31 March Tuesday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം എല്‍ഡിഎഫ് വിപുലമാക്കും; മാര്‍ച്ച് 10മുതല്‍ ഗൃഹസന്ദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

തിരുവനന്തപുരം > രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേരളത്തിന്റെ യോജിച്ച പോരാട്ടം കുടുതല്‍ വിപുലമാക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. എല്‍ഡിഎഫ്  നടത്തിയ മനുഷ്യമഹാശൃംഖലയില്‍ അഭൂതപൂര്‍വമായ പങ്കാളിത്തമായിരുന്നു. മതപരമായി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ കേരളത്തെ ഒറ്റക്കെട്ടായി നിര്‍ത്താനായി.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭവും പ്രചാരണവും വിപുലമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 10 മുതല്‍ 20വരെ എല്ലാ തദ്ദേശവാര്‍ഡുകളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും. കുടുംബസദസ്സുകള്‍ സംഘടിപ്പിക്കും.

എല്‍ഡിഎഫില്‍പെട്ടവരെയും അല്ലാത്തവരെയും ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള കൂട്ടായ്മകളില്‍ പങ്കാളികളാക്കും.  തുടര്‍ച്ചയായി ഭഗത്സിങ് രക്തസാക്ഷിദിനമായ മാര്‍ച്ച് 23ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും ഭരണഘടനാസംരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കും. മനുഷ്യമഹാശൃംഖലയില്‍ കണ്ണികളായവരെ മുഴുവന്‍ ഈ പരിപാടികളും പങ്കാളികളാക്കും. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന ദേശവിരുദ്ധ നിയമത്തിനെതിരെ  വിവിധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളെ ഒന്നിപ്പിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചപ്പോള്‍ മാറി നില്‍ക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. ദേശ താല്‍പര്യത്തിനൊപ്പം നില്‍ക്കാന്‍ സന്നദ്ധമാകാതെ യോജിപ്പിന്റെ വഴിയില്‍നിന്ന് മാറി യുഡിഎഫ് മാറി നിന്നിട്ടും ഒരു തരത്തിലുള്ള ഭിന്നിപ്പിനും കേരളം വിധേയമാകില്ലെന്ന് എല്‍ഡിഎഫ് പരിപാടികളിലെ ജനപങ്കാളിത്തം തെളിയിച്ചതായും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൂഢാലോചന: എ വിജയരാഘവന്‍

തിരുവനന്തപുരം > സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്നും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോരാതെ നോക്കേണ്ട ഉത്തരവാദിത്തം സിഎജിക്കാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗൂഢാലോചന നടത്തിയത് ഇടതുമുന്നണിയല്ല. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ ഭരണഘടനാ സംവിധാനങ്ങളുണ്ട്. മുന്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ വരുന്നത് അവര്‍ സ്വയംവരുത്തിവച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം > സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനകളിലേക്ക് ഒന്നിച്ച് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസ് നീക്കം നാട്ടില്‍ അരാചകത്വം സൃഷ്ടിക്കാനാണെന്ന്  എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടിയത് അപകടം നിറഞ്ഞ വര്‍ഗീയരാഷ്ട്രീയംവിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണൈന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളുടെ സ്വീറ്റ് ഏറ്റെടുക്കാറില്ല

തിരുവനന്തപുരം > ഘടകകക്ഷികളുടെ സീറ്റ് മറ്റ് പാര്‍ടി ഏറ്റെടുക്കുന്ന രീതി എല്‍ഡിഎഫിലില്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കുട്ടനാട് സീറ്റ്
 കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന വാര്‍ത്ത ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു  എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top