28 June Tuesday

ഐ വി ശശിക്കായി പേനയെടുത്ത ജീവിതം

ബി സുശീല്‍കുമാര്‍Updated: Wednesday Dec 2, 2015

ആലപ്പുഴ > അവാര്‍ഡുകള്‍ക്ക് പിന്നാലെ പായാത്ത കലാകാരന്‍. അംഗീകാരത്തിനായി രചനകളെ വഴിതിരിച്ചുവിടാത്ത കഥാകൃത്ത്. കര്‍ക്കശക്കാരനായ എഴുത്തുകാരന്‍. വേറിട്ട വ്യക്തിത്വത്തിനുടമ. മലയാള ചലച്ചിത്രരംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയ ആലപ്പി ഷെറീഫിനെക്കുറിച്ച് വിശേഷണങ്ങള്‍ ഇനിയുമുണ്ട്.

മലയാള സിനിമയില്‍ മാറ്റത്തിന്റെ ശംഖൊലിമുഴക്കിയ ആ ഇതിഹാസകാരന്‍ പക്ഷെ, അവഗണനയുടെയും അനാദരവിന്റെയും ഇടനാഴികളിലൂടെയാണ് അന്ത്യനാളുകള്‍ തള്ളിനീക്കിയത്. അപ്പോഴും തന്റെ ആദര്‍ശങ്ങളില്‍നിന്നും അഭിപ്രായങ്ങളില്‍ നിന്നും തെല്ലിട വ്യതിചലിക്കാന്‍ ഈ കലാകാരന്‍ തയാറല്ലായിരുന്നു. അതുകൊണ്ടുതന്നെ മലയാള സിനിമയെ സ്നേഹിക്കുന്നവരുടെ മനസില്‍ മറ്റാര്‍ക്കും നല്‍കാത്ത സ്ഥാനമാണ് ആലപ്പി ഷെറീഫിനുള്ളത്.

ഒരു കാലഘട്ടത്തില്‍ അന്നത്തെ യുവതലമുറയുടെ ആവേശമായി മാറിയ ആലപ്പി ഷെറീഫ് 125 ഓളം തിരക്കഥകള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. ഇന്ന് മലയാള സിനിമയിലെ മുടിചൂടാമന്നന്മാരായ പലരെയും സിനിമയില്‍ എത്തിച്ചതും ചലച്ചിത്രരംഗത്ത് ചുവടുറപ്പിക്കാന്‍ അവസരമൊരുക്കിയതും ഇദ്ദേഹമാണ്. ഒരു സംവിധായകന് വേണ്ടി മാത്രം തിരക്കഥ രചിച്ച കഥാകൃത്തുക്കള്‍ വേറെയുണ്ടോയെന്ന് അറിയില്ല. ആലപ്പി ഷെറീഫ് അങ്ങിനെയായിരുന്നു. ഐ വി ശശിക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകള്‍.
എണ്‍പതുകളില്‍ യൌവനസിരകളെ ത്രസിപ്പിച്ച 'അവളുടെ രാവുകള്‍' എന്ന ഒറ്റ സിനിമയിലൂടെ ചലച്ചിത്രരംഗത്തെ അജയ്യനാണെന്ന് ആലപ്പി ഷെറീഫ് തെളിയിച്ചു. ആ സിനിമയിലൂടെ ചലച്ചിത്രരംഗത്ത് സ്ഥാനമുറപ്പിച്ചവര്‍ പലതും പില്‍ക്കാലത്ത് അദ്ദേഹത്തെ മറന്നു. അവസാനകാലത്ത് ആലപ്പുഴയിലെത്തിയിട്ടുപോലും ഇവരില്‍ പലരും അദ്ദേഹത്തെ കാണാന്‍ പോലും കൂട്ടാക്കിയില്ല.

സംവിധായകന്റെയോ നിര്‍മാതാവിന്റെയോ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ കൂട്ടാക്കാത്ത കഥാകാരനായിരുന്നു ഇദ്ദേഹം. തന്റെ വിചാര വികാരങ്ങള്‍ക്ക് അനുസരിച്ച് മാത്രം കഥയെഴുതുമ്പോള്‍ കഥാപാത്രങ്ങള്‍ ആ കഥയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ആലപ്പി ഷെറീഫിന്റെ സിനിമകളില്‍. സംവിധായകന്റെയും നിര്‍മാതാവിന്റെയും താല്‍പര്യപ്രകാരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന 'ആധുനിക' തിരക്കഥാകൃത്തുക്കളില്‍ നിന്നും തികച്ചും വിഭിന്നനായിരുന്നു ഈ അനുഗ്രഹീത കഥാകൃത്ത്. ആസ്വാദകര്‍ക്ക് ഹൃദ്യവും ഹൃദയസ്പര്‍ശിയുമായിരിക്കണം തന്റെ കഥകളെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. കഥകളുടെ ലോകത്തിലൂടെ തേരോട്ടം നടത്തുമ്പോഴും ചുറ്റുപാടുകള്‍ നിരീക്ഷിച്ചും സാഹചര്യങ്ങള്‍ വിലയിരുത്തിയും കഥയെ ജീവസുറ്റതാക്കാന്‍ ആലപ്പി ഷെറീഫ് എപ്പോഴും ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ തൂലിക എത്താത്ത ഒരു മേഖലയും മലയാളിയുടെ ജവിതത്തില്‍ ഇല്ല.

പ്രതിധ്വനിയും കളിപ്പാവയും ഉത്സവവും കാറ്റുവിതച്ചവനും അനുരാഗിയും ഈറ്റയും അലവുദീന്റെ അത്ഭുതവിളക്കും മാളികയും അവളുടെ രാവുകളുമെല്ലാം ആലപ്പി ഷെറീഫിനെ അനശ്വരനാക്കും. 'അവളുടെ രാവുകള്‍' ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ലഭിച്ച പണംകൊണ്ട് സക്കറിയാ ബസാറില്‍ 'വൃന്ദാവന്‍' റിസോര്‍ട്ട് വാങ്ങി അതില്‍നിന്നുള്ള വരുമാനം കൊണ്ടാണ് അദ്ദേഹം അവസാനകാലം കഴിച്ചത്. അദ്ദേഹത്തിനെറ താമസവും ഇവിടെ തന്നെയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top