13 May Thursday

എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക : എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

തിരുവനന്തപുരം> നവകേരളസൃഷ്ടിക്കായുള്ള മുന്നേറ്റത്തിന്‌ ഊര്‍ജ്ജം പകരാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍  .പ്രതിസന്ധികളില്‍ നാടിനെ സധൈര്യം മുന്നോട്ടുനയിച്ച സര്‍ക്കാരിന്റെ വികസനക്ഷേമ നേട്ടങ്ങളുടെ തുടര്‍ച്ചയ്‌ക്കായിരിക്കും ജനങ്ങള്‍ വോട്ട്‌ ചെയ്യുക. മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി ഭരണം കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ അതിനെതിരായ രാജ്യത്തിന്റെ ചെറുത്തുനില്‍പ്പിന്‌ കേരളത്തിലെ ഇടതുപക്ഷ വിജയം അനിവാര്യമാണ്‌.

ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64?ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസം  കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്‌.  കേരളത്തിന്റെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി ഒരു തുടര്‍ഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. പ്രചാരണഘട്ടത്തിലുടനീളം ഗ്രാമ-നഗര ഭേദമന്യേ ദൃശ്യമായത്‌ തുടര്‍ഭരണത്തിന്‌ വേണ്ടിയുള്ള ജനങ്ങളുടെ ശക്തമായ വികാരമാണ്‌. കേരളമാകെ എല്‍ഡിഎഫ്‌ തരംഗം അലയടിക്കുകയാണെന്നും എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു.

നാടിന്റെ വികസന പ്രശ്‌നങ്ങളോ രാജ്യം നേരിടുന്ന പ്രതിസന്ധികളോ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ തയ്യാറായില്ല. പകരം ബിജെപിക്കൊപ്പം ചേര്‍ന്ന്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കാനാണ്‌ അവര്‍ ശ്രമിച്ചത്‌. ഈ നിഷേധാത്മക രാഷ്ട്രീയം വിനാശകരമാണെന്ന്‌ വോട്ടര്‍മാര്‍ മനസിലാക്കിയിട്ടുണ്ട്‌. യുഡിഎഫും ബിജെപിയും പറഞ്ഞ നുണക്കഥകളൊന്നും ഏശിയില്ലെന്ന്‌ വിധിയെഴുത്ത്‌ തെളിയിക്കും.

പൗരത്വ നിയമം തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ നടപ്പിലാക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ തയ്യാറാകാത്ത യുഡിഎഫ്‌ നേതൃത്വം ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി വോട്ടുകച്ചവടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്‌. കുറച്ച്‌ വോട്ടിനും സീറ്റിനും വേണ്ടി നാടിന്റെ താല്‍പ്പര്യം ബലികഴിക്കുന്നവര്‍ക്കെതിരായ വിധിയെഴുത്തുകൂടിയാകും ജനവിധി. വോട്ടുകച്ചവടത്തിലൂടെ സീറ്റുകള്‍ നേടാമെന്ന യുഡിഎഫിന്റെ അവസാന പ്രതീക്ഷയും അസ്‌ഥാനത്താണെന്ന്‌ തെരഞ്ഞെടുപ്പുഫലം തെളിയിക്കും.രാജ്യമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനവിധിയുടെ പ്രധാന്യം കേരളത്തിലെ വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top