27 November Sunday

ജില്ലാ പഞ്ചായത്ത് ചരിത്രം ആവര്‍ത്തിക്കും

സ്വന്തം ലേഖകന്‍Updated: Saturday Oct 31, 2015
കണ്ണൂര്‍ > നേരായ മാര്‍ഗത്തിലൂടെ പോയാല്‍ ജില്ലാപഞ്ചായത്തില്‍ ല്‍ ഇത്തവണ ഒറ്റ സീറ്റും കിട്ടില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് യുഡിഎഫാണ്. ഡിവിഷനുകള്‍ വിഭജിച്ചാല്‍ പൊരുതി നോക്കാനുള്ള ഉശിരുണ്ടാവുമെന്നാണ് ധരിച്ചത്. യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങള്‍പോലും ആടിക്കളിക്കുകയാണ്. മലയോരം പാടേ കൈവിടുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മറ്റിടങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയുമില്ല. വെട്ടിമുറിച്ചാല്‍ മാറുന്നതല്ല, ജില്ലയുടെ ഇടത് മനസ്സെന്ന് ഇത്ര കാലമായിട്ടും യുഡിഎഫ് പഠിച്ചില്ല. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമുതല്‍ ജില്ലയില്‍ എല്‍ഡിഎഫ്് ആധിപത്യമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയപ്പോഴും എല്‍ഡിഎഫ് വര്‍ധിതമായ കരുത്തോടെ ജയിച്ചുകയറിയ ജില്ലയാണ് കണ്ണൂര്‍. വികസനത്തിന്റെ പുതുമാതൃകകളിലൂടെ കേരളത്തിന് മുമ്പേ നടന്നിട്ടുണ്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഇന്ത്യക്ക് മാതൃകയാണെന്ന് കഴിഞ്ഞദിവസം അവസാന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ സാക്ഷ്യപ്പെടുത്തിയത് പ്രതിപക്ഷമായിരുന്നു. എസ്എസ്എല്‍സി വിജയ ശതമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ മുകുളം പദ്ധതിയും ഹയര്‍സെക്കന്‍ഡറി കോംപ്ലക്സും ആരൂഢവും ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും തുടങ്ങി നിരവധി കാര്യങ്ങളുണ്ട് എണ്ണിപ്പറയാന്‍. പ്രസിഡന്റ് കെ എ സരളയുടെ നേതൃത്വത്തില്‍ അനേകം നവീന വികസന മാതൃകകളാണ് കണ്ണൂര്‍ കേരളത്തിന് മുന്നിലേക്ക് നീട്ടിയത്. കഴിഞ്ഞ തവണ 26 ഡിവിഷനില്‍ 20 എണ്ണം കൈയടക്കിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ഇതില്‍ ആറ് ഡിവിഷനുകളില്‍ പതിനായിരവും കവിഞ്ഞാണ് ഭൂരിപക്ഷം. എല്‍ഡിഎഫ് മൂന്ന് ഡിവിഷനുകളില്‍ പരാജയപ്പെട്ടതാവട്ടെ ആയിരത്തില്‍ കുറഞ്ഞ വോട്ടിനും. എല്‍ഡിഎഫിന് വിദൂര സാധ്യത കല്‍പ്പിക്കപ്പെട്ട ഡിവിഷനുകളില്‍പോലും വിജയപ്രതീതി ഉളവാക്കി മുന്നേറുകയായിരുന്നു എല്‍ഡിഎഫ്. 2010ലെ തെരഞ്ഞെടുപ്പില്‍ 23 ഡിവിഷനുകളിലായിരുന്നു എല്‍ഡിഎഫ് വിജയം. ഇത്തവണ ഡിവിഷനുകളുടെ എണ്ണം 24 ആയി കുറഞ്ഞു. 86 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 13,63,267 വോട്ടര്‍മാരാണുള്ളത്. മുഴുവന്‍ ഡിവിഷനുകളിലേക്കും സ്ഥാനാര്‍ഥിയെ നിര്‍ത്താനാവാത്ത നാണക്കേടും പേറിയാണ് യുഡിഎഫ് മത്സരിക്കുന്നത്. പിണറായി ഡിവിഷനില്‍ യുഡിഎഫ് നല്‍കിയ പത്രിക തള്ളുകയായിരുന്നു. പലയിടത്തും ബിജെപി ഉള്‍പ്പെടെയുള്ള വര്‍ഗീയ കക്ഷികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള സഖ്യത്തിലാണ് യുഡിഎഫ്. കരുത്തും പ്രതിഭയും അനുഭവസമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പുമുള്ള സ്ഥാനാര്‍ഥി നിരയാണ് എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്. ഡിവിഷനുകളും വോട്ടര്‍മാരുടെ എണ്ണവുംകരിവെള്ളൂര്‍-67739, ആലക്കോട്-48147, നടുവില്‍-55760, പയ്യാവൂര്‍-64151, ഉളിക്കല്‍-54676, പേരാവൂര്‍-50003, തില്ലങ്കേരി-45700, കോളയാട്-47400, പാട്യം-69081, കൊളവല്ലൂര്‍-64891, പന്ന്യന്നൂര്‍-44989, കതിരൂര്‍-52669, പിണറായി-64097, വേങ്ങാട്-57367, ചെമ്പിലോട്-60026, കൂടാളി-62146, മയ്യില്‍-55485, കൊളച്ചേരി-52530, അഴീക്കോട്-53991, കല്യാശേരി-59254, ചെറുകുന്ന്-62300, കുഞ്ഞിമംഗലം-62074, പരിയാരം-58140, കടന്നപ്പള്ളി- 50651.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top