21 February Thursday

ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് പ്രതീക്ഷ സമ്പൂര്‍ണ വിജയം

സ്വന്തം ലേഖകന്‍Updated: Friday Oct 30, 2015
കണ്ണൂര്‍ > ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ജയിക്കാമെന്ന അതിമോഹമൊന്നും യുഡിഎഫിനില്ല. ആശയ്ക്ക് വകയില്ലെന്ന് അറിയുന്നതിനാല്‍ അവര്‍ ഏറെയൊന്നും വിയര്‍പ്പൊഴുക്കുന്നുമില്ല. ഇക്കുറി രണ്ടോ, മൂന്നോ ബ്ലോക്ക് പഞ്ചായത്തു പിടിച്ചെടുക്കണമെന്ന ആഗ്രഹം മനസ്സില്‍ കടന്നുകൂടി. ജനവിധി അട്ടിമറിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുകള്‍ വെട്ടിമുറിച്ച് ഇതിനുള്ള പണിയും തുടങ്ങി. സംസ്ഥാനത്തെ ഉന്നത നീതിപീഠം ഇത് കൈയോടെ തടഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ മറികടന്ന,് ജനസംഖ്യയും അതിര്‍ത്തിയും നോക്കാതെ ബ്ലോക്ക് പഞ്ചായത്തുകള്‍ വിഭജിച്ച യുഡിഎഫിന് ഹൈക്കോടതി കനത്ത തിരിച്ചടിയാണ് നല്‍കിയത്.ഹൈക്കോടതിയില്‍നിന്നേറ്റ പരാജയത്തില്‍നിന്ന് മോചിതരാകാന്‍ യുഡിഎഫിന് ഇനിയും കഴിഞ്ഞിട്ടില്ല. ജില്ലയിലെ 11 ബ്ലോക്കില്‍ പത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫ് അധികാരത്തിലിരിക്കുന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെയാണ് കഴിഞ്ഞ തവണ അവര്‍ക്ക് ലഭിച്ചത്. കണ്ണൂര്‍ ലഭിക്കുമെന്ന പ്രതീക്ഷപോലും ഇത്തവണ യുഡിഎഫിനില്ല. കണ്ണൂര്‍ ബ്ലോക്കില്‍ നേരത്തെ ഉണ്ടായിരുന്ന, യുഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്തുകള്‍ ഇപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്റെ ഭാഗമാണ്. മുഴുവന്‍ ബ്ലോക്കുകളും തൂത്തുവാരുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. നിലവിലുള്ള സാഹചര്യത്തില്‍ 11 ബ്ലോക്കുകളും എല്‍ഡിഎഫിന് നേടാം. കണക്കുകളെല്ലാം എല്‍ഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 154 ഡിവിഷനാണുണ്ടായത്. ഇതില്‍ 102 സീറ്റ് എല്‍ഡിഎഫ് നേടി. യുഡിഎഫിന് 52 ഡിവിഷന്‍ നേടാനേ കഴിഞ്ഞുള്ളൂ. ഇത്തവണ യുഡിഎഫിന്റെ പ്രകടനം ഇതിലും ദയനീയമാകുമെന്നാണ് സൂചന. രാഷ്ട്രീയമായും സംഘടനാപരമായും ദുര്‍ബലമായ യുഡിഎഫിന് കഴിഞ്ഞ തവണത്തെ സീറ്റിന് അടുത്തുപോലും എത്താനാവില്ല. 11 ബ്ലോക്ക് പഞ്ചായത്തുകളിലായി ഇത്തവണ 149 ഡിവിഷനാണുള്ളത്. ഇതില്‍ 148 ഡിവിഷനിലേ തെരഞ്ഞെടുപ്പുള്ളൂ. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കതിരൂര്‍ ഡിവിഷനില്‍നിന്ന് എല്‍ഡിഎഫിലെ ഇ കെ ഷൈനേഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കൂത്തുപറമ്പ്, പേരാവൂര്‍, പാനൂര്‍, കല്യാശേരി, ഇരിട്ടി, പയ്യന്നൂര്‍, തലശേരി, എടക്കാട്, ഇരിക്കൂര്‍, തളിപ്പറമ്പ് ബ്ലോക്കുകളാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. കൂത്തുപറമ്പ് ബ്ലോക്കിലെ 13ല്‍ ഒമ്പത് ഡിവിഷനിലും എല്‍ഡിഎഫാണ് ജയിച്ചത്. പേരാവൂരിലെ 13ല്‍ ഏഴും പാനൂരില്‍ പതിമൂന്നില്‍ ഒമ്പതും കല്യാശേരിയില്‍ പതിനാലില്‍ പത്തും ഇരിട്ടിയില്‍ പതിമൂന്നില്‍ എട്ടും പയ്യന്നൂരില്‍ 13ല്‍ പതിനൊന്നും തലശേരിയില്‍ 14ല്‍ പന്ത്രണ്ടും എടക്കാട് 16ല്‍ ഒമ്പതും ഇരിക്കൂരില്‍ പതിനാലില്‍ പത്തും തളിപ്പറമ്പില്‍ പതിനാറില്‍ പത്തും എല്‍ഡിഎഫ് നേടി. കണ്ണൂരില്‍ ഏഴുവീതം സീറ്റാണ് എല്‍ഡിഎഫും യുഡിഎഫും നേടിയത്. ഇത്തവണ പാനൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളുടെ എണ്ണം ഏഴില്‍നിന്ന് നാലായി. കരിയാട്, പെരിങ്ങളം, പാനൂര്‍ പഞ്ചായത്തുകള്‍ പാനൂര്‍ നഗരസഭയുടെ ഭാഗമായി. പന്ന്യന്നൂര്‍, ചൊക്ലി, മെകേരി, കതിരൂര്‍ പഞ്ചായത്തുകളാണ് പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ എണ്ണം പതിനാറില്‍നിന്ന് പതിമൂന്നായി ചുരുങ്ങി. എടക്കാട്, എളയാവൂര്‍, ചേലോറ പഞ്ചായത്തുകള്‍ കണ്ണൂര്‍ കോര്‍പറേഷന്റെ ഭാഗമായി. കണ്ണൂര്‍ ബ്ലോക്കിലായിരുന്ന പുഴാതി, പള്ളിക്കുന്ന് പഞ്ചായത്തുകള്‍ കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ത്തു. ഇരിക്കൂര്‍ ബ്ലോക്കിലെ ശ്രീകണ്ഠപുരവും ഇരിട്ടി ബ്ലോക്കിലെ കീഴൂര്‍- ചാവശേരിയും നഗരസഭകളായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top