17 February Sunday

കൊല്ലം നഗരസഭ: വികസന മുന്നേറ്റത്തിന്റെ തണലില്‍ എല്‍ഡിഎഫ് നാലാമങ്കത്തിന്

റോഷന്‍രാജ്Updated: Friday Oct 9, 2015

കൊല്ലം > നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് കൊല്ലം നഗരസഭയില്‍ ജനവിധി തേടാന്‍ ഒരുങ്ങുന്നത്. നഗരസഭ രൂപീകൃതമായതിനുശേഷം തുടര്‍ച്ചയായി മൂന്നാംതവണയാണ് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഭരണത്തിലെത്തിയത്. നഗരത്തിന്റെ മുഖഛായ മാറ്റിയ വികസന പദ്ധതികള്‍ ജനസമക്ഷം അവതരിപ്പിച്ചാണ് എല്‍ഡിഎഫ് നാലാമൂഴത്തിന് ഇറങ്ങുന്നത്.

കൊല്ലം നഗരത്തിന്റെ രൂപീകരണത്തിനുശേഷം നഗരത്തിനെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി എല്‍ഡിഎഫ് നേതൃത്വത്തിലുള്ള 2005-2010 ഭരണസമിതി നടപ്പാക്കിയ ആശ്രാമം-കപ്പലണ്ടിമുക്ക് നാലുവരി പാതയും നിലവിലുള്ള കൗണ്‍സിലിന്റെ നിരന്തരപരിശ്രമങ്ങളിലൂടെ നടപ്പാക്കിയ ചിന്നക്കട അടിപ്പാതയും ഇരുമ്പുപാലത്തിന്റെ സമാന്തര പാലവും നഗരത്തിന്റെ ശ്വാസംമുട്ടിക്കുന്ന കുരുക്ക് ഒഴിവാക്കുകയും നഗര ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുമാണ് ഉണ്ടാക്കിയത്. നഗരസഭയുടെ 55 ഡിവിഷനിലെയും ഭൂരിപക്ഷം റോഡുകളും സഞ്ചാരയോഗ്യമാണ്. ഭരണസമിതി കാലയളവില്‍ 100 കോടിയോളം രൂപയുടെ റോഡുപണി നടന്നിട്ടുണ്ട്. കൂടാതെ ഒമ്പതു കോടി രൂപ പൊതുമരാമത്ത് വകുപ്പില്‍നിന്ന് റോഡുകള്‍ക്ക് സ്പെഷ്യല്‍ പാക്കേജായി നേടിയെടുക്കുകയും ചെയ്തു.

ചേരിരഹിത പട്ടണമാക്കി കൊല്ലത്തെ മാറ്റാന്‍ കേന്ദ്ര ദാരിദ്ര്യ നിര്‍മാര്‍ജന ഭവനിര്‍മാണ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി. നഗരസഭ പരിധിയിലെ 102 ചേരികളില്‍ കഴിഞ്ഞുകൂടുന്ന 10865 കുടുംബങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ പദ്ധതിയിലൂടെ കഴിയും. എസ്എംപി പാലസിലെ 290 കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിക്ക് സെന്‍ട്രല്‍ സാങ്ഷനിങ് കമ്മിറ്റിയുടെ അംഗീകാരം നേടിയെടുക്കുകയും 20 കോടി 32 ലക്ഷം രൂപ പദ്ധതിക്കായി ലഭിക്കുകയും ചെയ്തു. അഞ്ചുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ജന്‍റം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ നഗരസഭയാണ് കൊല്ലം. 3750 കോടി രൂപയുടെ വികസന പദ്ധതികളാണ് നഗരസഭ സമര്‍പ്പിച്ചത്.

