22 February Friday

കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2015

കണ്ണൂര്‍ > പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ (85) അന്തരിച്ചു. കണ്ണൂര്‍ ചെറുകുന്ന് ആശുപത്രിയില്‍ ഞായറാഴ്ച ഉചകഴിഞ്ഞായിരുന്നു അന്ത്യം. കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ചെയ്ത് ചുരുക്കം ചില പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പൊക്കുടന്‍.

യുനെസ്കോയുടെ പാരിസ്ഥിതികപ്രവര്‍ത്തന വിഭാഗം കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ പൊക്കുടന്റെ സംഭാവനകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീര്‍തറയില്‍ അരിങ്ങളെയന്‍ ഗോവിന്ദന്‍ പറോട്ടിയുടേയും കല്ലേല്‍വെള്ളച്ചിയുടേയും മകനായി 1937 ല്‍ ജനിച്ച പൊക്കുടന്‍ പതിനെട്ടാം വയസ്സില്‍ അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പിന്നീട് സി പി ഐ എം.പ്രവര്‍ത്തകനായ പൊക്കുടന്‍ കൃഷിക്കാര്‍ക്ക് വേണ്ടി ഏകെജി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജയില്‍ നിറക്കല്‍ സമരത്തിന്റെ ഭാഗമായുള്ള സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്.

ഏഴോം കര്‍ഷകത്തൊഴിലാളി സമരവും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി സമരങ്ങളിലും മറ്റ് പങ്കെടുത്തിട്ടുണ്ട്. പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് എണ്‍പതുകളുടെ അവസാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ശ്രദ്ധയര്‍പ്പിക്കുകയായിരുന്നു. ആദിവാസി ദളിതുകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് 2013ല്‍ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയില്‍ കരിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാര്‍ഡ്, എണ്‍വയോണ്‍മെന്റ് ഫോറം, കൊച്ചിയുടെ പിവി തമ്പി സ്മാരക പുരസ്കാരം,പരിസ്ഥിതി സംരക്ഷണസംഘം,ആലുവയുടെ ഭൂമിമിത്ര പുരസ്കാരം,കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം, മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എ വി അബ്ദുറഹ്മാന്‍ ഹാജി പുരസ്കാരം, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top