19 February Tuesday

ശാശ്വതീകാനന്ദയെ കൊല്ലിച്ചത് വെള്ളാപ്പള്ളിയെന്ന് ബിജു രമേശ്

പ്രത്യേക ലേഖകന്‍Updated: Saturday Oct 10, 2015

തിരുവനന്തപുരം > സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശപ്രകാരമെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. പ്രിയന്‍ എന്നയാളാണ് ശാശ്വതീകാനന്ദയെ കൊന്നതെന്നും അതിനുമുമ്പ് തുഷാര്‍ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ ശാരീരികമായി ആക്രമിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. കൈരളി പീപ്പിളിലാണ് ഈ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്.

ദുബായ് പര്യടനത്തിനിടെ എസ് എന്‍ ട്രസ്റ്റിന്റെ കണക്കുകള്‍ സംബന്ധിച്ച് സ്വാമി ശാശ്വതീകാനന്ദ ആരാഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി രാത്രി സ്വാമിയെ കയ്യേറ്റം ചെയ്തു. അതിനുശേഷം ബഹറിന്‍ പരിപാടി റദ്ദാക്കി അദ്ദേഹം ഡല്‍ഹിയിലേക്ക് വന്നു. മര്‍ദ്ദനമേറ്റ പാടുകള്‍ സ്വാമി തന്നെ കാണിച്ചുവെന്ന് വര്‍ക്കല സ്വദേശിയായ ജോയ്സണ്‍ തന്നോട് പറഞ്ഞുവെന്ന് ബിജു പറഞ്ഞു. കൊലപാതകത്തിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. കൊലയ്ക്കുശേഷം ശിവഗിരി മഠത്തില്‍ നിന്ന് വെള്ളാപ്പള്ളി രേഖകള്‍ കടത്തി.

സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരി കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. വെള്ളാപ്പള്ളിയുടെ പങ്ക് സംബന്ധിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2002 ജൂലൈ ഒന്നിന് ആലുവ പുഴയിലാണ് സ്വാമി ശാശ്വതീകാനന്ദ മരിച്ചത്. ആലുവ അദൈ്വതാശ്രമത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനാണ് അവിടെ എത്തിയത്. രാവിലെ പുഴയില്‍ കുളിക്കാന്‍ പോയ ശാശ്വതീകാനന്ദയെ മുങ്ങിത്താണ നിലയിലാണ് കണ്ടെത്തുകയായിരുന്നു. നന്നായി നീന്താനറിയുന്ന ആളായിരുന്നു സ്വാമി. പോസ്റ്റുമോര്‍ട്ടത്തിന്റെ ചുമതല വഹിച്ച ഡോ. സോമന് പിന്നീട് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സ്ഥാനം ലഭിച്ചു.

2002 ജൂലൈ മൂന്നിന് എസ്എന്‍ ട്രസ്റ്റിന്റെ നിര്‍ണായക യോഗം നിശ്ചയിച്ചിരുന്നു. അതിനുമുമ്പുണ്ടായ സ്വാമിയുടെ മരണം നിരവധി സംശയങ്ങള്‍ ഉയര്‍ത്തി. മരണശേഷം വെള്ളാപ്പള്ളി സ്വാമിയുടെ വീട്ടിലെത്തി അലമാര തുറന്ന് രേഖകളെല്ലാം മാറ്റി കാറില്‍ കൊണ്ടുപോയതായ വിവരവും തനിക്ക് ലഭിച്ചുവെന്ന് ബിജു പറഞ്ഞു. ശാശ്വതീകാനന്ദയുടെ അമ്മ കൗസല്യ, സഹോദരന്‍ വിജയകുമാര്‍, സഹോദരി ശാന്തകുമാരി എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. എന്നാല്‍, ഹര്‍ജി കോടതി തള്ളി.

പ്രധാന വാർത്തകൾ
 Top