർധിപ്പിക്കാനായില്ല. ഫെഡറൽ തത്വങ്ങളെ ലംഘിച്ചും കേന്ദ്ര ഭരണം ദുർവിനിയോഗം ചെയ്തും സംസ്ഥാന സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള കേന്ദ്രനീക്കത്തെയാണ് കേരളം നിരാകരിച്ചത്. ഇത്‌ വർഗീയ തീവ്രവാദത്തോട് കേരളം സന്ധിചെയ്യില്ലെന്ന പ്രഖ്യാപനംകൂടിയാണ്. മതപരമായ ഏകീകരണം ലക്ഷ്യംവച്ച് യുഡിഎഫ് ജമാ–-അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും ജനം തള്ളിക്കളഞ്ഞു. മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനൊപ്പമാണ് കേരളമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു–- സെക്രട്ടറിയറ്റ്‌ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top