23 November Monday

സെഫാൻ ക്ഷമിച്ചു മോഷ്‌ടാക്കളോട്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


കൊച്ചി
സെഫാന്റെ അഞ്ചാംപിറന്നാളിന്‌ മൂന്നുദിവസംമുമ്പേ കുഞ്ഞു ലക്കി തിരിച്ചെത്തി. ഒപ്പം എളമക്കര പെരുമ്പോട്ട റോഡിലെ നെല്ലിക്കുന്നുശേരിവീട്ടിൽനിന്ന്‌ നാലുദിവസംമുമ്പ്‌ കളവുപോയ സന്തോഷവും. ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ലക്കിയെന്ന നായ‌ക്കുട്ടിയുടെ തിരോധാനം കുട്ടികളെയും കുടുംബത്തെയാകെയും കണ്ണീരിലാക്കിയിരുന്നു. നാലുദിവസം ഒളിപ്പിച്ചുവച്ചെങ്കിലും ലക്കിയെ മടക്കിത്തന്നതിന്റെ പേരിൽ മോഷ്‌ടാക്കളോട്‌ നന്ദി പറയുകയാണ്‌ ഈ കുടുംബം.

കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെയാണ്‌ ഉമ്മറത്തെ കൂട്ടിൽനിന്ന്‌ മോഷ്‌ടാക്കൾ രണ്ടുമാസം പ്രായമുള്ള ലക്കിയെ എടുത്തുകൊണ്ടുപോയത്‌. സെഫാനും സഹോദരൻ സയോണും സഹിക്കാവുന്നതിലപ്പുറം സങ്കടത്തിലായിരുന്നു. പൊലീസിൽ പരാതിപ്പെട്ടതോടൊപ്പം മാധ്യമങ്ങളിൽ വാർത്തയുമായി. അയ്യപ്പൻകാവിലെ ഒരു വീട്ടിൽനിന്ന്‌ അതേദിവസം മറ്റൊരു നായയെയും മോഷ്‌ടാക്കൾ കൊണ്ടുപോയിരുന്നു. അതിന്റെ അന്വേഷണത്തിലാണ്‌ ലക്കിയെ മോഷ്‌ടിച്ചവരുടെ വിവരവും കിട്ടിയത്‌. സെഫാന്റെ മാതാപിതാക്കൾ മോഷ്‌ടാവിന്റെ ഫോണിൽ വിളിച്ച്‌ ലക്കിയെ മടക്കിത്തരണമെന്ന്‌ അഭ്യർഥിച്ചു.

കുട്ടികളുടെ സങ്കടം പറഞ്ഞപ്പോൾ മോഷ്‌ടാവിന്റെയും മനസ്സലിഞ്ഞു. നഗരപ്രദേശത്തുള്ളവരാണ്‌ നായയെ കവർന്നതെങ്കിലും എരമല്ലൂരിൽ വിറ്റുകഴിഞ്ഞിരുന്നു. അവർ പറഞ്ഞതനുസരിച്ച്‌ സെഫാന്റെ മാതാപിതാക്കൾ അവിടെ വാഹനവുമായെത്തി. റോഡരികിലെ വൈദ്യുതിക്കാലിൽ ലക്കിയെ കെട്ടിയിട്ടിട്ടുണ്ടെന്നും എടുത്തോളാനും മോഷ്‌ടാവ്‌ ഫോണിൽ അറിയിച്ചു. അവിടെ അവശനിലയിൽ കണ്ട ലക്കിയെ വീണ്ടെടുത്ത്‌ കൊണ്ടുവന്നു. നാലുദിവസമായി ഭക്ഷണമൊന്നും കഴിച്ചതിന്റെ ലക്ഷണമില്ലായിരുന്നു. ഡോക്‌ടറെ കാണിച്ച്‌ ആരോഗ്യാവസ്ഥ ഉറപ്പാക്കി. വീട്ടിലെത്തിയ ലക്കി കുട്ടികളുമായുള്ള സൗഹൃദം വീണ്ടെടുത്തു കഴിഞ്ഞു, ഞായറാഴ്‌ച സെഫാന്റെ പിറന്നാൾ ആഘോഷം പൊടിപൊടിക്കാനെന്നമട്ടിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top