17 February Sunday

ഗാനരചയിതാവ് വെള്ളനാട് നാരായണന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2015

തിരുവനന്തപുരം > പ്രശസ്ത ഗാനരചയിതാവ് വെള്ളനാട് നാരായണന്‍ (73) അന്തരിച്ചു. ശനിയാഴ്ച രാത്രി 10.40നായിരുന്നു അന്ത്യം. അര്‍ബുദബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.

1980ല്‍ പുറത്തിറങ്ങിയ സരസ്വതീയാമം എന്ന ചിത്രത്തിലെ "നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍' എന്ന ഗാനമാണ് വെള്ളനാട് നാരായണനെ ഏറെ ശ്രദ്ധേയനാക്കിയത്. അമ്പതോളം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

നൃത്തനാടകരംഗത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഇരുനൂറിലധികം പുരാണ- നൃത്ത നാടകങ്ങള്‍ രചിച്ചു. കൃഷ്ണായനം, ചിലപ്പതികാരം, അനന്തപത്മനാഭന്‍ തുടങ്ങിയ നാടകങ്ങള്‍ ശ്രദ്ധേയം. നാടകരചനയിലൂടെയാണ് കലാരംഗത്തെ തുടക്കം. വെള്ളനാട് പബ്ലിക് ലൈബ്രറിയും മിത്രാനികേതന്‍ ബാലസമാജവുമാണ് കലാരംഗത്ത് തുടക്കത്തില്‍ പ്രോത്സാഹനം നല്‍കിയത്. ക്ലാസിക് നോവലുകളും തെലങ്കാനസമരവും ഇതിവൃത്തമാക്കി കഥാപ്രസംഗങ്ങളും രചിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ പഠനത്തിനുശേഷം തിരുവനന്തപുരം എംജി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടി.

സഹൃദയ കലാസമിതിക്കുവേണ്ടി അര്‍ഥാന്തരം, ആദിത്യഹൃദയം, ശൂര്‍പ്പണഖാശപഥം തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. നാടകങ്ങളുടെ ജനപ്രീതി കുറഞ്ഞുവന്ന ഘട്ടത്തിലാണ് അവളെന്റെ സ്വപ്നം&ൃെൂൗീ; എന്ന ചിത്രത്തിന് തിരക്കഥയെഴുതാനായി സിനിമയിലെത്തുന്നത്. ഈ ചിത്രം റിലീസായില്ലെങ്കിലും "സരസ്വതീയാമ'ത്തിന്റെ തിരക്കഥയും ഗാനങ്ങളും എഴുതാനുള്ള ക്ഷണം ലഭിച്ചു. ഇതിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകന്‍ ശശികുമാറിനുവേണ്ടി പൗരുഷം എന്ന ചിത്രത്തിന് കഥയെഴുതി.

പിന്നീട് വെളിച്ചമില്ലാത്ത വീഥി എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ എഴുതി. ജല അതോറിറ്റിയിലായിരുന്നു ജോലി. വിരമിച്ചശേഷവും കലാരംഗത്ത് സജീവമായിരുന്നു. മൂക്കുത്തി എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി ഗാനരചന നിര്‍വഹിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണംചെയ്ത ദേവീമാഹാത്മ്യത്തിന്റെ തിരക്കഥയെഴുതി. 1998ല്‍ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിന് അര്‍ഹനായി. വെള്ളനാട് കരുണാസായി റോഡിലെ "വസന്ത'ത്തിലായിരുന്നു താമസം. ഭാര്യ: വസന്ത, മക്കള്‍: ബാലമുരളി, ചിത്രമോഹന്‍, ശ്രീകല. മരുമക്കള്‍: സുരേഷ്, സിന്ധു, ഷിജി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top