കപ്പലണ്ടിമുക്ക്-ആനന്ദവല്ലീശ്വരം എലിവേറ്റഡ് കോറിഡോര്‍, ഇരുമ്പുപാലം-താന്നി തീരദേശ റോഡ്, ഇരവിപുരം റെയില്‍വേ ഓവര്‍ബ്രിഡ്ജ്, താലൂക്ക് കച്ചേരിയിലും കടപ്പാക്കടയിലും അടിപ്പാത, മേവറം കല്ലുംതാഴം ഫുട്പാത്തും റെയിലിങ്സും, കരിക്കോട്-രാമന്‍കുളങ്ങര ജങ്ഷന്‍ വികസനം, കരിക്കോട്-ചിന്നക്കട, മേവറം-ശക്തികുളങ്ങര റോഡ് നവീകരണം, തെക്കേകച്ചേരിമുക്ക്-ലൈറ്റ് ഹൗസ് റോഡ് സൗന്ദര്യവല്‍ക്കരണം, പുന്തലത്താഴം മുതല്‍ ചെമ്മാന്‍മുക്ക് വരെ ഫുട്പാത്ത്, പള്ളിമുക്ക്-ഇരവിപുരം റോഡ് നവീകരണം ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ ജന്‍റം, നഗര റോഡ് വികസന പദ്ധതികളിലായി സമര്‍പ്പിച്ചിരിക്കുകയാണ്. വിശപ്പുരഹിത നഗരം, കരുതല്‍, നീര്‍ത്തട സംരക്ഷണപദ്ധതികള്‍ ഉള്‍പ്പെടെ നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി കൊല്ലം നഗരസഭ മാതൃകയായി.

നിലവില്‍ 55 വാര്‍ഡാണ് കൊല്ലം നഗരസഭ പരിധിയിലുള്ളത്. കക്ഷിനില: എല്‍ഡിഎഫ് 28. സിപിഐ എം-20, സിപിഐ-ഏഴ്, പിഡിപി-ഒന്ന്. യുഡിഎഫ്- കോണ്‍ഗ്രസ് 17, ആര്‍എസ്പി-എട്ട്, മുസ്ലിംലീഗ്-ഒന്ന്, ജെഎസ്എസ്-ഒന്ന്. എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകള്‍: സിപിഐ എം-വള്ളിക്കീഴ്, പുന്നത്താനം, പുന്നമൂട്, അറുന്നൂറ്റിമംഗലം, കരിക്കോട്, കോളേജ്, പാല്‍ക്കുളങ്ങര, മണക്കാട്, വാളത്തുംഗല്‍, ആക്കോലില്‍, ഇരവിപുരം, അയത്തില്‍, തെക്കേവിള, മുണ്ടയ്ക്കല്‍, താമരക്കുളം, കൈക്കുളങ്ങര, കച്ചേരി, തങ്കശേരി, രാമന്‍കുളങ്ങര, തിരുമുല്ലവാരം (സ്വതന്ത്ര). സിപിഐ- വടക്കുംഭാഗം, ഉളിയക്കോവില്‍, മങ്ങാട്, മുള്ളുവിള, വടക്കേവിള, ഭരണിക്കാവ്, പള്ളിത്തോട്ടം. പുതിയ വാര്‍ഡ് വിഭജനത്തില്‍ തൃക്കടവൂര്‍ പഞ്ചായത്ത് കൊല്ലം നഗരസഭയോട് ചേര്‍ന്നു. എന്നാല്‍, നഗരസഭ വാര്‍ഡുകളുടെ എണ്ണം കൂട്ടിയിട്ടില്ല. 55 തന്നെ. നിലവിലെ നഗരസഭ വാര്‍ഡുകളായ പുന്നത്തല, പുന്നത്താനം, മുള്ളുവിള, കൂട്ടിക്കട, രാമന്‍കുളങ്ങര എന്നീ വാര്‍ഡുകള്‍ വാര്‍ഡ് വിഭജനത്തില്‍ ഇല്ലാതായി. പുന്നത്തല വാര്‍ഡ് നിലവിലെ തങ്കശേരി വാര്‍ഡിലേക്കും പുന്നത്താനം ഉളിയക്കോവില്‍ ഈസ്റ്റിലേക്കും മുള്ളുവിള പാലത്തറയിലേക്കും കൂട്ടിക്കട വാളത്തുംഗലിലേക്കും രാമന്‍കുളങ്ങര ആലാട്ടുകാവ് ഡിവിഷനിലേക്കും കൂട്ടിച്ചേര്‍ക്കപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top